സ്മാർട്ഫോൺ വാങ്ങുമ്പോൾ ആദ്യം പരിഗണിക്കുന്ന ഒന്നാണ് ബാറ്ററി കപ്പാസിറ്റി. ഫോണിന്റെ ഉപയോഗത്തിന് ഏറ്റവും പ്രധാനമായതും മികച്ച ബാറ്ററിയാണ്. മികച്ച ബാറ്ററി ബാക്കപ്പുള്ള അതിവേഗ ചാർജിങ് സംവിധാനമുള്ള ഫോണുകളാണ് ഇന്ന് ഉപഭോക്താക്കൾക്ക് പ്രിയം. എന്നാൽ കാലക്രമേണ ആ ബാറ്ററിയുടെ ശേഷി കുറയുകയും അതിവേഗം ബാറ്ററി ചാർജ് തീരുകയും ചെയ്യും.
ഫോണിന്റെ ആകെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാൻ ബാറ്ററിക്ക് സാധിക്കും. പൊതുവെ ഇത് പ്രോസസറിന്റെ പ്രശ്നമോ റാമിന്റെ കുറവോ ആണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് മഹാഭൂരിപക്ഷവും. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ബാറ്ററി കാലാവധി കഴിഞ്ഞോയെന്ന് ബാറ്ററി തുറന്ന് നോക്കാതെ അറിയാൻ സാധിക്കുമെങ്കിലോ?
Read Also: Samsung Galaxy A52 review: ആകർഷകമായ ഫീച്ചറുകളുള്ള മിഡ് റേഞ്ച് ഫോൺ
എങ്ങനെയാണു ഫോണിന്റെ ബാറ്ററി കാലാവധി കഴിഞ്ഞോ, ബാറ്ററി മാറ്റാറായോയെന്ന് പരിശോധിക്കുന്നതെന്ന് നോക്കാം.
ഐഫോൺ
ഐഫോണുകളിലെ ബാറ്ററിയുടെ ആരോഗ്യം അറിയാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ, സെറ്റിങ്സ്> ബാറ്ററി> ബാറ്ററി ഹെൽത്ത് എന്ന രീതിയിൽ തിരഞ്ഞാൽ ഫോൺ വാങ്ങിയപ്പോഴുള്ള ബാറ്ററി ഹെൽത്തും ഇപ്പോഴത്തെ ബാറ്ററി ഹെൽത്തും കൃത്യമായി അറിയാൻ സാധിക്കും.
സാധാരണ 500 തവണ ചാർജ് ചെയ്ത ബാറ്ററിയുടെ ക്യാപ്‌സിറ്റി യഥാർത്ഥ കപ്പാസിറ്റിയിൽ നിന്ന് കുറഞ്ഞ് 80 ശതമാനത്തിലേക്ക് എത്തും. അങ്ങനെ 80 ശതമാനത്തിൽ എത്തിയാൽ ബാറ്ററി മാറാനാണ് ഐഫോൺ അവരുടെ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്.
ആൻഡ്രോയ്ഡ് ഫോൺ
ആൻഡ്രോയ്ഡ് ഫോണുകളിൽ ബാറ്ററി ഹെൽത്ത് അറിയാൻ ചില ആപ്പുകൾ വഴി സാധിക്കും. “അകുബറ്ററി” ആണ് അതിലൊന്ന്. ഈ ആപ്പുകൾ നിങ്ങളുടെ ബാറ്ററി ഉപയോഗം കണക്കാക്കി ആപ്പിലെ ഫീച്ചറുകൾ ഉപയോഗിച്ച് ബാറ്ററി ലൈഫ് കൂട്ടുകയാണ് ചെയ്യുക.
“ഡിഫെൻഡർ ബാറ്ററി”യാണ് മറ്റൊന്ന്. ഇത് ബാറ്ററിയുടെ ഹെൽത്ത് സ്റ്റാറ്റസ്, ബാറ്ററി പവർ, ടെമ്പറേച്ചർ, കപ്പാസിറ്റി എന്നിവ മനസിലാക്കാൻ സഹായിക്കും. അങ്ങനെ നിങ്ങളുടെ ബാറ്ററി ഹെൽത്ത് കുറവായി കാണുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ ഫോൺ അതിന്റെ പരമാവധി ചാർജിങ് ഘട്ടം പിന്നിട്ടുവെന്നാണ്. അങ്ങനെ വരുമ്പോൾ പുതിയൊരു ബാറ്ററി വാങ്ങി ഉപയോഗിക്കുന്നത് ഫോണിന്റെ പ്രവർത്തനത്തെ വേഗത്തിലാക്കും.