ഇന്നലെ വാട്സ്ആപ്പ് തകരാറുമൂലം ഉപയോക്താക്കൾക്ക് വ്യക്തിപരമായോ ഗ്രൂപ്പിലോ സന്ദേശങ്ങൾ അയക്കാൻ സാധിച്ചിരുന്നില്ല. ദശലക്ഷക്കണക്കിന് പരാതികളാണ് തകരാറുകൾ കണ്ടെത്തുന്ന ആപ്പായ ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്. സമൂഹ മാധ്യമമായ ട്വിറ്ററിലും ഉപയോക്താക്കൾ പരാതി ഉയർത്തിയിരുന്നു. ഇത്തരത്തിൽ കൂടി വരുന്ന വാട്സ്ആപ്പ് തകരാറുകൾ കൊണ്ടുതന്നെ മറ്റു പ്ലാറ്റുഫോമുകളിലേക്ക് ഉപയോക്താക്കൾ മാറുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വാട്സ്ആപ്പ് തകരാറിലായാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന അഞ്ച് ആപ്പുകൾ ഇവയാണ്.
ടെലിഗ്രാം
വാട്സ്ആപ്പിനു പകരക്കാരനെ തിരയുമ്പോൾ ആദ്യം വരുന്ന പേര് ടെലിഗ്രാം തന്നെയാണ്. ഒട്ടനവധി ഫീച്ചറുകളടങ്ങിയ ഒരു കരുത്തൻ ആപ്പാണ് ടെലിഗ്രാം. ഇഷ്ടാനുസരണം ആപ്പിന്റെ രൂപം മാറ്റാം എന്നതിനപ്പുറം ഒരു ലക്ഷം ആളുകളെ വരെ കൂട്ടാൻ പറ്റുന്ന സൂപ്പർ ഗ്രൂപ്സും പബ്ലിക് ചാനൽസും ഒരു സമയപരിധി വച്ച് സ്വയം നശിക്കുന്ന സെൽഫ് ഡിസ്ട്രക്റ്റിങ് മെസേജുകളും ടെലഗ്രാമിന്റെ ഫീച്ചറുകളിൽ ഉൾപ്പെടും. ട്രിപ്പിൾ ലെയർ എൻക്രിപ്ഷൻ ഉപയോഗിക്കുന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും ടെലിഗ്രാം മുന്നിലാണ്.
ഫെയ്സ്ബുക്ക് മെസഞ്ചർ
ഫെയ്സ്ബുക്കിന്റെ സ്വന്തം ചാറ്റ് ആപ്പാണ് മെസഞ്ചർ. ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ലാത്തവർക്കും ഈ മെസഞ്ചർ ഉപയോഗിക്കാമെന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. മെസേജിങ്, ഓഡിയോ കോൾസ്, വീഡിയോ കോൾസ് എന്നീ സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ്. എആർ എഫക്ട്, മെസേജ് എഫക്ട്, സെൽഫി സ്റ്റിക്കർസ് എന്നിങ്ങനെ മെസേജിങ് അനുഭവത്തെ മെച്ചപ്പെടുത്തുന്ന ഫീച്ചറുകളും ഇതിലുണ്ട്.
സിഗ്നൽ
ഒരു നോൺ-പ്രോഫിറ്റ് സംഘടന നിർമിച്ച എല്ലാ പ്ലാറ്റ്ഫോമിലും ഉപയോഗിക്കാൻ കഴിയുന്ന സെൻട്രലൈസ്ഡ് എൻക്രിപ്ഷനുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനമാണ് സിഗ്നൽ. ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്പാണ് സിഗ്നലെന്നും ആളുകൾ വാദിക്കുന്നുണ്ട്. വാട്സ്ആപ്പ്, സ്കൈപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്ന എൻക്രിപ്ഷൻ പ്രോട്ടോക്കോളാണ് സിഗ്നലിന്റെ നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. സ്വകാര്യതയ്ക്ക് എത്രത്തോളം മുൻഗണന നൽകിയിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാം.
ഗൂഗിൾ മെസേജസ്
സ്പാം എസ്എംഎസുകൾ വന്ന് നിറയുന്നത് കാരണം കൂടുതൽ ആളുകളും ഉപയോഗിക്കാൻ മടികാട്ടാറുണ്ടെങ്കിലും ഒരു സാധാരണ ചാറ്റ് ആപ്പായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഗൂഗിൾ മെസേജസ്. റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസിന്റെ (ആർസിഎസ്) വരവോടെ സ്റ്റിക്കറുകളും ചിത്രങ്ങളു൦ അയക്കാൻ സാധിക്കും.
ഐമെസേജ്
നിങ്ങളും നിങ്ങളുടെ കൂട്ടുക്കാരും ആപ്പിൾ ഇക്കോസിസ്റ്റത്തിലാണുള്ളതെങ്കിൽ ഉറപ്പായും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഐമെസേജ്. സിസ്റ്റം ആപ്പായത് കൊണ്ടുതന്നെ തുടരെയുള്ള അപ്ഡേറ്റുകളുണ്ടാകും. അതിലൂടെ പുതിയ ഫീച്ചറുകളും ലഭിക്കും. മറ്റ് ആപ്പിൾ ഉപകരണങ്ങളുമായി മെസേജുകൾ സിങ്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.