മുംബൈ: വാട്സ്ആപ്പ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഓൺലൈൻ ഷോപ്പിങ് രംഗത്തെ സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി റിലയൻസ് ജിയോ. വാട്സ്ആപ്പിന്റെ മാതൃ സ്ഥാപനം കൂടിയായ, സാമൂഹിക മാധ്യമ ഭീമൻ ഫെയ്സ്ബുക്ക് റിലയൻസ് ജിയോയിൽ 9.99 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കിയിരുന്നു. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിൽ 43,574 കോടി രൂപ (570 കോടി ഡോളർ) നിക്ഷേപിച്ചാണ് ഫെയ്സ്ബുക്ക് 9.99 ശതമാനം ഓഹരി സ്വന്തമാക്കിയത്.
ഓൺലൈൻ ഷോപ്പിങ് സേവനമായ ജിയോ മാർട്ട് ആണ് ഫേസ്ബുക്ക്- റിലയൻസ് പങ്കാളത്തിത്തിന്റെ ഭാഗമായുള്ള ആദ്യ മാറ്റങ്ങളുണ്ടാവുന്ന സേവനങ്ങളിലൊന്ന്. ജനുവരിയിൽ ആരംഭിച്ച ജിയോ മാർട്ട് നിലവിൽ നവി മുംബൈ, കല്യാൺ, താനെ എന്നിവിടങ്ങളിൽ ലഭ്യമാണ്. രാജ്യ വ്യാപകമായി റിലയൻസ് ഈ സേവനം ഉടൻ വിപുലീകരിക്കും.
Also Read: റിലയൻസ് ജിയോയും ഫെയ്സ്ബുക്കും തമ്മിൽ 43,574 കോടി രൂപയുടെ കരാർ
50,000 ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ്യ ഉൽപന്നങ്ങൾ ജിയോ മാർട്ട് വഴി ലഭ്യമാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാർജ് ഈടാക്കില്ല, കുറഞ്ഞ ഓർഡർ തുകയുടെ നിബന്ധനകളില്ല, പെട്ടെന്ന് ഉൽപന്നം വീട്ടിലെത്തിക്കും എന്നിവയാണ് ജിയോ മാർട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് വാഗ്ദാനങ്ങൾ.
മറ്റ് ഇ-കൊമേഴ്സ് സേവനങ്ങളിലേതിനേക്കാൾ മികച്ച ഓഫറുകളാണ് തങ്ങൾ ലഭ്യമാക്കുകയെന്നും വിറ്റ ഉൽപന്നങ്ങൾ ഒരു ചോദ്യവും ചോദിക്കാതെ തിരിച്ചെടുക്കുമെന്നും ഉപഭോക്താക്കളുടെ സമ്പാദ്യശീലം മറ്റെന്നുമില്ലാത്ത വിധത്തിൽ മെച്ചപ്പെടാൻ തങ്ങളുടെ സേവനം സഹായകമാവുമെന്നും ജിയോ മാർട്ട് അവകാശപ്പെടുന്നു. നിലവിൽ വെബ് പ്ലാറ്റ്ഫോമിൽ മാത്രമാണ് ജിയോ മാർട്ട് ലഭ്യമായത്. ഉടൻ തന്നെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും.
വാട്സ്ആപ്പ് ഉപയോഗിച്ച് ജിയോ മാർട്ടിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷൻ വഴി ചെറുകിട വ്യവസായികൾക്ക് അവരുടെ ഉപഭോക്താക്കളിലേക്ക് ഉൽപന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിനുള്ള പദ്ധതി ജിയോ മാർട്ട് ആരംഭിക്കുമെന്നും സൂചനയുണ്ട്. റിലയൻസിന്റെ വാലറ്റ്, യുപിഐ സേവനമായ ജിയോ മണി, ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പേ എന്നിവ ലയിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചേക്കും.
Also Read: വാട്സാപ്പ് പുതിയ പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആറ് ഫീച്ചറുകൾ
വാട്സ്ആപ്പ് ബിസിനസ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് കുറച്ച് കാലമായെങ്കിലും പ്രധാന വാട്സ്ആപ്പ് മെസഞ്ചറിന്റെ അത്ര ജനപ്രീതി നേടാനായിരുന്നില്ല. ജിയോയുമായുള്ള സഹകരണത്തിലൂടെ രാജ്യത്ത് വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്റെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാൻ ഫേസ്ബുക്ക് ശ്രമിക്കും.
ജിയോ മാർട്ട്- വാട്സ്ആപ്പ് ബിസിനസ് സഹകരണത്തിലൂടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ സ്ഥാപനങ്ങൾക്ക് ഷോപ്പിങ്ങിനും, ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും ഉൽപന്നങ്ങൾക്ക് പണം ഈടാക്കുന്നതിനും ഏകീകൃത പ്ലാറ്റ്ഫോം ലഭ്യമാവും.
570 കോടി ഡോളർ നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയായി ഫെയ്സ്ബുക്ക് മാറും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്.
പലചരക്ക്, എഫ്എംസിജി ഉൽപ്പന്നങ്ങൾ ഓൺലൈൻ ഷോപ്പിങ് വഴി ലഭ്യമാക്കുന്നതിന് ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ്, ആമസോൺ എന്നീ ആപ്പുകളെയാണ് നിലവിൽ രാജ്യത്തെ ഉപഭോക്താക്കൾ കൂടുതലായി ആശ്രയിക്കുന്നത്. കോവിഡ്-19 ഭീഷണിയെത്തുടർന്നുള്ള ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഫുഡ് ഡെലിവറി സേവനങ്ങളായ സ്വിഗ്ഗി, സൊമേറ്റോ എന്നിവയും പലചരക്ക് ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചിരുന്നു.
Read More: What is JioMart? Here is everything you need to know about Reliance’s online retail platform