പുതിയ ഫോൺ തേടി പോകുന്നവരെല്ലാം ഇന്ന് ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണിന് പിന്നാലെ പോകാൻ ആരംഭിച്ചിട്ടുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ ഫോൺ ചാർജ് ആകുന്നതിനായി ഒരു മണിക്കൂറും രണ്ടു മണിക്കൂറും കാത്തിരിക്കേണ്ട കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച് മിക്ക സ്മാർട്ഫോൺ ബ്രാൻഡുകളും അതിവേഗ ചാർജറുകൾ പരീക്ഷിക്കുന്നുണ്ട്. അതിൽ തന്നെ ഏറ്റവും വേഗതയുള്ള ചാർജറുമായി ഐക്യൂവിന്റെ പുതിയ സ്മാർട്ഫോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഐക്യൂവിന്റെ 10 പ്രോ എന്ന ഏറ്റവും പുതിയ സ്മാർട്ഫോണിലാണ് അതിവേഗ ചാർജിങ് പരീക്ഷിക്കുന്നത്. 200W ഫാസ്റ്റ് ചാർജിങ്ങുമായി ഫോൺ അടുത്ത മാസം വരുമെന്നാണ് റിപ്പോർട്ടുകൾ. ഐക്യൂ 9 സീരീസ് ഫോണുകളുടെ പിൻഗാമിയായിട്ടാകും 10 പ്രോ എത്തുക. ഇതിനൊപ്പം ഐക്യൂ 10 എന്ന വേരിയന്റുമുണ്ടാകും.
ഐക്യൂ 10 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് മികച്ച പ്രകടനവും താപ കാര്യക്ഷമതയും കൊണ്ട് വരുമെന്ന് കമ്പനി അവകാശപ്പെടുന്നു.
120ഹേർട്സ് ക്യൂഎച്ച്ഡി+ എൽടിപിഒ സ്‌ക്രീൻ, പുറകിലായി 50എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, എന്നിവയ്‌ക്കൊപ്പമാണ് ആദ്യത്തെ 200W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററി എന്ന സവിശേഷതയും ഫോണിൽ വരുന്നത്. ജൂലൈയിൽ ഫോൺ വിപണിയിൽ എത്തുമെന്നാണ് റിപ്പോട്ടുകൾ. എന്നാൽ കൃത്യമായ തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയിൽ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റ് ഫോൺ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ് റിയൽമി, റിയൽമി ജിടി 2 മാസ്റ്റർ എഡിഷനിലാകും ഇത് വരിക എന്ന് തോന്നുന്നു. 12 ജിബി റാം വേരിയന്റിൽ ആൻഡ്രോയിഡ് 12 ഫീച്ചർ ചെയ്താകും ഫോൺ വരിക എന്നും കേൾക്കുന്നുണ്ട്.
6.7 ഇഞ്ച് 120ഹേർട്സ് അമോഎൽഇഡി ഡിസ്‌പ്ലേ, പിന്നിൽ 50എംപി+50എംപി+2എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 150വാട്ട് വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി എന്നിസവിശേഷതകൾ പ്രതീക്ഷിക്കുന്നുണ്ട്. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂലൈയിൽ പുറത്തുവരുമെന്ന് കരുതുന്നു.