ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം തുടരുകയാണ് റിലയൻസ് ജിയോ. 2016 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ്. മൊബൈൽ ബ്രോഡ്ബാൻഡ് ഡേറ്റ ഉപയോഗത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയിൽ എത്തിച്ചിട്ടുണ്ട്.

കുറഞ്ഞ നിരക്കിൽ സൗജന്യ ഡാറ്റയും കോളുകളും എസ്എംഎസുകളും ആണ് റിലയൻസ് ജിയോയുടെ സവിശേഷത. വളരെ കുറഞ്ഞ കാലയളവിൽ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയെടുത്ത ജിയോയുടെ ആശയത്തിനു പിന്നിൽ തന്റെ മകൾ ഇഷ അംബാനിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി.

”2011 ൽ മകൾ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവൾ യുഎസ്സിൽ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവൾക്ക് കുറച്ച് കോഴ്സ്‌വർക്കുകൾ പൂർത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റർനെറ്റ് ഉപയോഗിച്ചാണ് അവൾ വർക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റർനെറ്റ് വളരെ മോശമാണെന്ന് അവൾ എന്നോട് പറഞ്ഞു”, അംബാനി ആ നിമിഷം ഓർത്തെടുത്തു.

ഇഷയുടെ സഹോദരൻ ആകാശ് എന്നോട് ആ സമയം മറ്റൊരു കാര്യം പറഞ്ഞു. ”പഴയ കാലത്ത് ടെലികോം ശബ്ദം ആയിരുന്നു, കോളുകൾക്കായി ജനങ്ങൾ പണം ചെലവഴികുമായിരുന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്. ഇഷയും ആകാശും ഇന്ത്യയുടെ പുതുതലമുറക്കാരാണ്. അവർ രണ്ടുപേരുമാണ് ഇന്നത്തെ യുഗത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റാണ് എല്ലാമെന്നും ഇന്ത്യ അതിൽ പുറകിലാകാൻ പാടില്ലെന്നും എന്നെ ചിന്തിപ്പിച്ചത്”, അംബാനി പറഞ്ഞു.

”ആ സമയത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഡാറ്റ ഉപയോഗിക്കാൻ ജനങ്ങൾ വലിയ തുക മുടക്കണം. ഭൂരിഭാഗം ജനങ്ങൾക്ക് അത് താങ്ങാനാവുന്നതായിരുന്നില്ല. അങ്ങനെയാണ് കുറഞ്ഞ നിരക്കിൽ അതിവേഗ ഡേറ്റ ജനങ്ങൾക്ക് എങ്ങനെ നൽകാമെന്ന് ഞാൻ ചിന്തിച്ചത്. അതാണ് 2016 സെപ്റ്റംബറിൽ ജിയോ ലോഞ്ചിലേക്ക് നയിച്ചത്” അംബാനി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook