scorecardresearch
Latest News

ഐഫോൺ 15ൽ യുഎസ്ബി-സി പോർട്ട് നിലവിൽ വരുമോ?

പെരുകിവരുന്ന ഇ-മാലിന്യങ്ങളുടെ വിപത്ത് മുന്നിൽ കണ്ടുകൊണ്ടാണ് യൂറോപ്യൻ യൂണിയന്റെ ഈ ശ്രദ്ധേയ നീക്കം

ഐഫോൺ 15ൽ യുഎസ്ബി-സി പോർട്ട് നിലവിൽ വരുമോ?

ടെക്ക് ലോകം മാസങ്ങളായി കാത്തിരുന്ന നീക്കവുമായി യൂറോപ്യൻ പാർലമെന്റ്. സ്മാർട്ട്ഫോണുകളിൽ യുഎസ്ബി-സി പോർട്ട് വെച്ചിട്ടിലാത്ത നിർമ്മാതാക്കൾ നിർബന്ധമായും പുതിയ യൂണിവേഴ്സൽ പോർട്ട് വെക്കണമെന്നായിരുന്നു തീരുമാനം. ഫോണിൽ യുഎസ്ബി-സി പോർട്ട് വെച്ചിട്ടില്ലാത്ത ആപ്പിൾ പോലുള്ള നിർമ്മാതാക്കൾക്ക് വലിയ മാറ്റമാണ് ഇതുവഴി സംഭവിക്കുന്നത്.

2024 അവസാനത്തോടെ നിർബന്ധമായും ആപ്പിൾ ഐഫോണുകൾ യുഎസ്ബി-സി പോർട്ടിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം യൂറോപ്പിൽ തങ്ങളുടെ വില്പന നിർത്തണമെന്നുമാണ് യൂറോപ്യൻ യൂണിയൻ നിയമപ്രകാരം പറയുന്നത്. പെരുകിവരുന്ന ഇ മാലിന്യങ്ങളുടെ വിപത്ത് മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. ഇ മാലിന്യങ്ങളിൽ ഏറിയ പങ്കും ഉപയോഗശൂന്യമായ പഴയ ചാർജ്ജറുകളും കേബിളുകളുമാണ്. ഇത്തരത്തിലുള്ള മാലിന്യം നിയന്ത്രിക്കാൻ വമ്പൻ നിർമാതാക്കളുടെ ഫോണിൽ പൊതുവായൊരു പോർട്ട് ഉപയോഗിച്ച് പഴയ ചാർജറുകൾ പുനരുപയോഗിക്കാനാണ് തീരുമാനം.

എപ്പോഴാണ് ആപ്പിൾ ഐഫോൺ യു എസ് ബി – സി പോർട്ടിലെക്ക് മാറ്റുക?
ശക്തമായ പിന്തുണ ഈ നിയമങ്ങൾക്ക് ലഭിച്ചെങ്കിലും ഔദ്യോഗികമായി ഈ നിയമം അംഗീകരിച്ചിട്ടില്ല. യൂറോപ്യൻ കൗൺസിൽ ഒപ്പുവെയ്ക്കുന്നതുവരെ നിയമംപ്രാബല്യത്തിൽ വരിലെങ്കിൽ പോലും ഏറെക്കുറെ സജ്ജമാണ് കാര്യങ്ങൾ. എന്നിരുന്നാലും, ഈ മാറ്റം കൊണ്ടുവരാൻ ആപ്പിളിന് രണ്ടു വർഷ കാലാവധി ലഭിക്കും. യൂറോപ്പിലെ വില്പന തുടരണമെങ്കിൽ 2024 ന് ശേഷമിറങ്ങുന്ന എല്ലാ ഐഫോണിലും ആപ്പിൾ യു എസ് ബി – സി പോർട്ട് വെക്കണം. എന്നാൽ എല്ലാ വർഷവും പുതിയ മോഡലുകൾ ഇറക്കുന്ന ആപ്പിൾ, 2023ൽ ഐഫോൺ 15 ഉം 2024 സെപ്റ്റംബറിൽ ഐഫോൺ 16 ഉം മാറ്റംവരുത്താതെ തന്നെ ഇറക്കും.

നിയമപരമായി 2025 സെപ്റ്റംബറോടുകൂടി ഇറങ്ങുന്ന ഐഫോൺ 17 മുതലേ ആപ്പിളിന് യു എസ് ബി – സി പോർട്ട് വെക്കേണ്ടതുള്ളൂ. എന്നാൽ അപ്പോഴേക്കും വിറ്റുതീരാത്ത ലൈറ്റ്നിംഗ്- പവേർഡ് ഐഫോൺ 15, 16 മോഡലുകൾ യൂറോപ്പിൽ വിൽക്കാൻ സമ്മതിക്കുമോ എന്ന് സംശയമുയർന്നിരുന്നു. എന്നാൽ ഇവ വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്. അവസാനതീയതിക്കുമുൻപു തന്നെ യു എസ് ബി – സി പോർട്ട് വെക്കുന്ന നിർമ്മാതാക്കൾക്ക് പഴയ പോർട്ട് വെച്ച ഫോണുകൾ വിറ്റ് തീർക്കാമെന്നാണ് പ്രസ് റിലീസിനെ സംബന്ധമാക്കി ദി വെർജ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അത്തരം ഉപകരണങ്ങൾ വിൽക്കാൻ പറ്റില്ല എന്ന് നേരത്തെ ജൂണിൽ വന്ന റിപ്പോർട്ടുകൾക്ക് എതിരാണ് ഇപ്പോൾ വന്ന അറിയിപ്പ്.

അതായത്, ഐഫോൺ 15-ലേക്കോ ഐഫോൺ 16-ലേക്കോ യുഎസ്ബി-സി പോർട്ട് കൊണ്ടുവരേണ്ടതില്ല എന്ന് ചുരുക്കം. നിലവിലെ സാഹചര്യത്തിൽ ഐഫോൺ 17 വരെയുള്ള ഉപകരണങ്ങളിൽ ആപ്പിളിന് യുഎസ്ബി-സി പോർട്ട് വെക്കേണ്ടതില്ല. അതിനാൽ ലൈറ്റ്നിംഗ് പോർട്ടുള്ള ഐഫോൺ 15ലോ ഐഫോൺ 16ലോ ഈ മാറ്റം കൊണ്ടുവരാതെ തന്നെ 2024 ന് ശേഷവും ആപ്പിളിന് വില്പന തുടരാം.

എന്നാൽ റിപോർട്ടുകൾ പ്രകാരം ആപ്പിൾ, ടൈപ്പ് സി പോർട്ടുകൾ ഐഫോണിൽ പരീക്ഷിച്ചു തുടങ്ങിയെന്നും നിർബന്ധമല്ലെങ്കിലും ഐഫോൺ 15 മുതൽ തന്നെ ഇത് പ്രയോഗികമാക്കിയേക്കുമെന്നുമാണ് വിവരം. പ്രശസ്ത ആപ്പിൾ നിരീക്ഷകനായ മിങ്-ചി കുവോയും മാർക്ക് ഗുർമാനും ഇത് ശരിവെയ്ക്കുന്നു. എന്നാൽ ആപ്പിളിന്റെ ഐപാഡ് പ്രൊ മോഡലുകളിൽ ടൈപ്പ്-സി പോർട്ടാണ് ഉപയോഗിക്കുന്നത് അതിനാൽ ആപ്പിളിനെ സംബന്ധിച്ച് തീർത്തും പുതിയ മാറ്റമാണിതെന്ന് പറയാനാവില്ല. എന്നിരുന്നാലും ഐഫോൺ 17ന് മുൻപുള്ള മോഡലുകളിൽ ഈ മാറ്റം വരുത്തണോ എന്നത് ആപ്പിളിന്റെ മാത്രം തീരുമാനമാണ്.

ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?
ഐഫോൺ 15 മുതൽ ആപ്പിൾ ടൈപ്പ് സി പോർട്ടിലേക്ക് മാറ്റുകയാണെങ്കിൽ വാങ്ങുന്നവർ ഇനി പുതിയ ചാർജർ അന്വേഷിച്ചു പോകേണ്ടി വരില്ല. അതുപോലെ ഒരുപാട് ഉപകരണങ്ങളുമായി യാത്ര ചെയുമ്പോൾ ഐഫോണിനായി മാത്രം ഒരു പ്രത്യേക ചാർജർ കൊണ്ട് നടക്കേണ്ട ആവശ്യവുമില്ല.

ഫോണുകൾക്ക് മാത്രമല്ല എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഈ നിയമം ബാധകമാണ്. ടാബ്ലറ്റ്, ഹെഡ്‍ഫോൺസ്, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളായ കീബോർഡ്, മൗസ് എന്നിവയും യൂറോപ്പിൽ യുഎസ്ബി-സി പോർട്ട് ഉപയോഗിക്കും. എന്നാൽ യുഎസ്ബി-സി പോർട്ടിലേക്കു മാറാൻ ഇവയ്ക്കു 2026 വരെ കാലാവധി നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Iphone 15 usb c eu new rules details updates