ഹുവാവേ മേറ്റ് 20നോടൊപ്പം വയർലെസ്സ് ചാർജറും വിപണിയിൽ എത്തിക്കാനൊരുങ്ങി ഹുവാവേ. ചൈനീസ് കമ്പനിയായ ഹുവാവേ, ലണ്ടനിൽ കഴിഞ്ഞ മാസം നടന്ന ചടങ്ങിൽ ഹുവാവേ മേറ്റ് 20, ഹുവാവേ മേറ്റ് 20 പ്രോ എന്നീ ഫോണുകളോടൊപ്പം വയർലെസ്സ് ചാർജറും അവതരിപ്പിച്ചിരുന്നു.
നിലവിൽ ചൈന വിപണിയിൽ മാത്രമാണ് ഹുവാവേ മേറ്റ് ഫോണുകൾ ലഭിക്കുന്നത്. ഹുവാവേ മേറ്റ് ഫോണിന്റെ വിൽപ്പനയെ സംബന്ധിക്കുന്ന വിവരങ്ങൾ നവംബർ മാസത്തിൽ പുറത്ത് വിടുമെന്നാണ് ഹുവാവേ അധികൃതർ പറയുന്നത്.
ഹുവാവേ മേറ്റ് 20നൊപ്പം വയർലെസ്സ് ചാർജറും വിപണിയിലെത്തിക്കുമെന്നും ഹുവാവേ അധികൃതർ പറഞ്ഞു. ഹുവാവേയുടെ 15 വാട്ട് വയർലെസ്സ് ചാർജർ ക്യുഐ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. വയർലെസ്സ് ചാർജിങ് സൗകര്യമുള്ള എല്ലാ ഫോണുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും വയർലെസ്സ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാനാകും.
ഹുവാവേ വയർലെസ്സ് ചാർജറിനൊപ്പം ടൈപ്പ്-സി യുഎസ്ബി കേബിളും ലഭിക്കും. ഇത് ഉപയോഗിച്ച് സാധാരണ രീതിയിലും ചാർജ് ചെയ്യാനാകും. ഹുവാവേ വയർലെസ്സ് ചാർജർ ഉപയോഗിച്ചാൽ 10 മിനിറ്റിൽ 12% ചാർജും, അരമണിക്കൂറിൽ 31% ബാറ്ററി ചാർജ് ചെയ്യാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഹുവാവേ മേറ്റ് 20 6ജിബി റാം 64ജിബി സ്റ്റോറേജ് ഫോണിന് 4299 യുവാനും, ഹുവാവേ മേറ്റ് പ്രോ 6 ജിബി റാം 128 ജിബി സ്റ്റോറേജ് ഫോണിന് 5299 യുവാനും, 8ജിബി റാം 128 ജിബി സ്റ്റോറേജ് ഫോണിന് 5799 യുവാനും, 8 ജിബി റാം 256 ജിബി സ്റ്റോറേജ് ഫോണിന് 6299 യുവാനുമാണ് ചൈനയിലെ വില.
ഹുവാവേ മേറ്റ് സീരീസ് ആമസോൺ വഴി എക്സ്ക്ല്യൂസീവായിട്ട് വിൽക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.