ഇന്ത്യൻ യുവത്വത്തിനിടയിൽ വലിയ സ്വാധീനമുള്ള ഗെയിമിങ് ആപ്ലിക്കേഷനാണ് പബ്ജി. ഈ കലഘട്ടത്തിൽ കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ഏറ്റവും പ്രിയപ്പെട്ട മൊബൈൽ ഗെയിം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ഗെയിമിന്റെ ജനപ്രീതി വർധിച്ചുവെന്നും പറയാം. എന്നാൽ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കേന്ദ്ര സർക്കാർ നിരോധിക്കാനുദ്ദേശിക്കുന്ന 275 ചൈനീസ് ആപ്ലിക്കേഷനുകളിൽ പബ്ജിയും ഉൾപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടികാട്ടി ടിക്ടോക്കും യുസി ബ്രൗസറും ഉൾപ്പടെയുള്ള 59 ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇതേകാരണത്താൽ 200ലധികം ആപ്ലിക്കേഷനുകൾ കൂടി കേന്ദ്രം നിരോധിക്കാനൊരുങ്ങുന്നത്.
ഈ സാഹചര്യത്തിൽ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ടിക് ടോക്കിനൊപ്പം എന്തുകൊണ്ടാണ് പബ്ജി മൊബൈൽ സർക്കാർ നേരത്തെ നിരോധിക്കാത്തത്? പബ്ജി യഥാർത്ഥത്തിൽ ഒരു ചൈനീസ് അപ്ലിക്കേഷനാണോ? ആരാണ് ഗെയിമിന്റെ ഉടമസ്ഥർ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ഈ ലേഖനത്തിലൂടെ.
എന്താണ് പബ്ജി?
ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമായ പബ്ജി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഒരു ഫൈറ്റർ ഗെയിമാണ് പബ്ജി. മൊബൈലിൽ മാത്രമല്ല പിസി, പ്ലേ സ്റ്റേഷൻ, എക്സ്ബോക്സ് എന്നിവയിലും കളിക്കാൻ സാധിക്കുന്ന ഗെയിം 2017ലാണ് ലോഞ്ച് ചെയ്തത്.
ഉപേക്ഷിക്കപ്പെട്ട ദ്വീപിലേക്ക് 100 കളിക്കാർ ചാടി അതിനെ യുദ്ധക്കളമാക്കി മാറ്റുന്നതിലൂടെയാണ് കളി ആരംഭിക്കുന്നത്. പോരാട്ടത്തിനൊടുവിൽ അവശേഷിക്കുന്ന അവസാനത്തെ ആളായിരിക്കും വിജയി ആകുന്നതും ‘ചിക്കൻ ഡിന്നർ’ സ്വന്തമാക്കുന്നതും.
എന്തുകൊണ്ടാണ് ടിക് ടോക്കിനൊപ്പം പബ്ജി മൊബൈൽ നിരോധിക്കാത്തത്?
കൃത്യമായി പറഞ്ഞാൽ ഈ ചോദ്യത്തിന് ഉത്തരമില്ല. ഒരു ആപ്ലിക്കേഷൻ എന്തിനാണ് നിരോധിച്ചതെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മനസിലാക്കാൻ സാധിക്കുന്ന ഒരു കാര്യം എന്തെന്നാൽ ചൈനീസ് ആപ്ലിക്കേഷനുകൾ ആയതിനാൽ മാത്രമാണ് ഇവയുടെ നിരോധനം എന്ന് പറയാൻ സാധിക്കില്ല. കാരണം ബ്ലൂഹോളിന്റെ ആസ്ഥാനം ദക്ഷിണ കൊറിയയാണ്.
പബ്ജി മൊബൈൽ ചൈനീസ് ആണോ?
ശരിയായ ഉത്തരമില്ലാത്ത മറ്റൊരു ചോദ്യമാണിത്. നിലവിലെ സാഹചര്യത്തിൽ തന്ത്രപരമായി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പബ്ജി ജനപ്രിയമാകാൻ തുടങ്ങിയതോടെ ചൈനീസ് മാർക്കറ്റിൽ സജീവമാകുന്നതിന് ബ്ലൂഹോളിൽ നിന്ന് വിതരണവും ലൈസൻസിങ്ങുമുൾപ്പടെ ടെൻസെന്റ് സ്വന്തമാക്കി. ടെൻസെന്റ് ഗെയിമുകൾ ഒരു പടി കൂടി മുന്നോട്ട് പോയി ഗെയിമിന്റെ ഒരു മൊബൈൽ പതിപ്പ് വികസിപ്പിക്കുന്നതിന് ബ്ലൂഹോളുമായി സഹകരിച്ചു.