മുംബൈ: എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ നെറ്റ്‌വര്‍ക്കുകളില്‍നിന്ന് ഇനി ഫോണ്‍ കോള്‍ റിങ് ചെയ്യുക 25 സെക്കന്‍ഡ് മാത്രം. ഈ 25 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ കോള്‍ കട്ടാകും. നേരത്തെ 35 മുതല്‍ 40 സെക്കന്‍ഡ് വരെയായിരുന്നു ഫോണ്‍ റിങ്ങിങ് സമയം. ഇതാണ് 25 സെക്കന്‍ഡിലേക്ക് വെട്ടിക്കുറച്ചത്.
റിലയൻസ് ജിയോ 20–25 സെക്കൻഡേ റിങ് സമയം നൽകുന്നുള്ളൂവെന്നും ഇത് ഇന്റർ കണക്‌ട് യൂസേജ് ചാർജ് (ഐയുസി) വരുമാനം ഉയർത്താനുള്ള തന്ത്രമാണെന്നും എയർടെലും വോഡഫോൺ ഐഡിയയും ആരോപിച്ചു. ജിയോയുടെ സമയത്തിനൊപ്പം ഇത് എത്തിക്കാൻ വേണ്ടിയാണ് എയർടെലും വോഡഫോൺ-ഐഡിയയും നടപടിയെടുത്തിരിക്കുന്നത്.
Read Also: ‘സുഹൃത്തുക്കളെ, സഖാക്കളെ;’ ലാൽ ജോസ് ചിത്രം നാൽപ്പത്തിയൊന്നിന്റെ ടീസറെത്തി
ഒരു ടെലികോം നെറ്റ്‌വർക്കിലേക്കുള്ള കോളിന്, ആ കോൾ പുറപ്പെടുന്ന നെറ്റ്‌വർക്ക് നൽകേണ്ട ഫീസാണ് ഐയുസി. മിനിറ്റിന് ആറ് പെെസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഐയുസി നിരക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് ജിയോ റിങ് ടെെം 25 സെക്കൻഡായി നേരത്തെ കുറച്ചത്.
ജിയോയിൽനിന്ന് ഐഡിയയിലേക്കുള്ള കോൾ 25 സെക്കൻഡ് കൊണ്ട് കട്ടാകും. ഇതേത്തുടർന്ന് ഐഡിയ ഉപയോക്താവ് ജിയോ നെറ്റ്‌വർക്കിലേക്കു തിരിച്ചുവിളിക്കേണ്ടി വരും. ഇങ്ങനെ ജിയോയ്ക്ക് ഐയുസി ലഭിക്കും. ഇതുപോലെ ഐയുസി ലഭിക്കുന്നതിനുവേണ്ടിയാണ് എയർടെലും വോഡഫോൺ-ഐഡിയയും റിങ് ടെെം 25 സെക്കൻഡായി കുറച്ചത്.