ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം. ഉപഭോക്താക്കളുടെ വിശ്വാസ്യത മാനിക്കണമെന്നും അതിനായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി അജയ് പ്രകാശ് സ്വാഹ്‌നെയ് പറഞ്ഞു.

വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

”അവരുമായി നിരന്തരം ഞങ്ങള്‍ ബന്ധപ്പെടാറുണ്ട്. ആശങ്കയുണ്ടാകുമ്പോഴൊക്കെ അവരെ അറിയിക്കാറുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഒരുപാട് ഉപഭോക്താക്കളുള്ള വലിയ പ്ലാറ്റ്‌ഫോമുകള്‍. എല്ലാ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇവിടെ വലിയ സ്വാധീനമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ വിശ്വാസത്തെ നിലനിര്‍ത്താന്‍ വേണ്ടത് അവര്‍ ചെയ്യുമെന്നും കരുതുന്നു”, അദ്ദേഹം പറയുന്നു.

വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ വാര്‍ത്തകളും കുപ്രചരണങ്ങളും വ്യാപിക്കുന്നത് തടയാനായി സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ലോ ആന്റ് ഓര്‍ഡര്‍ തകര്‍ക്കുന്ന വ്യാജ പ്രചരണങ്ങള്‍ ഇല്ലാതാക്കുകയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ വെല്ലുവിളികള്‍ നിയന്ത്രിക്കാന്‍ ഐടി ആക്ടിന് കീഴിലുള്ള ഇന്റര്‍മീഡിയേറ്ററി ഗൈഡ് ലൈന്‍സ് ശക്തമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. സര്‍ക്കാരിന്റെ നോട്ടീസിന് വാട്‌സ്ആപ്പ് മറുപടിയുമായി രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്തകള്‍ തടയാനായി ഇന്ത്യയില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക സംഘത്തെ തയ്യാറാക്കാമെന്നായിരുന്നു വാട്‌സ്ആപ്പിന്റെ മറുപടി.

ഇത് സംബന്ധിച്ച് പ്രാരംഭര നടപടികള്‍ വാട്‌സ്ആപ്പ് ആരംഭിച്ചതായി ഐടി മിനിസ്ട്രിയും പറയുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ തൃപ്തരല്ല. വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് സ്വീകരിച്ച നടപടികളിലാണ് സര്‍ക്കാരിന് അതൃപ്തിയുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook