ഇ കോമേഴ്സ് രംഗത്ത് ജിയോ മാർട്ടിലൂടെ ചുവടുറപ്പിക്കുകയാണ് റിയൻസ്. കഴിഞ്ഞ മാസം മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും പ്രവർത്തനം ആരംഭിച്ച ജിയോ മാർട്ട് ഇപ്പോൾ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഔദ്യോഗികമായി തന്നെ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ വെബ് വേർഷനിലാണെങ്കിലും മൊബൈൽ പതിപ്പും എത്രയും വേഗം തന്നെ എത്തുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ജിയോ മാർട്ടിൽ നിന്ന് പലചരക്ക് സാധനങ്ങളും ദൈനംദിന അവശ്യവസ്തുക്കളും വാങ്ങുന്നതിന്, നിങ്ങളുടെ പിൻ കോഡ് നൽകി നിങ്ങളുടെ പ്രദേശത്ത് സേവനം ലഭ്യമാണോ എന്ന് നിങ്ങൾ ആദ്യം പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി സേവനം ലഭ്യമാകത്ത സ്ഥലങ്ങളുണ്ടെങ്കിലും വൈകാതെ തന്നെ എല്ലായിടത്തും ജിയോ മാർട്ട് എത്തും. ജിയോ സിമ്മിലൂടെ ടെലികോം രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് റിലയൻസ് ജിയോ മാർട്ടിലൂടെ ഇ കോമേഴ്സിലും എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്ന് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.

50,000 ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ്യ ഉൽപന്നങ്ങൾ ജിയോ മാർട്ട് വഴി ലഭ്യമാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാർജ് ഈടാക്കില്ല, കുറഞ്ഞ ഓർഡർ തുകയുടെ നിബന്ധനകളില്ല, പെട്ടെന്ന് ഉൽപന്നം വീട്ടിലെത്തിക്കും എന്നിവയാണ് ജിയോ മാർട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് വാഗ്ദാനങ്ങൾ.

മറ്റ് ഇ-കൊമേഴ്സ് സേവനങ്ങളിലേതിനേക്കാൾ മികച്ച ഓഫറുകളാണ് തങ്ങൾ ലഭ്യമാക്കുകയെന്നും വിറ്റ ഉൽപന്നങ്ങൾ ഒരു ചോദ്യവും ചോദിക്കാതെ തിരിച്ചെടുക്കുമെന്നും ഉപഭോക്താക്കളുടെ സമ്പാദ്യശീലം മറ്റെന്നുമില്ലാത്ത വിധത്തിൽ മെച്ചപ്പെടാൻ തങ്ങളുടെ സേവനം സഹായകമാവുമെന്നും ജിയോ മാർട്ട് അവകാശപ്പെടുന്നു.

ജിയോ മാർട്ട്- വാട്സ്ആപ്പ് ബിസിനസ് സഹകരണത്തിലൂടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ സ്ഥാപനങ്ങൾക്ക് ഷോപ്പിങ്ങിനും, ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും ഉൽപന്നങ്ങൾക്ക് പണം ഈടാക്കുന്നതിനും ഏകീകൃത പ്ലാറ്റ്ഫോം ലഭ്യമാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook