മുംബൈ: 5ജിയില്‍ അധിഷ്ഠിതമായ വൈഫൈ സേവനങ്ങള്‍ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇന്നു മുതല്‍ അവതരിപ്പിപ്പിച്ച് റിലയന്‍സ് ജിയോ. 5ജി ഉപകരണങ്ങളോ 5ജി സിമ്മോ ഇല്ലാത്തവര്‍ക്ക് 5ജി സ്പീഡ് എത്തിക്കുകയാണു ജിയോയുടെ ലക്ഷ്യം. സ്മാര്‍ട്ട്ഫോണുള്ള ആര്‍ക്കും വൈഫൈ സേവനം ലഭ്യമാവും.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി തുടങ്ങിയ നഗരങ്ങളില്‍ ഒക്‌ടോബര്‍ അഞ്ചു മുതല്‍ ജിയോ ട്രൂ 5 ജി സേവനം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു ജിയോ ട്രൂ 5ജി വൈഫൈ സേവനം ആരംഭിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജിയോ 5ജി വൈഫൈ സേവനം ലഭ്യമാകും.
രാജസ്ഥാനിലെ നാഥ്ദ്വാരയെ ജിയോ ട്രൂ 5 ജി വൈഫൈ സേവനത്തില്‍ ഉള്‍പ്പെടുത്തിയതായും അടുത്ത മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളില്‍ സേവനം ലഭ്യമാകുമെന്നു പതീക്ഷിക്കുന്നതായും റിലയന്‍സ് അറിയിച്ചു.
”5ജി എന്നതു സവിശേഷാധികാരമുള്ള ചുരുക്കം ചിലര്‍ക്കോ നമ്മുടെ ഏറ്റവും വലിയ നഗരങ്ങളിലുള്ളവര്‍ക്കോ ഉള്ള ഒരു പ്രത്യേക സേവനമായി തുടരാനാവില്ല. ഇത് എല്ലാ പൗരന്മാര്‍ക്കും എല്ലാ വീടിനും ഇന്ത്യയിലുടനീളമുള്ള എല്ലാ ബിസിനസിനും ലഭ്യമാവണം. ജിയോ ട്രൂ 5ജി ഓരോ ഇന്ത്യക്കാരനെയും പ്രാപ്തരാക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണിത്,” റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ജിയോ ട്രൂ 5ജിയുടെ പരീക്ഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചു. ചെന്നൈയില്‍ ദീപാവലി ദിവസം സേവനം ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
ജിയോ ട്രൂ 5ജി ഒരു ഒറ്റപ്പെട്ട നെറ്റ്വര്‍ക്ക് (നിലവിലുള്ള 4ജി ഇന്‍ഫ്രാസ്ട്രക്ചറിനെ ആശ്രയിക്കാത്ത ഒന്ന്) ആയതിനാല്‍ ശരിയായ സോഫ്റ്റ്വെയര്‍ പിന്തുണയില്ലാത്തതു മൂലം 5ജി എസ്എ സേവനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കാരണം നിരവധി 5ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാനാകുന്നില്ല.
ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ ഫോണ്‍ നിര്‍മാതാക്കള്‍ അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 5ജി-റെഡി ഒ ടി എ (ഓവര്‍-ദി-എയര്‍) അപ്ഡേറ്റുകള്‍ പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്നു, അതേസമയം മറ്റൊരു ബ്രാന്‍ഡായ നത്തിങ് ഈ സംവിധാനം ഇതിനകംഫ നത്തിങ് ഫോണ്‍ 1ന് ആയി പുറത്തിറക്കിയിട്ടുണ്ട്. ജിയോ ട്രൂ 5ജിയെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ആദ്യ ഫോണ്‍ ആവുമിത്.