വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ കമ്പനിയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഏകപക്ഷീയമായ മാറ്റങ്ങൾ ന്യായമല്ലെന്നും സ്വീകാര്യമല്ലെന്നും മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ സമീപകാല മാറ്റങ്ങൾ പിൻവലിക്കണമെന്നും സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു.

ആപ്പ് സിഇഒ വില്യം കാഥ്കാർടിന് അയച്ച കത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളതും വാട്സ്ആപ്പിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നുമായ രാജ്യമാണ് ഇന്ത്യയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read More: സ്വകാര്യതാനയം: പ്രതിഷേധങ്ങൾക്കു പിന്നാലെ വാട്‌സാപ് പിന്നോട്ട്, ഫെബ്രുവരി എട്ടിന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല

വാട്ട്‌സ്ആപ്പ് സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങൾ “ഇന്ത്യൻ പൗരന്മാരുടെ തിരഞ്ഞെടുപ്പും സ്വയം തീരുമാനമെടുക്കാനുള്ള അവസരവും സംബന്ധിച്ച പ്രത്യാഘാതങ്ങൾക്ക് കാരണമാവുമെന്ന് ആശങ്കപ്പെടുന്നു,” എന്നും കത്തിൽ പറയുന്നു.

നിർദ്ദിഷ്ട മാറ്റങ്ങൾ പിൻവലിക്കാനും വിവര സ്വകാര്യത, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റാ സുരക്ഷ എന്നിവ സംബന്ധിച്ച നിലപാട് പുനപരിശോധിക്കാനും മന്ത്രാലയം വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. “വാട്ട്‌സ്ആപ്പ് സേവന നിബന്ധനകളിലും സ്വകാര്യതയിലും ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തുന്നത് ന്യായവും സ്വീകാര്യവുമല്ല,” എന്നും മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook