രാജ്യത്തെ പ്രമുഖ ഇ കോമേഴ്സ് സ്ഥാപനങ്ങളോട് മത്സരിക്കാൻ ജിയോയും. ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ സ്ഥാപനങ്ങൾക്കൊപ്പം ജിയോ മാർട്ട് ആപ്ലിക്കേഷനും ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമായി. നേരത്തെ വെബ്സൈറ്റ് മാതൃകയിൽ പരീക്ഷിച്ചതിന് ശേഷമാണ് ജിയോ ആപ്ലിക്കേഷനും പുറത്തിറക്കിയിരിക്കുന്നത്. ടെക് ഭീമന്മാരായ ഫെയ്സ്ബുക്കും പങ്കാളികളായതിന് പിന്നാലെയാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ജിയോ മാർട്ട് കമ്പനി പ്രഖ്യാപിക്കുന്നത്. എന്നാൽ ആപ്ലിക്കേഷൻ രൂപത്തിൽ സേവനം ലഭ്യമാകുന്നത് ഇപ്പോഴാണ്.
രാജ്യത്തെ 200ലധികം നഗരങ്ങളിലാണ് ജിയോ മാർട്ട് വെബ്സൈറ്റ് (jiomart.com) പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിച്ചത്. ജിയോ മാർട്ട് ആപ്ലിക്കേഷനിലേക്ക് എത്തുമ്പോൾ കുറച്ചുകൂടെ ഉപഭോക്തൃ സൗഹൃദമാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് നിലവിലുള്ള ഇ കോമേഴ്സ് സൈറ്റുകളുടെ പ്രവർത്തനങ്ങളിൽ സ്വാധീനമുണ്ടാക്കാൻ എന്തായാലും ജിയോ മാർട്ടിന് സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Also Read: ഇനി 3ഡി ക്ലാസ്റൂമിലിരുന്ന് പഠിക്കാം; വീഡിയോ കോളിങ്ങിന് ജിയോ ഗ്ലാസ് വരുന്നു
“ദശലക്ഷക്കണക്കിന് ഇന്ത്യൻ ചെറുകിട വ്യാപാരികൾക്ക് വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കളെ കടകളുമായി പരിധിയില്ലാതെ ഇടപാട് നടത്തുന്നതിനും ജിയോമാർട്ടും വാട്ട്സ്ആപ്പും ചേർന്ന് പ്രവർത്തിക്കും,” റിലയൺസിന്റെ കഴിഞ്ഞ എജിഎമ്മിൽ മുകേഷ് അംബാനി പറഞ്ഞ വാക്കുകളാണിത്.
Also Read: സ്വന്തമായി 5ജി സാങ്കേതിക വിദ്യ വികസിപ്പിച്ച് ജിയോ; മെയ്ഡ് ഇന് ഇന്ത്യയെന്ന് മുകേഷ് അംബാനി
ജിയോ മാർട്ടിൽ നിന്ന് പലചരക്ക് സാധനങ്ങളും ദൈനംദിന അവശ്യവസ്തുക്കളും വാങ്ങുന്നതിന്, നിങ്ങളുടെ പിൻ കോഡ് നൽകി നിങ്ങളുടെ പ്രദേശത്ത് സേവനം ലഭ്യമാണോ എന്ന് നിങ്ങൾ ആദ്യം പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി സേവനം ലഭ്യമാകത്ത സ്ഥലങ്ങളുണ്ടെങ്കിലും വൈകാതെ തന്നെ എല്ലായിടത്തും ജിയോ മാർട്ട് എത്തും. ജിയോ സിമ്മിലൂടെ ടെലികോം രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് റിലയൻസ് ജിയോ മാർട്ടിലൂടെ ഇ കോമേഴ്സിലും എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്ന് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.
Also Read: ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിൾ
50,000 ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ്യ ഉൽപന്നങ്ങൾ ജിയോ മാർട്ട് വഴി ലഭ്യമാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാർജ് ഈടാക്കില്ല, കുറഞ്ഞ ഓർഡർ തുകയുടെ നിബന്ധനകളില്ല, പെട്ടെന്ന് ഉൽപന്നം വീട്ടിലെത്തിക്കും എന്നിവയാണ് ജിയോ മാർട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് വാഗ്ദാനങ്ങൾ. മറ്റ് ഇ-കൊമേഴ്സ് സേവനങ്ങളിലേതിനേക്കാൾ മികച്ച ഓഫറുകളാണ് തങ്ങൾ ലഭ്യമാക്കുകയെന്നും വിറ്റ ഉൽപന്നങ്ങൾ ഒരു ചോദ്യവും ചോദിക്കാതെ തിരിച്ചെടുക്കുമെന്നും ഉപഭോക്താക്കളുടെ സമ്പാദ്യശീലം മറ്റെന്നുമില്ലാത്ത വിധത്തിൽ മെച്ചപ്പെടാൻ തങ്ങളുടെ സേവനം സഹായകമാവുമെന്നും ജിയോ മാർട്ട് അവകാശപ്പെടുന്നു.