ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പുകളായ ഐഫോണ്‍ എക്സ് (10), ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയാണ് കമ്പനി കഴിഞ്ഞ ദിവസം പ്രൗഢഗംഭീരമായ ചടങ്ങില്‍ പുറത്തിറക്കിയത്. ഇതുവരെ പുറത്തിറക്കിയ മോഡലുകളേക്കാള്‍ മുമ്പിലാണ് മൂന്ന് മോഡലുകളുടേയും ഫീച്ചറുകളും ഒപ്പം വിലയും. ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയ ഫോണുകളില്‍ ഐഫോണ്‍ എക്സിനാണ് ഏറ്റവും കൂടുതല്‍ വില.

999 ഡോളറാണ് അമേരിക്കയില്‍ ഫോണിന്റെ വില. അതായത് രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് ഐഫോണ്‍ എക്സിന്റെ 64 ജിബി പതിപ്പിന് ഏകദേശം 64,000 രൂപയാണ്. 256 ജിബി മോഡലിന് ഏകദേശം 74,000 രൂപയും. എന്നാല്‍ നവംബര്‍ മൂന്നിന് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമ്പോള്‍ 89,000 രൂപയാണ് പുത്തന്‍ ഫോണിന്റെ 64 ജിബി മോഡലിന് വില. 245 ജിബി മോഡലിന് 10,2000 രൂപയുമാണ് ഇന്ത്യയിലെ വില.

ഹോംങ്കോങിലാണ് ഐഫോണ്‍ എക്സിന് ഏറ്റവും കുറഞ്ഞ വില ഉളളത്. ഇന്ത്യയില്‍ നിന്നും വിമാനത്തില്‍ ഹോംങ്കോങിലേക്ക് പോയി ഐഫോണ്‍ വാങ്ങി തിരിച്ച് വന്നാലും ലാഭം തന്നെയാകും ഇന്ത്യക്കാരായ നമുക്ക് ഉണ്ടാവുക.

ഇന്ത്യയില്‍ ഐഫോണ്‍ എക്സിന്റെ (256 ജിബി) വില 10,2000 ആവുമ്പോള്‍ ഹോംങ്കോങിലെ വില ഹോംങ്കോങ് ഡോളര്‍ 9,888 ആണ്. അതായത് ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 80,999 രൂപ.കൊച്ചിയില്‍ നിന്നും ഹോംങ്കോങിലേക്ക് വിമാനം ബുക്ക് ചെയ്യുകയാണെങ്കില്‍ ഏകദേശം 15,000 രൂപയാണ് ചെലവ് വരിക. എയര്‍ ഏഷ്യയുടെ ടിക്കറ്റിന് 14,587, 15,567 എന്നിങ്ങനെയാണ് വില . ഹോംങ്കോങിലേക്കും തിരിച്ചുമുളള ടിക്കറ്റിനാണ് ഇത്രയും വില പറഞ്ഞത്.


ടിക്കറ്റിന് 15,000 രൂപ നിരക്കില്‍ ഒന്ന് കണക്കുകൂട്ടി നോക്കാം:
വിമാന ടിക്കറ്റ്: 15,000
ഐഫോണ്‍ എക്സ് 256 ജിബി: 80,999
ഭക്ഷണവും മറ്റ് ചെലവും: 3000 (ഏകദേശം)
ആകെ ചെലവ്: 98,999
ലാഭം: 3001

എന്തായാലും ആരും തന്നെ ഒരു ഐഫോണ്‍ വാങ്ങാനായി ഇന്ത്യയില്‍ നിന്നും ഹോംങ്കോങിലേക്ക് യാത്ര ചെയ്യുമെന്ന് തോന്നുന്നില്ല. ഇപ്പറഞ്ഞ കണക്കുകള്‍ തമാശ പോലെ തോന്നുമെങ്കിലും ഇന്ത്യയില്‍ എത്തുമ്പോള്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ വില എത്രമാത്രം പൊളളുമെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

ഇന്ത്യന്‍ വിപണിയില്‍ നിന്നും കൂടുതല്‍ ലാഭം കൊയ്യാന്‍ വേണ്ടിയാണോ ആപ്പിള്‍ ഇത്തരത്തില്‍ വില കൂട്ടുന്നത്? അതോ നമ്മുടെ ഗവണ്‍മെന്റ് ചുമത്തുന്ന നികുതി ഭാരമാണോ കാരണം? ഇനി ഇന്ത്യയിലെ ഉയര്‍ന്ന വര്‍ഗത്തിന്റെ അന്തസിന്റെ പ്രതീകമായി നിലനില്‍ക്കാന്‍ വേണ്ടിയാണോ വില ഉയര്‍ന്ന് തന്നെ ഇരിക്കുന്നത്? എന്തായാലും ഈ ചോദ്യങ്ങള്‍ക്കൊന്നും തന്നെ നമ്മുടെ കൈയില്‍ ഉത്തരമില്ല. ആപ്പിള്‍ കമ്പനി തന്നെ ഇതിന് ഉത്തരം പറയേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ