ലോകരാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡേറ്റ കിട്ടുന്നത് ഇന്ത്യയിലെന്ന് പഠനം. ആഗോളതലത്തിൽ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ 0.26 ഡോളറിനാണ് (18.5 രൂപ) 1 ജിബി ഡാറ്റ ലഭിക്കുന്നത്. ആഗോളതലത്തിൽ ശരാശരി 8.53 ഡോളറിനാണ് (600 രൂപ) 1 ജിബി ലഭിക്കുന്നതെന്ന് കേബിൾ ഡോട് കോ ഡോട് യുകെ നടത്തിയ പഠനത്തിൽ വ്യക്തമായി. ഒരു ഡോളറിന് താഴെ 1 ജിബി ഡേറ്റ ലഭിക്കുന്ന മറ്റു രാജ്യങ്ങൾ ശ്രീലങ്ക, മംഗോളിയ, ബംഗ്ലദേശ് എന്നിവയാണ്.

കഴിഞ്ഞ ഒക്ടോബർ 23 മുതൽ നവംബർ 28 വരെയുളള കാലയളവിൽ 230 രാജ്യങ്ങളിൽ പുറത്തിറങ്ങിയ 6,313 മൊബൈൽ ഡാറ്റ പ്ലാനുകൾ താരതമ്യം ചെയ്താണ് കേബിൾ ഡോട് കോ ഡോട് യുകെ പഠനം നടത്തിയത്. ഇന്ത്യയിൽ 57 ഡാറ്റ പ്ലാനുകളാണ് താരതമ്യം ചെയ്തത്. മൊബൈൽ ഡാറ്റ നിരക്ക് കൂടിയ രാജ്യം സിംബാബ്‌വെയാണ്. ഇവിടെ 1 ജിബിക്ക് 75.20 ഡോളറാണ് നൽകേണ്ടത്.

ഇന്ത്യയിൽ 0.02 ഡോളറിന് അഥവാ 1.75 പൈസയ്ക്കാണ് 1 ജിബി ലഭിക്കുക. 1 ജിബിക്ക് ഏറ്റവും കൂടിയ നിരക്ക് 1.40 ഡോളർ അഥവാ 99.9 പൈസയാണെന്ന് പഠനം പറയുന്നു. യുകെയിലും യുഎസ്‌സിലും മൊബൈൽ ഡേറ്റയുടെ ശരാശരി നിരക്ക് 6.66 ഡോളർ, 12.37 ഡോളർ എന്നിങ്ങനെയാണ്.

2016 ലെ റിലയൻസ് ജിയോയുടെ കടന്നുവരവാണ് ഇന്ത്യയിൽ മൊബൈൽ ഡേറ്റ വില കുറച്ചത്. ജിയോ സൗജന്യ വോയിസ് കോളുകൾക്കു പുറമേ കുറഞ്ഞ നിരക്കിൽ ഡാറ്റ സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ജിയോയുടെ കടന്നുവരവോടെ വോഡഫോണും എയർടെല്ലും കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചു.

ടെക്നോളജിയിൽ അറിവുളള യുവാക്കളുടെ വർധനയും ഇന്ത്യയിലെ സ്മാർട്ഫോൺ വിപണിയുടെ വളർച്ചയും ഡാറ്റ കുറഞ്ഞ നിരക്കിലേക്ക് എത്തിക്കുന്നതിന് കാരണമായെന്ന് പഠനം പറയുന്നു. ഇന്ത്യക്കു പുറമേ കിർഗിസ്ഥാൻ, കസക്സ്ഥാൻ, ഉക്രെയിൻ എന്നീ രാജ്യങ്ങളും കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകുന്നുണ്ട്. ചൈനയിൽ 1 ജിബിക്ക് 9.89 ഡോളറാണ് ഈടാക്കുന്നത്. അതേസമയം, ശ്രീലങ്കയിൽ ഇത് 0.87 ഡോളറാണ്. ബംഗ്ലാദേശിൽ 1 ജിബിക്ക് 0.99 ഡോളറും പാക്കിസ്ഥാനിൽ 1.85 ഡോളറുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook