ന്യൂഡൽഹി: ഫെയ്സ്ബുക്ക് ഉപയോഗിച്ചവരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിൽ ഫെയ്‌സ്ബുക്കിൽ നിന്ന് കേന്ദ്രസർക്കാർ വിശദീകരണം തേടി. കേംബ്രിഡ്‌ജ് അനലിറ്റിക്കയോ മറ്റാരെങ്കിലുമോ ഇന്ത്യാക്കാരുടെ വിവരങ്ങൾ ചോർത്തിയോയെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം.

നേരത്തെ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണത്തിൽ കേംബ്രിഡ്‌ജ് അനലിറ്റിക്കയ്ക്കും കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു. ശനിയാഴ്ചയ്ക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് കേംബ്രിഡ്‌ജ് അനലിറ്റിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഏപ്രിൽ ഏഴിന് മുൻപ് വിശദീകരണം നൽകണം.

വിവര സാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ ഫെയ്സ്ബുക്കിന് നിരവധി പേർ ഉപഭോക്താക്കളായി ഉളള സാഹചര്യം മുൻനിർത്തിയാണ് നടപടി. വിവരങ്ങൾ സുരക്ഷിതമാക്കി വയ്ക്കുന്നതിന് എന്ത് നടപടിയാണ് ഇതുവരെ കൈക്കൊണ്ടതെന്ന് മന്ത്രാലയം ചോദിച്ചു.

നേരത്തേ സംഭവം വിവാദമായ സാഹചര്യത്തിൽ മുഖ്യ ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായ കോൺഗ്രസിനും സഹായം നൽകിയതായി ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ബിജെപിയും കോൺഗ്രസും പരസ്‌പരം വിമർശിച്ചിരുന്നു. എന്നാൽ ഇരുവരും തങ്ങൾക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്നും വാദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ