ന്യൂഡല്‍ഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച് രംഗത്തു വന്ന റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് ഓഫർ കമ്പനി വീണ്ടും നീട്ടി. ഇന്ന് ഓഫറുകള്‍ അവസാനിക്കാനിരിക്കെയാണ് ഏപ്രില്‍ 15 വരെ സൗജന്യ സേവനം തുടരുമെന്ന് ജിയോ അറിയിച്ചത്.

മാത്രമല്ല ഏപ്രില്‍ 15ന് മുമ്പ് 303 രൂപയോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്താല്‍ ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറും ലഭ്യമാക്കുന്നുണ്ട്. ഇത് പ്രകാരം റീച്ചാര്‍ജ് ചെയ്താല്‍ നിലവിൽ റിലയൻസ് നൽകുന്ന സൗജന്യങ്ങൾ മൂന്ന് മാസത്തേക്ക് കൂടി ആസ്വദിക്കാം. അതായത് ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും

ജിയോയിൽ അംഗത്വമെടുത്ത ആദ്യ ഉപയോക്താക്കൾക്ക് ഹാപ്പി ന്യൂ ഇയർ ഓഫറിൽ തുടരാനായി മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഈ കാലാവധിയാണ് മണിക്കൂറുകൾക്കുളളിൽ അവസാനിക്കാനിരിക്കെ കമ്പനി നീട്ടിയത്. ഇതുവരെ സിം എടുക്കാത്തവര്‍ക്കും നിലവിലെ വരിക്കാര്‍ക്കും പ്രൈം അംഗത്വം എടുക്കാനാണ് 15 ദിവസം കൂടി നീട്ടിയതെന്ന് കമ്പനി അറിയിച്ചു. സേവനം ഇടമുറിയാതെ ലഭ്യമാക്കാനാണ് വരിക്കാര്‍ക്ക് വീണ്ടും സമയം നല്‍കുന്നതെന്ന് ജിയോ വ്യക്തമാക്കുന്നു.

ജിയോ ഉപയോക്താക്കളായിരുന്നവർക്ക് പ്രൈം അംഗത്വം തുടരാൻ 99 രൂപ നൽകി സർവീസ് തുടരാനുളള​ കാലാവധിയായിരുന്നു ഇന്ന് തീരുന്നത്. ഇനി ഏപ്രില്‍ 15ന് മുമ്പ് 99 രൂപ നൽകി പ്രൈം അംഗത്വം തുടരുന്നവർക്ക് ഒരു വർഷത്തേക്ക് കൂടി, അതായത് 2018 മാർച്ച് 31 വരെ ജിയോയ്‌ക്ക് നിലവിലുളള ഹാപ്പി ന്യൂ ഇയർ ഓഫർ തുടരാം.ഇന്ത്യയിലെവിടെയും അൺലിമിറ്റഡ് വോയ്‌സ് കോളും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് സൗജന്യമായി ജിയോ നൽകുന്നത് തുടരും.

Read More: ജിയോ ‘സമ്മര്‍ സര്‍പ്രൈസ്’; തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

499 റീച്ചാജിന് ദിവസം 2 ജിബി ഡേറ്റയാണ് 28 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ലഭിക്കുക. ഈ റീച്ചാജുകൾ കൂടാതെ ആഡ് ഓൺ റീച്ചാജുകൾ ചെയ്‌താൽ ദിവസം ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധി 10 ജിബി വരെ കൂട്ടാം. ജിയോ ആപ്പ് വഴിയും റിലയൻസ് സ്റ്റോറുകളിൽ നിന്നും ഈ സേവനങ്ങൾ ലഭ്യമാക്കാം.

അതേസമയം, ജിയോ സിം എടുത്തവരില്‍ 42 ശതമാനത്തിന് അടുത്ത് ഉപയോക്താക്കൾ പ്രൈം മെമ്പര്‍ഷിപ്പിലേക്ക് മാറിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വന്നിരുന്നു. ആദ്യം സൗജന്യ ഇന്റർനെറ്റും വോയ്‌സ് കോളും മെസേജുകളും അനുവദിച്ച ജിയോ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച ശേഷമാണ് 2017 മാർച്ച് 31 വരെ ജിയോ പ്രൈമിൽ അംഗത്വമെടുക്കാനുളള കാലയളവ് അറിയിച്ചത്. ഈ കാലയളവാണ് ഇന്ന് നീട്ടിയിരിക്കുന്നത്.

2016 സെപ്റ്റംബര്‍ 5നാണ് ടെലികോം മേഖലയിലേയ്ക്ക് വിപ്ലവം സൃഷ്ടിച്ച് ജിയോ കടന്നുവരുന്നത്. ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങി ടെലികോം സേവനദാതാക്കളെയാണ് ജിയോയുടെ കടന്നുവരവ് ഏറ്റവും കുടുതല്‍ ബാധിച്ചത്. ടെലികോം രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന റിലയന്‍സ് ജിയോ വരിക്കാരെ അത്ഭുതപ്പെടുത്തുന്ന ഓഫറുകളാണ് തുടക്കം മുതലെ നല്‍കികൊണ്ടിരുന്നത്.

ജിയോ എത്തിയതോടെ എയര്‍ടെല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ലാഭത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജിയോ നല്‍കുന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനങ്ങളും ഓഫറുകളും ടെലികോം മേഖലയ്ക്കും നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ