/indian-express-malayalam/media/media_files/uploads/2022/06/5G_Network_Pixabay.jpg)
ആദ്യത്തെ വിശാലമായ 5ജി നെറ്റ്‌വര്‍ക്കിനായി ഒരുങ്ങുകയാണ് രാജ്യം. എയര്‍ടെല്‍ റിലയന്‍സ് ജിയോ എന്നീ പ്രധാന ടെലികോം കമ്പനികള്‍ മാസാവസാനത്തോടെ 5ജി നെറ്റ്‌വര്‍ക്ക് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ 5ജി അധിഷ്ഠിത ഫോണുകള്‍ കൂടുതല്‍ വിപണിയിലെത്തിക്കാന്‍ നിര്‍ബന്ധിതരായേക്കും.
എന്നാല്‍ സാംസങ്, മോട്ടൊറോള, ഷവോമി, റിയല്‍മി എന്തിന് പുതിയ ബ്രാന്‍ഡായ നത്തിങ് വരെ 5ജി അധിഷ്ടിത സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലിറക്കിയിരുന്നു. വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ 2020 ല്‍ 5ജി ഫോണുകള്‍ പുറത്തിറക്കിയിരുന്നു. വണ്‍പ്ലസ് നോര്‍ഡ് 5ജി, വണ്‍പ്ലസ് 8 പ്രൊ 5ജി എന്നിവയായിരുന്നു കമ്പനി വിപണിയിലെത്തിച്ച ഫോണുകള്‍.
എന്നാല്‍ വരാനിരിക്കുന്ന 5ജി ഇത്തരം ഫോണുകളെ സപ്പോര്‍ട്ട് ചെയ്യുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. അടുത്തിടെയാണ് 5ജി സ്പെക്ട്രം ലേലം ഇന്ത്യ പൂര്‍ത്തിയായത്. എയര്‍ടെല്‍, ജിയോ, വിഐ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളായിരുന്നു ലേലത്തില്‍ പങ്കെടുത്തത്.
ഇന്ത്യയിലെ 5ജി ബാന്‍ഡുകള്‍
5ജി ലേലത്തില്‍ ജിയോ 88,078 കോടി രൂപ മുടക്കി സ്പെക്ട്രത്തിന്റെ 24.7 ഗിഗാഹേര്‍ട്ട്സ് സ്വന്തമാക്കി. എയർടെല്ലും വിയും 12 പ്രധാന ബാൻഡുകളിൽ പലതിന്റെയും അവകാശങ്ങൾ ഏറ്റെടുത്തു. വാണിജ്യാടിസ്ഥാനത്തിലുള്ള B2B ഉപയോഗ കേസുകളിൽ മാത്രം ഉപയോഗിക്കാവുന്ന n258 mmWave ബാൻഡും അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ പ്രമുഖ ബാൻഡുകളും ഏത് ടെലികോം കമ്പനിക്കാണ് അവ ഉപയോഗിക്കാനുള്ള അവകാശമെന്നും നോക്കാം.
/indian-express-malayalam/media/media_files/uploads/2022/08/5G.jpg)
പട്ടികയില്‍ കാണുന്ന ആദ്യത്തെ മൂന്ന് ബാന്‍ഡുകള്‍ (n28, n5, n8) ലോ സ്പെക്ട്രം ബാന്‍ഡുകളാണ്. വിശാലമായ കവറേജ് ലഭിക്കുമെങ്കിലും വേഗത കുറവായിരിക്കും. എന്നിരുന്നാലും 4ജിയേക്കാള്‍ വേഗതയുണ്ടാകും.
പട്ടികയിലെ അടുത്ത അഞ്ച് ബാന്‍ഡുകള്‍ (n3, n1, n41, n78, n77) മിഡ് സ്പെക്ട്രം ബാന്‍ഡുകളാണ്. ദീര്‍ഘദൂര കവറേജും സ്പീഡും തമ്മില്‍ സന്തുലിതമായിരിക്കും ഈ ബാന്‍ഡുകള്‍.
അവസാന ബാന്‍ഡായ mmWave ഹൈ സ്പെക്ട്രം ബാന്‍ഡാണ്. ഇവയ്ക്ക് ഉയര്‍ന്ന വേഗതയുണ്ടെങ്കിലും പരിധിയുടെ കാര്യത്തില്‍ പരിമിതിയുണ്ടാകും. എന്നിരുന്നാലും പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം അദാനി ഗ്രൂപ്പും n258 ന്റെ അവകാശം എടുത്തിട്ടുണ്ട്.
5ജി ലഭിക്കാന്‍ നിങ്ങളുടെ ഫോൺ ഏത് ബാൻഡുകളെയാണ് പിന്തുണയ്‌ക്കേണ്ടത്?
5ജി അധിഷ്ടിതമായ മികച്ച സ്മാര്‍ട്ട്ഫോണുകള്‍ പ്രധാന 12 ബാന്‍ഡുകളെയും പിന്തുണയ്ക്കേണ്ടതാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും അപ്പോള്‍ 5ജി ലഭ്യമാകും. മുകളില്‍ കൊടുത്തിരിക്കുന്ന എട്ട് ബാന്‍ഡുകള്‍ മതിയാകുമെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ, 5G ചിപ്‌സെറ്റും ഈ എട്ട് ബാൻഡുകളുടെ പിന്തുണയുമുള്ള ഏതൊരു സ്മാർട്ട്‌ഫോണും ഇന്ത്യയിൽ 5G യിൽ നന്നായി പ്രവർത്തിക്കും.
ഐഫോണ്‍ 13 സീരിസ്, നത്തിങ് ഫോണ്‍ (1), റിയല്‍മി ജിറ്റി2 പ്രൊ, സാംസങ് ഗ്യാലക്സി എസ് 22 സീരിസ്, വണ്‍പ്ലസ് 10റ്റി എന്നിവയാണ് ഉദാഹരണങ്ങള്‍.
ഇവ മാത്രമല്ല മറ്റ് ചില സ്മാര്‍ട്ട്ഫോണുകളും ഈ എട്ട് ബാന്‍ഡുകളേയും പിന്തുണയ്ക്കുന്നവയാണ്. പക്ഷെ ചില മേഖലകളില്‍ 5 ജി വേഗത ലഭ്യമാകും. എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്ന വേഗത ലഭ്യമാകണമെന്നില്ല.
ഉദാഹരണത്തിന് n5, n8 ബാൻഡുകളുടെ പിന്തുണ ഇല്ലാത്ത ഫോണുകൾ പ്രധാന മെട്രോ-സിറ്റികളിലും മറ്റ് ടയർ I, ടയർ II ഏരിയകളിലും നന്നായി പ്രവർത്തിച്ചേക്കാം. എന്നാൽ വിദൂര പ്രദേശങ്ങളിൽ 5G കവറേജിൽ പ്രശ്‌നങ്ങൾ നേരിടാം.
പിന്നെ പല പ്രധാന ബാൻഡുകളുടെ പിന്തുണയില്ലാത്ത ചില ഫോണുകളുണ്ട്. വിവോ റ്റി1, റിയല്‍മി നാര്‍സോ 30 5ജി എന്നിവ പോലുള്ള ബജറ്റ് ഫോണുകളും, വിവോ എക്സ് 70, ഓപ്പോ എഫ് 19 പ്രൊ പ്ലസ്, വണ്‍ പ്ലസ് 9 പ്രൊ എന്നിവയും ഉദാഹരണങ്ങളാണ്. നിങ്ങളുടെ 5ജി ഫോണിന് n28, n5, n8, n3, n1, n41 അല്ലെങ്കിൽ n77 പോലുള്ള പ്രധാന ബാൻഡുകൾ നഷ്‌ടമായാൽ, നിങ്ങൾക്ക് 5ജി യിൽ തടസമില്ലാത്ത സേവനം ഉണ്ടാകണമെന്നില്ല.
നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ബോക്സില്‍ ഏതൊക്കെ ബാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് കണ്ടെത്താന്‍ കഴിയും. അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡിന്റെ വെബ്സൈറ്റില്‍ നിന്നും വിവരം ലഭ്യമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.