ഐഫോണ്‍ 14 സീരീസ് ഈ വാരം ആദ്യമാണ് ആപ്പിള്‍ പുറത്തിറക്കിയത്. അമേരിക്കയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 14 സീരീസ് വേരിയന്റുകളുടെ വില ഇന്ത്യയിൽ വളരെ കൂടുതലാണ്. ചൈന, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഐഫോണിന് വില കുറവാണ്.
സിഎൻബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, യുകെ, ജപ്പാൻ, ജർമനി തുടങ്ങി ഇന്ത്യ ഉൾപ്പെടെ ഒന്നിലധികം പ്രധാന വിപണികളിൽ ഐഫോൺ 13 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിൾ ഐഫോൺ 14 സീരീസിന്റെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഐഫോൺ 13, ഐഫോൺ 13 പ്രോ മാക്‌സ് എന്നിവയുടെ വിലയേക്കാൾ 10,000 രൂപ അധികമാണ് കൂട്ടിയിരിക്കുന്നത്.
പ്രധാന വിപണികളിലെ ഐഫോണ്‍ 14 സീരിസിന്റെ വില പരിശോധിക്കാം.

അമേരിക്കയില്‍ നിന്ന് ഐഫോണ്‍ ഇറക്കുമതി ചെയ്യുന്നത് ബുദ്ധിയായിരിക്കുമോ?
നേരത്തെ അമേരിക്കയില്‍ നിന്ന് ഐഫോണ്‍ ഇറക്കുമതി ചെയ്യുന്ന പതിവ് ഇന്ത്യയില്‍ ഉണ്ടായിരുന്നു. വില വ്യത്യാസം തന്നെയാണ് അതിന് പിന്നിലെ കാരണം. എന്നാല്‍ 14 സീരിസ് സ്വന്തമാക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഉചിതമായ തീരുമാനം ആകാനുള്ള സാധ്യത കുറവാണ്.
കാരണം, അമേരിക്കയില്‍ പുറത്തിറക്കുന്ന ഐഫോണുകള്‍ സിം ട്രെ ഇല്ല. അമേരിക്കന്‍ വിപണിയില്‍ സമ്പൂര്‍ണ ഇ സിം എന്ന ആശയത്തിലേക്ക് ആപ്പിള്‍ കടന്നുകഴിഞ്ഞു. ചൈന മെയിന്‍ലാന്‍ഡ്, ഹോങ് കോങ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താല്‍ 14 സീരീസിലെ പ്രധാന സവിശേഷതയായ സാറ്റ്ലൈറ്റ് കണക്ടിവിറ്റി ലഭ്യമാവുകയുമില്ല.
ജിയോ, വൊഡാഫോണ്‍ ഐഡിയ, എയര്‍ട്ടല്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ ഇ സിം നല്‍കുന്നുണ്ട്. അമേരിക്കയില്‍ നിന്ന് ഫോണ്‍ ഇറക്കുമതി ചെയ്താലും ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഇ സിമ്മിന് രാജ്യത്ത് ഇ സിമ്മിന് പ്രചാരണം കുറവായതുകൊണ്ട് തന്നെ ഉപയോക്താക്കളുടെ താത്പര്യം കുറയാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയോ മേടിക്കുകയോ ചെയ്താല്‍ ഇന്ത്യയിലെ വിലയേക്കാള്‍ കുറഞ്ഞ് വിലയ്ക്ക് ലഭിക്കും.
ഐഫോണ്‍ വാങ്ങാന്‍ ശരാശരി ഇന്ത്യക്കാരന്‍ എത്ര ദിവസം ജോലി ചെയ്യണം
ഐഫോണ്‍ ഇന്‍ഡെക്സ് പ്രകാരം ഒരു ശരാശരി ഇന്ത്യക്കാരന്‍ 64.9 ദിവസം ജോലി ചെയ്താല്‍ പുതിയ ഐഫോണ്‍ 14 പ്രൊ വാങ്ങിക്കാം. തുര്‍ക്കി, ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ. സ്വിറ്റ്സര്‍ലണ്ട്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യത്തെ പൗരന്മാര്‍ ശരാശരി 4.6, 5.7, 6.1 ദിവസം യഥാക്രമം ജോലി ചെയ്താല്‍ മതിയാകും.
