ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പല രാജ്യങ്ങളും ഇതിനോടകം തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. തങ്ങളാൽ കഴിയുന്ന തരത്തിലെല്ലാം വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൈകോർക്കുകയാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും. ഇത്തരത്തിൽ കൊറോണ കാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുകയാണ് ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെ തീരുമാനം. ജിയോ, എയർടെൽ, വോഡഫോൺ – ഐഡിയ തുടങ്ങിയ മൂന്ന് കമ്പനികളും റീച്ചാർജ് പാക്കിന്റെ കാലാവധി അവസാനിച്ച ശേഷവും ഉപഭോക്താക്കൾക്ക് ഇൻകമിങ് കോളുകൾ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വോഡഫോൺ-ഐഡിയ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ ഈ സൗകര്യമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ജിയോയുടെ ഈ സൗജന്യ സേവനം എത്ര നാളത്തേക്കാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതും ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെയെ കാണുവെന്നാണ് വിലയിരുത്തൽ.

ഉപഭോക്താക്കളുടെ നിലവിലുള്ള പ്ലാൻ അവസാനിച്ച ശേഷവും കോളുകൾ സ്വീകരിക്കാൻ സാധിക്കും. നേരത്തെ പ്ലാൻ കാലാവധി പൂർത്തിയായൽ പുതിയ പ്ലാനെടുക്കാതെ ഔട്ട്ഗോയിങ് സേവനങ്ങളോ ഇൻകമിങ് സേവനങ്ങളോ ലഭ്യമാകില്ല.

ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന 2G ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശത്തിലൂടെയോ മിസ് കോളിലൂടെയോ റീച്ചാർജ് ചെയ്യാനുള്ള സൗകര്യവും വോഡഫോൺ-ഐഡിയ ഒരുക്കിയിട്ടുണ്ട്. ലോക്ക്ഡൗണിൽ മൊബൈൽ ഷോപ്പുകളും റീച്ചാർജ് സെന്ററുകളുമെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തിൽ റീച്ചാർജ് ചെയ്യാനുൾപ്പടെ ആളുകൾ ഉപയോഗിക്കുന്നത് ഗൂഗിൾ പേ, പേയ്ടിഎം മുതലായ ഡിജിറ്റൽ വാലറ്റുകളാണ്. എന്നാൽ ഇത്തരത്തിലുള്ള ഫീച്ചറുകൾ ഉപയോഗിക്കാനറിയാത്ത ഒരുകൂട്ടം ആളുകൾ ഇപ്പോഴുമുണ്ട്. കടകളിലൂടെ മാത്രം റീച്ചർജ് ചെയ്ത പരിചയമുള്ള ഇവരാണ് ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രയാസപ്പെടുന്നത്. എന്നാൽ ഇവർക്കായി ഒരു ഈസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ-ഐഡിയ.

ജിയോ ഉപഭോക്താക്കൾക്ക് മൈ ജിയോ ആപ്ലിക്കേഷൻ വഴിയും എയർടെൽ ഉപഭോക്താക്കൾക്ക് മൈ എയർടെൽ ആപ്ലിക്കേഷൻ വഴിയും വീട്ടിലിരുന്ന് തന്നെ റീച്ചാർജ് ചെയ്യാൻ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook