Apple iPhone SE 5G: ശക്തമായ പ്രൊസസറും മികച്ച ബാറ്ററിയും 5ജി പിന്തുണയുമായി ഏറ്റവും പുതിയ ഐഫോൺ എസ്ഇ 5ജി ഇന്നലെ അവതരിപ്പിച്ചു. പഴയ ഐഫോൺ എസ്ഇയെക്കാൾ ഒരുപിടി നല്ല സവിശേഷതകളുമായാണ് പുതിയ ഫോണിന്റെ വരവ്.
പുതിയ ഐഫോൺ എസ്ഇ മൂന്ന് കളർ വേരിയന്റുകളിലും മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലുമാണ് വരുന്നത്.
ഐഫോൺ എസ്ഇ 5ജി വേരിയന്റുകൾ
ഐഫോൺ എസ്ഇ 5ജി 64ജിബി, 128 ജിബി, 256 ജിബി എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. അടിസ്ഥാന വേരിയന്റായ 64ജിബിക്ക് 43,900 രൂപയാണ് വിലവരുന്നത്. 128ജിബിക്ക് 48,900 രൂപയും 256ജിബിയുടെ വേരിയന്റിന് 58,900 രൂപയുമാണ് വിലവരുന്നത്. കൂടാതെ, 8,900 രൂപ അധികം ചെലവഴിക്കുകയാണെങ്കിൽ ആപ്പിൾ കെയർ+ കവറേജ് പ്ലാനും ലഭിക്കും.
ഈ വേരിയന്റുകൾ എല്ലാം തന്നെ മൂന്ന് നിറങ്ങളിലും ലഭ്യമാണ്. മിഡ്നെറ്റ് (കറുപ്പ് നിറത്തിലുള്ളത്), സ്റ്റാർലൈറ്റ് (വെള്ള നിറത്തിലുള്ളത്൦, പ്രോഡക്റ്റ് റെഡ് (ആപ്പിളിന്റെ ഗ്ലോബൽ കോവിഡ് റിലീഫ് ഫണ്ടിലേക്ക് പണം വിനിയോഗിക്കാൻ ഉപയോഗിക്കുന്ന ചുവന്ന വേരിയന്റ്.
ഐഫോൺ എസ്ഇ 5ജി: പുതിയ സവിശേഷതകൾ എന്തെല്ലാം?
ഐഫോൺ എസ്ഇ 5ജിയുടെ ഡിസൈൻ 2020ൽ പുറത്തിറങ്ങിയ ഐഫോൺ എസ്ഇ യ്ക്ക് സമാനമാണ്. ഇതിൽ 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയാണ് വരുന്നത്, മുന്നിലും പിന്നിലും ഐഫോൺ 13 സീരീസിൽ കാണുന്ന അതേതരത്തിലുള്ള സുരക്ഷാ ഗ്ലാസും വരുന്നുണ്ട്.
ഐഫോൺ എസ്ഇ 5ജിയിലും 5ജി ആക്ടിവേറ്റഡ് ആപ്പിൾ എ15 ബയോണിക് ചിപ്പാണ് നൽകിയിരിക്കുന്നത്. ആപ്പിൾ ഐഫോൺ 13 സീരീസിൽ ഉപയോഗിച്ച അതേ ചിപ്സെറ്റാണ് എ15 ബയോണിക് ചിപ്പ്. ഇത് എസ്ഇയിലെ കൂടുതൽ ശക്തമായ കൂട്ടിച്ചേർക്കലായി വരുന്നു.
ഇതിൽ 6-കോർ സിപിയു, 4-കോർ ജിപിയു, ലൈവ് ടെക്സ്റ്റ് പോലുള്ള ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. പുതിയ ഐഫോൺ എസ്ഇ 5ജി പഴയ ഐഫോൺ എസ്ഇകാൾ മികച്ച ബാറ്ററി ലൈഫ് നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു, പുതിയ കൂടുതൽ ഊർജ്ജക്ഷമതയുള്ള എ15 ചിപ്പാണ് അതിന് കാരണം.
ഐഫോൺ എസ്ഇ 5ജിക്ക് 12എംപി മെയിൻ ƒ/1.8 അപ്പേർച്ചർ വൈഡ് ക്യാമറയാണ് പിൻവശത്ത് നൽകിയിരിക്കുന്നത്. സ്മാർട്ട് എച്ച്ഡിആർ 4, ഫൊട്ടോഗ്രാഫിക് സ്റ്റൈൽസ്, ഡീപ് ഫ്യൂഷൻ, പോർട്രെയിറ്റ് മോഡ് തുടങ്ങിയ സവിശേഷതകൾ ക്യാമറയിലുണ്ട്. ഐഒഎസ് 15 നിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
എന്തൊക്കെയാണ് ബോക്സിൽ ലഭിക്കുക
പുതിയ ഐഫോൺ എസ്ഇ 5ജിയുടെ ബോക്സിൽ ഐഫോണും യൂഎസ്ബി കേബിളും മാത്രമാണ് ലഭിക്കുക. ചാർജർ ഉണ്ടാവില്ല, ഇത് നിങ്ങൾക്ക് ആപ്പിൾ വെബ്സൈറ്റിൽ നിന്ന് വാങ്ങിക്കാനാവും. 1,900 രൂപ (12W) മുതൽ 9,500 രൂപ (140W) വരെ വിലയുള്ള ചാർജറുകൾ സൈറ്റിൽ ലഭ്യമാണ്. ഐഫോൺ എസ്ഇയിൽ ഫാസ്റ്റ് ചാർജിങ് ലഭ്യമല്ലാത്തതിനാൽ 12 വാട്ടിന്റെ വാങ്ങുന്നതാകും അഭികാമ്യം.
എങ്ങനെയാണ് ഐഫോൺ എസ്ഇ 5ജി മുൻകൂട്ടി ബുക്ക് ചെയ്യാനാവുക?
ആപ്പിൾ വെബ്സെറ്റിൽ പോയി ഫോണിന്റെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം നിങ്ങൾക്ക് വെബ്സൈറ്റിൽ തന്നെ ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോണിന്റെ പേജ് ഇപ്പോൾ ലഭ്യമാണ് , എന്നാൽ പ്രീ-ബുക്കിംഗ് മാർച്ച് 11 വെള്ളിയാഴ്ചയാണ് ആരംഭിക്കുക. ഷിപ്പിംഗ് ഒരാഴ്ച കഴിഞ്ഞ് മാർച്ച് 18 ന് ആണ് ആരംഭിക്കുക.
Also Read: WhatsApp: ഗ്രൂപ്പിനുള്ളിൽ വോട്ടിടാം; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്