/indian-express-malayalam/media/media_files/uploads/2017/06/gslv-mark-2-isro-1.jpg)
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ഈ വർഷം അവസാനം നാല് റോക്കറ്റുകൾ വിക്ഷേപിക്കാനൊരുങ്ങുന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന റോക്കറ്റുകളുടെ പണിപ്പുരയിലാണ് ഐഎസ്ആർഒ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഗയാനയിൽ നിന്നും തിരിച്ച് വിളിച്ച ജിസാറ്റ് 11 ഉപഗ്രഹം കൂടുതൽ പരിശോധനയ്ക്ക് ശേഷം ഈ വർഷം വിക്ഷേപിക്കും. പിഎസ്എൽവി, ജിഎസ്എൽവി എംകെ II, ജിഎസ്എൽവി എംകെ III എന്നിവയാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി ഉപയോഗിക്കുക.
സെപ്‌റ്റംബർ മുതൽ നാല് മാസങ്ങളിലാണ് ഉപഗ്രങ്ങൾ വിക്ഷേപിക്കുക. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും ഉപഗ്രഹങ്ങൾ ഇക്കൂട്ടത്തിൽ വിക്ഷേപിക്കും. സെപ്റ്റംബറിൽ രണ്ട് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എൽവിയാണ് ആദ്യം വിക്ഷേപിക്കുക. ഇതിലൂടെ രാജ്യത്തിന് വരുമാനം ലഭിക്കും.
ഒക്ടോബറിൽ ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹവും നിരവധി വിദേശ ഉപഗ്രഹങ്ങളും പിഎസ്എൽവി ഉപയോഗിച്ച് വിക്ഷേപിക്കും. 640 ടൺ ഭാരമുളള ജിഎസ്എൽവി എംകെ III റോക്കറ്റ് ഉപഗ്രങ്ങളുമായി പറക്കുന്നതും ഒക്ടോബറിൽ തന്നെയാണ്.
ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ ജിസാറ്റ് 7എ നവംബറിലാണ് ഐഎസ്ആർഒ വിക്ഷേപിക്കുക. ജിഎസ്എൽവി എംകെ II റോക്കറ്റാണ് ഉപഗ്രഹവുമായി ഭ്രമണപഥത്തിലേക്ക് പറക്കുക. ആശയ വിനിമയ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്താൻ സഹായിക്കുന്ന ജിസാറ്റ് 11 സാറ്റലൈറ്റ് ഫ്രഞ്ച് ഗയാനയിലെ ഏരിയാന സ്പേസ് റിസർച്ച് സെന്ററിൽ നിന്ന് ഈ വർഷം അവസാനം വിക്ഷേപിക്കാനുളള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.