ഹൈദരാബാദ്: ബൈക്ക് ഓടിക്കുന്നവരുടെ പ്രധാന ആശങ്കയാണ് ഹെല്‍മറ്റ് ഇട്ട് വണ്ടി ഓടിച്ചാല്‍ മുടി കൊഴിയുമോ എന്നത്. ഏറെ നേരം തലയോട്ടിയില്‍ ചൂടേറ്റ് വിയര്‍ക്കുന്നതാണ് ഇതിനാ കാരണമാകുന്നത്. എന്നാല്‍ തണുപ്പേകുന്ന ഹെല്‍മറ്റ് ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കിലോ? വേനല്‍കാലത്ത് ഏറെ ഉപകാരപ്രദമാകുമെന്ന് നിസംശയം പറയാം. അത്തരത്തിലൊരു ഹെല്‍മറ്റാണ് ഇപ്പോള്‍ വിപണിയില്‍ എത്താന്‍ പോകുന്നത്.

ഹൈദരാബാദില്‍ നിന്നുളള മൂന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരാണ് എയര്‍ കണ്ടീഷന്‍ ഹെല്‍മറ്റ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 22 വയസ് വീതമുളള കൗസ്തുഭ് കൗണ്ടിന്യ, ആനന്ദ് കുമാര്‍, ശ്രീകാന്ത് കൊമ്മൂല എന്നിവരാണ് ഈ ഹെല്‍മറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ബച്ചുപ്പളളി വിഎന്‍ആര്‍ വിജ്ഞാന ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 2016ലാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയത്.

നിലവില്‍ വ്യാവസായിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കായുളള ഹെല്‍മറ്റ് ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനി ബൈക്ക് യാത്രക്കാര്‍ക്ക് വേണ്ട ഹെല്‍മറ്റിന്റെ രൂപമുണ്ടാക്കും. രണ്ട് മണിക്കൂര്‍ ബാറ്ററി ലൈഫ് ഉറപ്പു പറയുന്ന ഹെല്‍മറ്റിന് 5,000 രൂപയും 8 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉളള ഹെല്‍മറ്റിന് 5.500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്.

നിലവില്‍ ഇവരുടെ സ്റ്റാര്‍ട്ട് അപ്പില്‍ നിന്നും ഹെല്‍മറ്റുകള്‍ വാങ്ങാന്‍ നാവികസേനയും ടാറ്റ മോട്ടോര്‍സും കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഏറെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്ന ഹെല്‍മറ്റ് വാണിജ്യാടിസ്ഥാനത്തില്‍ താമസിയാതെ പുറത്തിറങ്ങും. ഇതിന്റെ ഭാഗമായി ഹൈദരാബാദ് ട്രാഫിക് പൊലീസിന് ആദ്യ 20 ഹെല്‍മറ്റുകള്‍ സൗജന്യമായി നല്‍കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ