കോവിഡ് മഹാമാരി തുടരുകയും ലോകത്തിന്റെ പല ഭാഗങ്ങളും തിരഞ്ഞെടുപ്പുകൾക്കായി തയ്യാറെടുക്കുകയും ചെയ്യുന്ന ഈ സമയത്ത് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും തടയുക എന്നത് വെല്ലുവിളിയാണ്. എന്നാൽ, അന്താരഷ്ട്ര ഫാക്ട് ചെക്കിങ് ദിനമായ ഇന്ന് വ്യാജ വാർത്തകളെ തടയുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ ദൈനംദിന ഓൺലൈൻ ജീവിതത്തിൽ ഉൾകൊള്ളിക്കാവുന്ന ചില ടിപ്സുകൾ ഗൂഗിൾ പങ്കുവെച്ചിട്ടുണ്ട്.
ചിത്രങ്ങളുടെ പ്രസക്തി പരിശോധിക്കുക
ഓൺലൈൻ ലോകത്ത് ചിത്രങ്ങൾ പ്രധാനപ്പെട്ട ആയുധമാണ്. ദുരുദ്ദേശപൂർവ്വം തെറ്റായ വിവരങ്ങൾ ഉണ്ടാക്കി അയക്കുന്നവർക്കും അത് അറിയാം. ചില ചിത്രങ്ങളെ മുറിച് മറ്റൊന്നാക്കി, അതിന്റെ ആശയത്തെ തന്നെ പൂർണമായി മാറ്റി പ്രചരിപ്പിക്കാൻ സാധിക്കും. എന്തായാലും ഓൺലൈനിൽ നിങ്ങൾ കാണുന്ന ചിത്രങ്ങളുടെ വസ്തുത പരിശോധിക്കാൻ ഗൂഗിളിൽ തന്നെ സാധിക്കും. ഇതിനായി നിങ്ങളുടെ ബ്രൗസറിൽ കാണുന്ന ഒരു ചിത്രം ഓപ്പൺ ചെയ്ത ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് “സെർച്ച് ഗൂഗിൾ ഫോർ ഇമേജ്” എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ആ ചിത്രത്തോട് സാമ്യമുള്ള ചിത്രങ്ങൾ ലഭിക്കുകയും നിങ്ങൾ കണ്ട ചിത്രം ഒരു വ്യാജ ചിത്രമാണോയെന്ന് മനസ്സിലാക്കാനും സാധിക്കും.
Read Also: സാംസങ് ഗാലക്സി എഫ് 02 എസ്, ഗാലക്സി എഫ് 12 ഏപ്രിൽ 5 മുതൽ ഫ്ലിപ്കാർട്ടിൽ; സവിശേഷതകളറിയാം
വ്യത്യസ്ത ഇടങ്ങളിൽ പരിശോധിക്കുക
ഏത് വാർത്തയുടെയും ആധികാരികത പരിശോധിക്കാൻ ഏറ്റവും നല്ലത് വിശ്വാസ യോഗ്യമായാ ഏതെങ്കിലും വാർത്താമാധ്യമങ്ങൾ ആ വാർത്ത നല്കിയിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്. ഇതിനായി ആ വിഷയം ഗൂഗിളിന്റെ സെർച്ചിൽ നൽകി അതിലെ ”ന്യൂസ്” പാനൽ തിരഞ്ഞെടുത്താൽ ആ വിഷയത്തിൽ മറ്റു പ്രധാനപ്പെട്ട വാർത്തകൾ ഉണ്ടെകിൽ അറിയാൻ സാധിക്കും. ഇത് മറ്റു ബ്രൗസറുകളിലൂടെയും നോക്കാം.
ഫാക്ട്-ചെക്കിങ് ടൂൾസ് ഉപയോഗിക്കുക
വിവരങ്ങൾക്കായി ഓൺലൈനിൽ തിരയുമ്പോൾ ഫാക്ട്-ചെക്കിങ് നടത്തുക എന്നത് പ്രധാനമാണ്. വിശ്വാസയോഗ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു വിവരമാണെങ്കിൽ പോലും, അതിന്റെ വസ്തുത നിങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ഗൂഗിളിന്റെ ”ഫാക്ട് ചെക്ക് എക്സ്പ്ലോറർ” പോലുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. വാട്സ്ആപ്പിലൂടെയും മറ്റും ലഭിക്കുന്ന ഫോർവേഡ് മെസ്സേജുകൾ പരിശോധിക്കാനും ഇത് ഉപയോഗപ്പെടുത്താം.
ഗൂഗിൾ എർത്ത് ഉപയോഗിക്കുക
സ്ഥലങ്ങൾ, മാളുകൾ, പ്രതിമകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ പരിശോധിക്കാൻ ഗൂഗിൾ എർത്തിലൂടെ സാധിക്കും. പ്രശസ്ഥമായ സ്ഥലങ്ങൾ, ചിത്രങ്ങൾ, ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കാൻ ഗൂഗിൾ എർത്ത് ഉപയോഗിക്കാവുന്നതാണ്. അതിലെ ചിത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾ ഓൺലൈനിൽ കണ്ടത് തെറ്റായ വിവരമാണോയെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു ഉദാഹരണത്തിന്, ”ഇഫിൽ ടവറിനു സമീപം വലിയ കാൽപാദം കണ്ടു” എന്നൊരു വാർത്തയും അതിനോടൊപ്പം അതിനെ സാധൂകരിക്കുന്ന തരത്തിൽ ഒരു ഭീകരന് ആൾകുരങ്ങ് വലിയ ഒരു ടവറിനു സമീപത്ത് കൂടി പോകുന്ന ചിത്രവും കണ്ടാൽ, ഗൂഗിൾ എർത്ത് ഉപയോഗിച്ച് ഇഫിൽ ടവറിന്റെ ചിത്രം പരിശോധിച്ച് നിങ്ങൾക്ക് അത് വ്യാജവാർത്തയാണോ യഥാർത്ഥ വാർത്തയാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.