മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച റിലയൻസ് ജിയോയുടെ ന്യൂ ഇയർ ഓഫർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2018 മാർച്ച് 31 വരെയാണ് ജിയോ അൺലിമിറ്റഡ് ഓഫർ നീട്ടിയത്. ഈ വർഷം ഏപ്രിൽ ഒന്നു മുതലാണ് ജിയോയുടെ പുതിയ താരിഫ് പ്ലാൻ പ്രാബല്യത്തിൽ വരിക. ജിയോ വരിക്കാർക്ക് ഇന്ത്യയ്‌ക്ക് അകത്ത് എല്ലാ വോയ്‌സ് കോളുകളും സൗജന്യമായി തുടരും. ഇതിനായി റോമിങ് ചാർജ് ഈടാക്കില്ലെന്നും റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ മുകേഷ് അംബാനി അറിയിച്ചു. 2017 മാർച്ച് 31 വരെയായിരുന്നു നേരത്തെ സൗജന്യ ഓഫർ പ്രഖ്യാപിച്ചിരുന്നത്.
ജിയോയുടെ പ്രൈം വരിക്കാരാകാനുളള കാലാവധി മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ ജിയോ വരിക്കാരായിട്ടുളളവർക്കും പുതിയതായി മാർച്ച് 31വരെ വരിക്കാരാകുന്നവർക്കും 4 ജി സേവനം ലഭ്യമാകാൻ 99 രൂപയ്‌ക്ക് ഒരു വർഷത്തേക്കുളള പ്ലാൻ സബ്‌സ്ക്രൈബ് ചെയ്യണം. ജിയോ പ്രൈം വരിക്കാർക്ക് ഇപ്പോൾ 4 ജി സേവനം ലഭിക്കുന്ന അൺലിമിറ്റഡ് ന്യൂ ഇയർ ഓഫർ ഏപ്രിൽ ഒന്നു മുതൽ എല്ലാ മാസവും 303 രൂപ അടച്ച് ഒരു വർഷത്തേക്ക് തുടരാം. അതായത് ഒരു ദിവസം 10 രൂപ നിരക്കിലാകും ഇത്. ജിയോ പ്രൈം വരിക്കാർക്കുളള മറ്റ് പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും മൈ ജിയോ ആപ്പിലൂടെ ഇവ ലഭ്യമാകുമെന്നും മുകേഷ് അംബാനി അറിയിച്ചു.
On all of Jio’s tariff plans, all domestic voice calls to any network will always remain FREE. #100MillionOnJio
— Reliance Jio (@reliancejio) February 21, 2017
2017 അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ 99 ശതമാനവും ജിയോ നെറ്റ്‌വർക്ക് ആകുമെന്നും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ജിയോ ഉണ്ടാകുമെന്നും അംബാനി പറഞ്ഞു. വരും മാസങ്ങളിൽ ജിയോ നെറ്റ്‌വർക്ക് ഇരട്ടിയാകുമെന്നും അംബാനി കൂട്ടിച്ചേർത്തു. എല്ലാ ദിവസവും എല്ലാ സെക്കന്റിലും ഏഴ് വരിക്കാർ വരെ തങ്ങൾക്കുണ്ടാകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മൈ ജിയോ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ വരിക്കാർക്ക് പണമടച്ച് സബ്സ്ക്രൈബ് ചെയ്യാം. ജിയോ സ്റ്റോറുകളിലും ഇതിന് സൗകര്യമുണ്ട്. വെറും 170 ദിവസങ്ങൾക്കുളളിൽ ജിയോ സേവനം 100 ദശലക്ഷം കടന്നുവെന്ന് അംബാനി അവകാശപ്പെട്ടു. അടുത്ത വർഷം മാർച്ച് 31 വരെ ജിയോ പ്രൈം വരിക്കാർക്ക് നിരവധി ആപ്പുകൾ അടങ്ങിയ ജിയോ മീഡിയ ബൊക്കെ സേവനങ്ങളും സൗജന്യമാണ്. ജിയോ പ്ലേ, ജിയോ ഓൺ ഡയമണ്ട്, ജിയോ ബീറ്റ്സ്, ജിയോ എക്‌സ്പ്രസ് ന്യൂസ്, ജിയോ ഡ്രൈവ്, ജിയോ സെക്യൂരിറ്റി എന്നിവയടങ്ങുന്നതാണ് ജിയോ മീഡിയ ബൊക്കെ.
സെപ്‌റ്റംബർ അഞ്ചിനാണ് ജിയോ സേവനം ആരംഭിച്ചത്. വെറും അഞ്ച് മിനുട്ടിനുളളിൽ തന്നെ സിം ആക്‌ടിവേറ്റ് ആകുമെന്നാണ് റിലയൻസ് അവകാശപ്പെടുന്നത്. അവതരിപ്പിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ വരിക്കാരുടെ എണ്ണത്തിൽ ജിയോ ലക്ഷ്യം കണ്ടെന്നാണ് സൂചന.