ന്യൂഡെല്‍ഹി: സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കി ഉപഭോക്താക്കളുടെ എണ്ണത്തില്‍ നേട്ടം കൈവരിച്ചതിനു പിന്നാലെ മികച്ച സേവനം നല്‍കിയ പട്ടികയിലും ജിയോ ഇടംപിടിച്ചു. ഏറ്റവും വേഗത കൂടിയ നെറ്റ് സേവനം ഒരുക്കിയാണ് ജിയോ വീണ്ടും ടെലികോം രംഗത്ത് ശ്രദ്ധ നേടുന്നത്.

ശരാശരി ഡാറ്റ ഡൗണ്‍ലോഡ് വേഗതയില്‍ ഡിസംബറിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ വേഗതയാണ് ജനുവരിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചതെന്നു ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബറില്‍ ജിയോ ഡൗണ്‍ലോഡ് വേഗത ശരാശരി സെക്കന്റില്‍ 8.42 എം.ബിയായിരുന്നത്, ജനുവരിയില്‍ സെക്കന്റില്‍ 17.42 എം.ബിയായി വര്‍ധിച്ചു.

രണ്ടാം സ്ഥാനത്തുള്ള ഐഡിയയുടെ ശരാശരി ഡൗണ്‍ലോഡ് വേഗത മിനുട്ടില്‍ 6.6-ല്‍ നിന്ന് 8.53 ആയി മാത്രമാണ് വര്‍ധിച്ചത്. എയര്‍ടെല്ലിന്റെ ശരാശരി വര്‍ധനവ് 8.15ല്‍ നിന്ന് 8.42 ഉം വോഡഫോണിന്റേത് 2.89ല്‍ നിന്ന് 6.13യും ആണ്. ബി.എസ്.എന്‍.എല്ലിന്റേത് 3.16ല്‍ നിന്ന് 6.8യും ആണ്. ഉപഭോക്താക്കളില്‍ നിന്ന് മൈ ഡാറ്റ സ്പീഡ് ആപ്പുപയോഗിച്ച് വിവരശേഖരണം നടത്തിയാണ് ട്രായ് ഈ പട്ടിക പുറത്തു വിട്ടത്.

ജിയോ സേവനങ്ങള്‍ സൗജന്യമായി അവതരിപ്പിച്ചതോടെ മറ്റ് നെറ്റ്‍വര്‍ക്കുകളും മത്സരിക്കാനുറച്ച് രംഗത്ത് വന്നിരുന്നു. കുറഞ്ഞ റീച്ചാര്‍ജിന് കൂടുതല്‍ ഡാറ്റയും കോള്‍ സേവനവും നല്‍കിയാണ് ടെലികോം മേഖലയില്‍ മത്സരം മുറുകുന്നത്. കുറഞ്ഞ കാലയളവില്‍ തന്നെ ജിയോ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ചവെച്ച് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ