ഐഫോണ്‍ 14 സീരീസിലെ പ്രൊ വേരിയന്റുകളിലെ ആകര്‍ഷകമായ സവിശേഷതകളില്‍ ഒന്നാണ് ഡൈനാമിക് ഐലന്‍ഡ്. ഐഫോണ്‍ 14 പ്രോയിലേയും പ്രൊ മാക്സിലേയും നോച്ചിന്റെ ആകൃതി വികസിപ്പിച്ച് കൂടുതല്‍ നോട്ടിഫിക്കേഷന്‍ പോലുള്ളവ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ സവിശേഷതയിലൂടെ ആപ്പിള്‍.
എന്താണ് ഡൈനാമിക് ഐലന്‍ഡ്
നോച്ചിന്റെ ആകൃതി വികസിപ്പിക്കുന്ന സവിശേഷതയാണ് ഡൈനാമിക് ഐലന്‍ഡ്. ഡൈനാമിക് ഐലന്‍ഡിലൂടെ വരുന്ന നോട്ടിഫിക്കേഷന്‍സ്, സന്ദേശങ്ങള്‍ എന്നിവയില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനിലേക്ക് പോകാനും സാധിക്കും.
ഒരു മള്‍ട്ടി ടാസ്കിങ് ഷോട്ട് കട്ട് എന്ന് വേണമെങ്കില്‍ ഡൈനാമിക് ഐലന്‍ഡിനെ വിശേഷിപ്പിക്കാം. മ്യൂസിക്, മാപ്, ഓഡിയോ റെക്കോര്‍ഡിങ്, കോള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഡൈനാമിക് ഐലന്‍ഡിലൂടെ ആക്സസ് ചെയ്യാം. ഐഫോണിന്റെ പുതിയ ട്രുഡെപ്ത് ഫ്രണ്ട് ക്യമറയും ഐആര്‍ സെന്‍സറുകളും ഈ ഭാഗത്താണ് വരുന്നത്.
ഏതൊക്കെ ഫോണിലാണ് ഡൈനാമിക് ഐലന്‍ഡുള്ളത്
ഐഫോണ്‍ 14 പ്രൊയിലും 14 പ്രൊ മാക്സിലും മാത്രമാണ് ഡൈനാമിക് ഐലന്‍ഡ് ലഭ്യമായിട്ടുള്ളത്. ഐഫോൺ 12, ഐഫോൺ 13 സീരീസുകളിലെ നോച്ചുകളിലേക്ക് ഈ സവിശേഷത കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ ആപ്പിള്‍ ഇതിന് തയാറാകാനുള്ള സാധ്യത വിരളമാണ്. പുതിയ സീരീസുകളിലെ ഫോണുകളില്‍ മാത്രം സവിശേഷത നിലനിര്‍ത്താനായിരിക്കും കമ്പനി താത്പര്യപ്പെടുക.
പഞ്ച് ഹോള്‍ മാതൃകയേക്കാള്‍ മികച്ചതാണോ ഡൈനാമിക് ഐലന്‍ഡ്
ഡൈനാമിക് ഐലന്‍ഡ് എന്ന് വിളിക്കുമ്പോഴും പില്‍ ആകൃതിയിലുള്ള നോച്ച് തന്നെയാണിത്. സ്ക്രീനിന്റെ കുറച്ച് ഭാഗം ഇതിനായി ഉപയോഗിക്കുന്നു. സിനിമകള്‍ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴുമെല്ലാം ഇത് അലോസരപ്പെടുത്തിയേക്കാം. ഇത്തരം ബുദ്ധിമുട്ടുകള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് പഞ്ച് ഹോള്‍ മാതൃക സ്വീകരിക്കാവുന്നതാണ്.
കൂടുതല്‍ തവണ ഡൈനാമിക് ഐലന്‍ഡില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യമറകള്‍ക്ക് മങ്ങലേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. ആദ്യ റിവ്യൂകള്‍ പുറത്ത് വന്നാല്‍ നമുക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചേക്കും. കൂടാതെ സ്ക്രീന്റെ ഏറ്റവും മുകളിലായി വരുന്നതിനാല്‍ ഒരു കൈകൊണ്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.