വെള്ളപ്പൊക്കത്തിലും ഉരുൽപൊട്ടലിലും കാണാതായി പോയവരെ കണ്ടെത്താൻ സഹായഹസ്തം നീട്ടി ഗൂഗിൾ പേഴ്സൺ ഫൈൻഡർ. ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് ടീം ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ പെട്ട് കാണാതായ​ ആളുകളെ കണ്ടെത്താനും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും സഹായിക്കുന്ന ഒരു ടൂളാണ് ഗൂഗിൾ പേഴ്സൺ ഫൈൻഡർ.

പ്രളയക്കെടുതിയിൽപ്പെട്ട് കേരളത്തിലെ പല ജില്ലകളിലായി മരിച്ചവരുടെ എണ്ണം ഇതിനകം നൂറുകഴിഞ്ഞു. ആയിരങ്ങളാണ് ആലുവയിലും പത്തനംതിട്ടയിലും ചെങ്ങന്നൂരുമൊക്കെ ഒറ്റപ്പെട്ടു കിടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിനൊപ്പം നിന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന ഗൂഗിളിന്റെ ഈ സൗകര്യം ജനങ്ങൾ ഏറെ ആശ്വാസകരമായാണ് നോക്കി കാണുന്നത്.

എങ്ങനെ ഉപയോഗിക്കാം:

ഈ ടൂൾ കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിലും മൊബൈലിലും ഉപയോഗിക്കാം. ഗൂഗിൾ പേഴ്സൺ ഫൈൻഡർ ലോഗ് ചെയ്ത് നിങ്ങള്‍ തിരയുന്ന വ്യക്തിയുടെ പേര് നല്‍കിയാല്‍ അവരെ ഗൂഗിളിന്‍റെ തിരഞ്ഞ് തരും. നമ്മൾ സെർച്ച് ചെയ്യുന്ന പേരുമായി യോജിക്കുന്ന, ലഭ്യമായ എല്ലാ ഡാറ്റകളും കിട്ടും.

ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ ഏറെപ്പേർ ഈ ടൂൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിങ്ങൾ തിരയുന്ന വ്യക്തിയുടെ വിവരങ്ങൾ കണ്ടെത്തുന്നതിനൊപ്പം തന്നെ, കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനും സാധിക്കും. അതിനായി കാണാതായ വ്യക്തിയുടെ പേരും ലഭ്യമായ വിവരങ്ങളും നൽകിയാൽ മതി. ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങളും ആര്‍ക്കുവേണമെങ്കിലും സെര്‍ച്ച് ചെയ്യാവുന്ന തരത്തിലാണ് ഈ ടൂൾ ഒരുക്കിയിരിക്കുന്നത്.

ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡറിന്റെ ലിങ്ക്: //google.org/personfinder/2018-kerala-flooding

2010 ൽ ആയിരങ്ങൾ കൊല്ലപ്പെട്ട ഹെയ്തിയിലെ ഭൂകമ്പത്തിന് ശേഷം ഗൂഗിളിലെ എൻജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണിത്. ഭൂകമ്പത്തിൽ അകപ്പെട്ടവരെ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കാൻ അന്നേറെ സഹായകരമായൊരു ആപ്ലിക്കേഷൻ​​ കൂടിയായിരുന്നു ഗൂഗിള്‍ പേഴ്സണ്‍ ഫൈൻഡർ.

പിന്നീട് 2013 ൽ കാനഡയിൽ ആല്‍ബര്‍ട്ട പ്രളയം (ജൂണ്‍ 22), അമേരിക്കയിൽ ഒക്‌ലഹോമ ടൊര്‍ണാഡോ (മെയ് 24), ബോസ്റ്റണ്‍ ബോംബിങ് (ഏപ്രില്‍ 15), ഇന്തോനേഷ്യയിൽ ജക്കാര്‍ത്ത പ്രളയം (ജനുവരി 17), 2013ലെ ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ദുരന്തങ്ങളുണ്ടായപ്പോൾ ഗൂഗിൾ ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു.

2013 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കസമയത്താണ് ഇന്ത്യയ്ക്ക് ഈ സേവനം ആദ്യമായി ലഭിച്ചത്. അമേരിക്കയിൽ 2005ൽ കത്രീന കൊടുങ്കാറ്റ് ഉണ്ടായപ്പോള്‍ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍ വികസിപ്പിച്ച പീപ്പിള്‍ ഫൈന്‍ഡര്‍ ഇന്റര്‍‌ചേഞ്ച് ഫോര്‍മാറ്റാണ് (PFIF) ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍‌ഡറിൽ ഉപയോഗിക്കുന്നത്.

ക്രൈസിസ് റെസ്പോൺസ് പേജ്

ഫെയ്സ്ബുക്കും സമാനമായ സുരക്ഷാസൗകര്യങ്ങളുമായി ക്രൈസിസ് റെസ്പോൺസ് പേജ് ആരംഭിച്ചിട്ടുണ്ട്. ലോകത്താകമാനം 1.47 ബില്യൺ ഉപഭോക്താക്കൾ ഉള്ള ഫെയ്സ്ബുക്കിന് ഇന്ത്യയിൽ മാത്രം 270 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്. ​രാജ്യത്തെതന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന്റെ ക്രൈസിസ് റെസ്‌പോൺസ് പേജിൽ വിവിധ വാർത്താ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വെള്ളപ്പൊക്ക വാർത്തകൾ, വീഡിയോകൾ എന്നിവയെല്ലാം ശേഖരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. സർക്കാരും മാധ്യമങ്ങളും സര്‍ക്കാരിതര സംഘടനകളുമെല്ലാം ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ നൽകുന്നുണ്ട്. മുൻപ് കേരളത്തിനു വേണ്ടി സേഫ്റ്റി ചെക്കർ സേവനവും ഫെയ്സ്ബുക്ക് നൽകിയിരുന്നു.​ ആറു ദിവസം മുൻപ് ആരംഭിച്ച സേഫ്റ്റി ചെക്കർ ഉപയോഗിച്ച് ഇപ്പോഴും ആളുകൾ തങ്ങൾ സുരക്ഷിരാണെന്ന് മാർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്.

ഫെയ്സ്ബുക്ക് സേഫ്റ്റി ചെക്കിനെ കുറിച്ച് കൂടുതൽ വായിക്കാം

കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും കാരണം കാസർക്കോട് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് പുതിയ ടെക്നോളജികൾ ഓഫർ ചെയ്യുന്ന ഈ സംവിധാനങ്ങളെല്ലാം ഫലപ്രദമായി തന്നെ ഉപയോഗപ്പെടുത്തുകയാണ് ഉപയോക്താക്കൾ.

വെള്ളപ്പൊക്കത്തിൽ വീടുകളും കെട്ടിടങ്ങളും തകർന്നു വീഴുകയും റോഡ്- ട്രെയിൻ ഗതാഗതം താറുമാറാകുകയും, കൊച്ചി രാജ്യാന്തര എയർപോർട്ട് താൽക്കാലികമായി അടക്കുകയും ചെയ്ത രൂക്ഷമായ സാഹചര്യത്തിൽ ഏറെപ്പേർക്ക് ആശ്വാസമാവുന്നുണ്ട് ഇത്തരം സംവിധാനങ്ങൾ.

ഡൊണേറ്റ് പ്രൊഡക്റ്റ് ക്യാംപെയിനുമായി ആമസോണും

ആമസോൺ ഇന്ത്യയും ദേശീയ- സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഡിസാസ്റ്റർ കോർഡിനേഷൻ കമ്മിറ്റികളുമായി ചേർന്ന് പ്രളയബാധിത പ്രദേശത്ത് താമസിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എൻ ജി ഒകൾക്ക് അവശ്യവസ്തുക്കൾ ഡൊണേറ്റ് ചെയ്യാനുള്ള സംവിധാനമാണ് ആമസോൺ ഇന്ത്യ ഒരുക്കുന്നത്.

ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റായ www.amazon.in സന്ദർശിച്ചാൽ ഡൊണേറ്റ് പ്രൊഡക്റ്റ് ക്യാംപെയിൻ ലിങ്ക് കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook