IRCTC Train Ticket Reservations New Rules: ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽ ശൃംഖലയാണ് ഇന്ത്യയിലേത്. പുരോഗതി ലക്ഷ്യമിട്ട് യാത്രക്കാരെ സഹായിക്കാനെന്നോണം പല മാറ്റങ്ങളും ഈയടുത്ത കാലത്ത് ഇന്ത്യൻ റെയിൽവേ വരുത്തിയിട്ടുണ്ട്. ഐആർസിടിസിയിൽ ആധാർ ബന്ധിപ്പിച്ച യാത്രക്കാർക്ക് ഒരു മാസം 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. ഇതിന് പുറമെ 120 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഐആർസിടിസിയുടെ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് വഴി സാധ്യമാക്കിയിട്ടുണ്ട്.
എന്നാൽ ഐആർസിടിസി സൈറ്റിൽ വീണ്ടും മാറ്റങ്ങൾ വരുത്തി യാത്രക്കാർക്കായി തുറന്നുകൊടുത്തത് ഇന്നലെയാണ്. ഇത് പ്രകാരം വെറും 25 സെക്കന്റ് മാത്രമാണ് യാത്രക്കാർക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ കാപ്ച രേഖപ്പെടുത്താൻ അഞ്ച് സെക്കന്റാണ് സമയം.
ഐആർസിടിസി വഴി ടിക്കറ്റ് റിസർവ് ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട 10 പുതിയ നിയമങ്ങൾ
1. യാത്രക്കാർക്ക് 120 ദിവസം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം ലഭിച്ചു. ഒരു യൂസർ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റ് മാത്രമേ റിസർവ് ചെയ്യാൻ സാധിക്കൂ. ആധാർ നമ്പർ അക്കൗണ്ടിൽ ബന്ധിപ്പിച്ചേക്കുന്നവർക്ക് മാസം 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
2. രാവിലെ 8 മണിക്കും പത്ത് മണിക്കും ഇടയിൽ ഒരാളുടെ അക്കൗണ്ടിൽ നിന്ന് വെറും രണ്ട് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാവൂ.
3. തത്കാൽ ടിക്കറ്റ് യാത്രയുടെ ഒരു ദിവസം മുൻപാണ് ബുക്ക് ചെയ്യാനാവുക. എസി ടിക്കറ്റുകൾക്ക് രാവിലെ 10 മണിക്കും മറ്റുളള ടിക്കറ്റുകൾ രാവിലെ 11 മണിക്കും ബുക്കിങ് ആരംഭിക്കും.
4. രാവിലെ 10 മണിക്കും 12 മണിക്കും മധ്യേ രണ്ട് തത്കാൽ ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.
5. ഐആർസിടിസി അക്കൗണ്ട് ഉപയോഗിച്ച് രാവിലെ 10 മണിക്കും 12 മണിക്കും മധ്യേ രണ്ട് ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാനാവൂ. ഓൺലൈനായി ഒരു സമയം ആറ് ബർത്തുകൾ മാത്രമേ റിസർവ് ചെയ്യാനാവൂ.
6. ഒരു സമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒറ്റ തവണ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. ഒറ്റ പേജ് അല്ലെങ്കിൽ ക്വിക് ബുക്കിങ് സർവ്വീസ് സേവനങ്ങൾ രാവിലെ എട്ടിനും 12 നും ഇടയിൽ ലഭ്യമാകില്ല. കാപ്ച ലോഗിൻ, പാസഞ്ചർ വിവരം, പേമെന്റ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
7. ഏജന്റുമാർക്ക് രാവിലെ 8 നും 8.30 നും ഇടയിലും 10 നും 10.30 നും ഇടയിലും 11നും 11.30 നും ഇടയിലും മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. തത്കാൽ ബുക്കിങ് സമയത്ത് ആദ്യ അര മണിക്കൂറിൽ ഇവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. കൂട്ടമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏജന്റുമാർ ശ്രമിച്ചേക്കുമെന്നത് തടയാനാണ് ഈ നീക്കം.
8. സമയബന്ധിതമായി വേണം ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ. യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ 25 സെക്കന്റ് മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. കാപ്ച രേഖപ്പെടുത്താൻ ഓരോ ഘട്ടത്തിലും അഞ്ച് സെക്കന്റ് വീതമാണ് അനുവദിച്ചിരിക്കുന്നത്.
9. നെറ്റ് ബാങ്കിങ് വഴിയുളള പേമെന്റ് ഓപ്ഷനുകൾക്ക് ഇനി മുതൽ എല്ലാ യാത്രക്കാരും ഒടിപി കൂടി നൽകണം.
10. യാത്രക്കാർക്ക് ഇനി റീഫണ്ട് ലഭിക്കുക മൂന്ന് സാഹചര്യങ്ങളിലാണ്.
ട്രെയിൻ പുറപ്പെടേണ്ട സ്റ്റേഷനിൽ നിന്നും മൂന്ന് മണിക്കൂറിലധികം വൈകി യാത്ര പുറപ്പെട്ടാൽ
ട്രെയിനിന്റെ യാത്ര വഴിതിരിച്ചുവിടുകയും യാത്രക്കാരന് ഈ വഴി പോകാൻ താത്പര്യമില്ലെന്ന് വരികയും ചെയ്താൽ.
ബുക്ക് ചെയ്തതിലും താഴ്ന്ന ക്ലാസിലേക്ക് യാത്ര ടിക്കറ്റ് മാറ്റുകയും ഈ ക്ലാസിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് താത്പര്യമില്ലെന്നും വന്നാൽ റീഫണ്ട് ലഭിക്കും. അതേസമയം താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യാൻ യാത്രക്കാർ തയ്യാറാവുകയാണെങ്കിൽ യാത്രക്കാർക്ക് അധികമായി ഈടാക്കിയ തുക തിരികെ ലഭിക്കും.
അതേസമയം തന്നെ നിങ്ങളുടെ കൺഫേർമ്ഡ് ടിക്കറ്റിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെങ്കിൽ ഇത് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനുളള സൗകര്യം ഏർപ്പെടുത്തി. യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് ചീഫ് റിസർവേഷൻ ഓഫീസറിൽ നിന്നും ടിക്കറ്റിലെ പേര് മാറ്റി വാങ്ങാവുന്നതാണ്. പക്ഷെ കുടുംബത്തിലെ അച്ഛൻ, അമ്മ, ഭാര്യ, മകൾ, മകൻ, സഹോദരി, സഹോദരൻ തുടങ്ങിയവരുടെ പേരിലേക്കേ ടിക്കറ്റ് മാറ്റാനാവൂ.