റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിയോഫോണിലെ പ്രധാന പരിമിതികളിലൊന്ന് അതില്‍ ജനപ്രിയ ആപ്പുകളായ ഫെയ്‌സ്ബുക്കും യൂട്യൂബും വാട്‌സ്ആപ്പും ഒന്നും ലഭിക്കുന്നില്ല എന്നതായിരുന്നു. കായ് ഓഎസിന് വേണ്ടിയുള്ള ഈ ആപ്പുകളുടെ പതിപ്പ് നിലവിലുണ്ടായിരുന്നില്ല എന്നതായിരുന്നു ഇതിന് കാരണം.

എന്നാൽ പിന്നീട് വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഗൂഗിൾ മാപ്പും ജിയോഫോണിൽ സ്ഥാനം പിടിച്ചപ്പോഴും യുട്യൂബ് മാത്രം ലഭ്യമായിരുന്നില്ല. ഒടുവിൽ ഉപഭോക്താക്കളുടെ ഈ അവശ്യത്തിനും പരിഹാരം കണ്ടിരിക്കുകയാണ് ജിയോ. ഇനി മുതൽ ജിയോ ഫോണിലും യുട്യൂബ് ലഭ്യമാകും.

ജിയോ സ്റ്റോറിൽ നിന്നും ഉപഭോക്താക്കൾക്ക് യുട്യൂബ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ശേഷം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ യുട്യൂബ് വീഡിയോകൾ കാണം. എന്നാൽ പുതിയ കായ് ഓഎസ് പതിപ്പിലുള്ള ഫോണുകളിൽ മാത്രമേ യുട്യൂബ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ.

നിങ്ങളുടെ ഫോണിൽ കായ് ഓഎസിന്റെ പുതിയ പതിപ്പ് അപ്പ്ഡേറ്റ് ചെയ്യാൻ സെറ്റിങ്സ് എടുത്ത ശേഷം ഡിവൈസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സോഫ്റ്റ്‌വെയർ അപ്ഡേറ്റിൽ ക്ലിക്ക് ചെയ്‍താൽ കായ് ഓഎസിന്റെ പുതിയ പതിപ്പിലേക്ക് ഫോൺ മാറും.

ആൺഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന അതെ യുട്യൂബ് അനുഭവം തന്നെയാകും ജിയോ ഫോണിലും ലഭ്യമാകുക. എന്നാൽ ഇൻകോഗിനേറ്റോ മോഡും ഒഫ്‍ലൈൻ വീഡിയോകൾ കാണാനുള്ള സൗകര്യവും ഫോണിൽ ഉണ്ടാകില്ല.

കഴിഞ്ഞ വർഷമാണ് ജിയോ ആദ്യ ഫോൺ പുറത്തിറക്കുന്നത്. 2018 ജൂലൈയിൽ ജിയോ ഫോണിന്റെ രണ്ടാം പതിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്താകമാനം 25 ദശലക്ഷം ജിയോ ഫോൺ ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ ഫീച്ചറുകളും എത്തിയതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook