ഫോണില്‍ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത് വരുന്ന ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. പ്രീ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ നീക്കം ചെയ്യുക, പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ സുരക്ഷാ നിയമങ്ങൾക്ക് ഒരുങ്ങുകയാണ് കേന്ദ്രമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ നിർദേശങ്ങൾ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കാം. ലോഞ്ചിനൊരുങ്ങുന്ന പുതിയ സ്മാർട്ട്‌ഫോണുകളുടെ പുറത്തിറങ്ങൽ ഇത് വൈകിപ്പിക്കും. സാംസങ്ങ്, ഷവോമി,വിവോ, ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ഫോൺ കമ്പനികൾക്ക് ഇത്തരം പ്രീഇൻസ്റ്റാൾഡ് ആപ്പുകളിലൂടെ ലഭിക്കുന്ന അധിക വരുമാനത്തെയും ഇത് ബാധിക്കാം.
ചാരപ്രവർത്തനത്തിന്റെയും ഉപയോക്താവിന്റെ സ്വകാര്യ ഡേറ്റ ചോരുന്നതിന്റെയും ആശങ്കകൾക്ക് ഇടയിലാണ് ഐടി മന്ത്രാലയം പുതിയ നിയമം കൊണ്ടുവരുന്നത്. “പ്രീഇൻസ്റ്റാൾഡ് ആപ്പുകൾ ആശങ്ക ഉണർത്തുന്ന ഒരു സുരക്ഷാ മേഖലയാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിലൂടെ ചാരപ്രവർത്തനം നടത്തുന്നില്ലെന്നത് ഉറപ്പ് വരുത്തണം, ഇത് രാജ്യസുരക്ഷയുടെ കാര്യമാണ്,” മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൈനീസ് ആപ്പുകള്‍ക്കും ഓൺലൈൻ സേവനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയും കര്‍ശനമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. ടിക്ടോക്ക് ഉൾപ്പെടെയുള്ള 300ല്‍ അധികം ചൈനീസ് ആപ്പുകള്‍ രാജ്യത്ത് ഇതിനകം നിരോധിച്ചു കഴിഞ്ഞു. ആഗോള തലത്തിലും ചൈനീസ് ടെക്ക് ഉല്‍പന്നങ്ങള്‍ക്ക് വലിയ രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
നിലവിൽ ഫോണുകളിൽ അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത തരത്തിലുള്ള ആപ്പുകളാണ് പ്രീഇൻസ്റ്റാളായി വരുന്നത്. ഉദാഹരണത്തിന്, ഷവോമിയിൽ ആപ്പ് സ്റ്റോറായി ഗേറ്റ് ആപ്പ്സ്, സാംസങ്ങിന്റെ പേയ്മെന്റ് ആപ്പായ പേ മിനി, ആപ്പിളിൾ ബ്രൗസറായ സഫാരി എന്നിവ ഫോണിൽ നേരത്തെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതാണ്. പുതിയ നിയമം അനുസരിച്ച് സ്മാര്‍ട്‌ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന എല്ലാ ആപ്പുകളും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം കമ്പനികള്‍ ഒരുക്കേണ്ടിവരും. കൂടാതെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളെല്ലാം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സി അധികാരപ്പെടുത്തുന്ന ഒരു ഏജന്‍സി പരിശോധിക്കുകയും ചെയ്യും.
ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകള്‍ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നതിന് മുൻപുള്ള പരിശോധനയും നടത്തും. ഇന്ത്യയിൽ പുറത്തിറക്കുന്ന ഭൂരിഭാഗം സ്മാർട്ഫോണുകളിലും പ്രീഇൻസ്റ്റാൾ ആപ്പുകൾ ഉണ്ടാകും, അത് സുരക്ഷ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
സ്മാർട് ഫോൺ നിർമ്മാതാക്കൾക്ക് പുതിയ നിയമം നടപ്പിലാക്കാനായി ഒരു വർഷത്തെ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നതെന്നും ഡോക്യുമെന്റിൽ പറയുന്നു.
പുതിയ നീക്കത്തിനെക്കുറിച്ച് ഐടി മന്ത്രാലയമോ സ്മാർട്ഫോൺ കമ്പനികളോ പ്രതികരിച്ചിട്ടില്ല. ചൈനീസ് ഫോണുകളായ ഷവോമി, വിവോ, ഒപ്പോ ഫോണുകളാണ് സ്മാർട്ഫോൺ വിപണിയുടെ പകുതിയും ഭരിക്കുന്നത്. സൗത്ത് കൊറിയയുടെ സാംസങ്ങ് 20 ശതമാനം പങ്ക് വഹിക്കുമ്പോൾ, ആപ്പിളിന്റെ വിപണി വിഹിതം മൂന്ന് ശതമാനമാണ്.
യൂറോപ്യൻ യൂണിയൻ റെഗുലേഷനുകളിലും പ്രീഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കാൻ അനുവാദം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിലുള്ളതുപോലെ സ്ക്രീനിങ്ങ് മെക്കാനിസം അതിൽ ഇല്ല. ചില പ്രീഇൻസ്റ്റാൾഡ് ആപ്പുകളിലൊന്നായ ക്യാമറ പ്രധാന്യമുള്ളതാണെന്നും ഒഴിവാക്കേണ്ടതും അല്ലാത്തവയും ഏതൊക്കെയെന്ന് നിയമങ്ങൾ നിലവിൽ വരുന്നതിന് മുൻപ് കേന്ദ്രം തീരുമാനിക്കണമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടുതൽ സമയം പരിശോധനയ്ക്കായി നീക്കി വച്ചാൽ അത് സമയപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ഒരു സ്മാർട്ഫോണും അതിന്റെ പാർട്സും പരിശോധിക്കാനായി സർക്കാർ ഏജൻസിയ്ക്ക് 21 ആഴ്ച സമയമെടുക്കും. ഇത് സ്മാർട്ഫോൺ വിപണിയുടെ വേഗതയെ ബാധിച്ചേക്കാം.