കൊച്ചി: സംസ്ഥാനത്ത് അഞ്ചു നഗരങ്ങളില്‍ കൂടി ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാകും. ഇന്നു മുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളില്‍ സേവനം ലഭിക്കും.
ഇതോടെ ജിയോ 5ജി സേവനങ്ങള്‍ സംസ്ഥാനത്തെ 11 നഗരങ്ങളില്‍ ലഭിക്കും. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ ഇതിനകം 5ജി ലഭിക്കുണ്ട്.
കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ അനുഭവിക്കാന്‍ വെല്‍ക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും. ഇതിനു അധിക ചെലവുകളില്ല.
സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ്വര്‍ക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. 5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം. ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണു കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും.
ഒക്ടോബര്‍ ഒന്നു മുതലാണു രാജ്യത്ത് 5 ജി സേവനം ലഭ്യമായത്. കേരളത്തിലേത് ഉള്‍പ്പെടെ രാജ്യത്തെ നൂറിലേറെ നഗരങ്ങളില്‍ ജിയോ 5ജി സേവനം ഇതിനകം ലഭ്യമാണ്.
സംസ്ഥാനത്ത് കൊച്ചിയിലാണ് ആദ്യമായി ജിയോ 5ജി സേവനമാരംഭിച്ചത്. ഡിസംബര്‍ 20-നായിരുന്നു ഇത്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ എല്ലാം താലൂക്കുകളിലും മേഖലകളിലും 5ജി എത്തിക്കാമെന്ന പ്രതീക്ഷയിലാണു ജിയോ.
എയര്ടെല്ലാണു ജിയോയ്ക്കു പുറമെ 5ജി സേവനം നല്കുന്ന കമ്പനി. ഓഗസ്റ്റ് പതിനഞ്ചിനു 5ജി സേവനം തുടങ്ങാനുള്ള പ്രവര്ത്തനങ്ങളിലാണു ബി എസ് എന്‍ എല്‍.