ബെംഗളൂരു: ആപ്പിൾ കന്പനിയുടെ ഇന്ത്യയിലെ ആദ്യ നിർമ്മാണ യൂണിറ്റ് ബെംഗലൂരുവിൽ സ്ഥാപിക്കുന്നതിന് സ്വാഗതമറിയിച്ച് കർണാടക സർക്കാർ. സംസ്ഥാനത്തെ സാങ്കേതിക രംഗത്തിന്റെ വളർച്ചയ്‌ക്കും വികാസത്തിനും ഏറെ സഹായകരമാകുന്നതാണ് പദ്ധതിയെന്ന് മന്ത്രിസഭയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഐ ഫോൺ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പ്രിയ ബാലസുബ്രഹ്മണ്യം, മുതിർന്ന ഉദ്യോഗസ്ഥരായ അലി ഖനാഫർ, ദീരജ് ചഗ്, പ്രിയേഷ് പൊവന്ന എന്നിവർ സംസ്ഥാന മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ബെംഗലൂരുവിൽ നിന്നും വിതരണ ശൃംഖല വികസിപ്പിക്കാനും രാജ്യത്തെന്പാടും കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാനുമാണ് ആപ്പിൾ കന്പനി ആലോചിക്കുന്നത്.

ടെക്നോളജി രംഗത്ത് വലിയ മാറ്റങ്ങളാവും ആപ്പിളിന്റെ കടന്നുവരവോടെ രാജ്യത്ത് ഉണ്ടാവുകയെന്നാണ് കർണാടക സർക്കാർ പ്രതീക്ഷിക്കുന്നത്. ആപ്പിന്റ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾക്ക് കേന്ദ്രസർക്കാരും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സ്മാർട്ഫോണുകളുടെ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ 15 വർഷത്തേക്ക് നീക്കുന്നത് അഠക്കം സുപ്രധാന നികുതിയിളവുകൾക്കാണ് ആപ്പിൾ കന്പനി അപേക്ഷിച്ചിട്ടുള്ളത്.

ആപ്പിളിന്റെ കൂടി കടന്നുവരവോടെ ബെംഗളൂരു വിദേശ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഇന്ത്യൻ നഗരമായി കൂടി മാറും. ആപ്പിൾ ഉൾപ്പടെ ഏത് വിദേശ കന്പനിക്കും കർണാടകയിൽ പരമാവധി സഹായം നൽകാൻ ശ്രമിക്കുമെന്ന് പത്രക്കുറിപ്പിൽ സംസ്ഥാനം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മേയ്‌ക്ക് ഇൻ ഇന്ത്യ കാംപെയ്നിന്റെ ഭാഗമായാണ് ആപ്പിൾ കന്പനി ഇന്ത്യയിൽ സ്മാർട്ഫോൺ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook