ഇന്ത്യയിലെ ഡിജിറ്റൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച റിലയൻസ് ജിയോ ഈ പുതുവർഷത്തിലും ഉപഭോക്താക്കൾക്കായി സ്‌പെഷ്യൽ ഓഫറുമായി രംഗത്ത്. കഴിഞ്ഞ ആഴ്ചയാണ് പുതുവർഷത്തോട് അനുബന്ധിച്ചുള്ള ഹാപ്പി ന്യൂ ഇയർ ഓഫർ കമ്പനി അവതരിപ്പിച്ചത്. ജനുവരി ആദ്യ വാരം വരെ മാത്രമായിരിക്കും ഓഫർ ലഭ്യമാകുക.
ഹാപ്പി ന്യൂ ഇയർ 2020 ഓഫറിന്റെ ഭാഗമായി ജിയോയുടെ 2199 രൂപയുടെ വാർഷിക പ്ലാൻ 2020 ലേക്ക് കുറച്ചിട്ടുണ്ട്. 2020 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് കാലാവധിയുണ്ടാകും. പ്രതിദിനം 1.5 ജിബി ഡറ്റ എന്ന കണക്കിൽ മൊത്തം 547.5 ജിബി ഡറ്റയാണ് വാർഷിക പ്ലാനിൽ ജിയോ നൽകുന്നത്.
ഇതിന് പുറമെ ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഓഫറിന്റെ പ്രത്യേകതയാണ്. അതേസമയം നവംബർ മാസം മുതൽ ജിയോയിൽ നിന്ന് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന എഫ്‌യുപി ഹാപ്പി ന്യൂ ഇയർ ഓഫറിനും ബാധകമാണ്. സ്‌പെഷ്യൽ ഓഫറിൽ 12000 മിനിറ്റ് മാത്രമാണ് മറ്റ് നെറ്റുവർക്കുകളിലേക്ക് വിളിക്കാൻ ലഭിക്കുക.
പുതിയ സ്കീമിന് കീഴിൽ മറ്റൊരു വാഗ്‌ദാനവും ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ നൽകുന്നു. ഒരു ഉപയോക്താവിന് 2,020 രൂപയ്ക്ക് 12 മാസത്തെ സേവനങ്ങളുള്ള ഒരു ജിയോഫോൺ വാങ്ങാൻ സാധിക്കും. ഇതിൽ പ്രതിദിനം 0.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, എസ്എംഎസ് എന്നിവയാണ് കമ്പനി നൽകുന്നത്.