ജിയോ 4ജി ഫോണിന്റെ പ്രീ ബുക്കിങ് റിലയൻസ് ജിയോ നിർത്തിവച്ചു. ആയിരക്കണക്കിന് പേർ ഇതിനോടകം ബുക്കിങ് ചെയ്തതിനെത്തുടർന്നാണ് ബുക്കിങ് നിർത്തിവച്ചതെന്നാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സന്ദേശം. വ്യഴാഴ്ച വൈകിട്ട് 5.30 ന് ബുക്കിങ് ആരംഭിച്ചുവെങ്കിലും മണിക്കൂറുകൾക്കകം ജിയോ വെബ്സൈറ്റും ആപ്പും ബുക്കിങ് മൂലം ഡൗൺ ആയി. തുടർന്നാണ് പ്രീ ബുക്കിങ് നിർത്തിവച്ചത്. ബുക്കിങ് പുനരാരംഭിക്കുമ്പോൾ ആ വിവരം ഉപഭോക്താക്കളെ അറിയിക്കുമെന്നും റിലയൻസ് ജിയോ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

1500 രൂപയുടെ 4ജി ഫോണിനുളള ബുക്കിങ്ങാണ് റിലയൻസ് ജിയോ വെബ്സൈറ്റ് വഴി വ്യഴാഴ്ച ആരംഭിച്ചത്. 500 രൂപ നൽകി ബുക്കിങ് ചെയ്യാനുളള അവസരമാണ് ജിയോ ഒരുക്കിയത്. ബാക്കി 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. ഫോണിന് 1500 രൂപ നൽകണമെങ്കിലും 3 വർഷം പൂർത്തിയാകുമ്പോൾ ഈ പണം ജിയോ തിരികെ നൽകും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഫോൺ വിതരണം. 50 ലക്ഷം ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുമെന്നാണു സൂചന.

ജിയോ ഫോണ്‍ വാങ്ങുന്നവര്‍ 153 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്താല്‍ പ്രതിദിനം 500 എംബി ഡാറ്റ ലഭിക്കും. കൂടുതൽ ഡേറ്റ വേണ്ടവർക്ക് 309 രൂപ മുതല്‍ മുകളിലേക്കുള്ള പ്ലാനുകളുമുണ്ട്. 54 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു ആഴ്‌ച വാലിഡിറ്റിയില്‍ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. രണ്ടു ദിവസത്തെ വാലിഡിറ്റി ലഭിക്കാന്‍ 24 രൂപയ്‌ക്കാണ് റീച്ചാര്‍‍ജ് ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ