ഡാറ്റ ഇന്ധനമായ ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് പാസ്‌വേഡിനുള്ള പ്രധാന്യം ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. മെയില്‍, സോഷ്യല്‍ മീഡിയ, തുടങ്ങിയ എല്ലാ ഡിജിറ്റല്‍ സേവനങ്ങള്‍ക്കും പാസ് വേര്‍ഡ് ആവശ്യമാണ്. പാസ്‌വേഡിന്റെ ഈ പ്രധാന്യം മനസിലാക്കി കൊണ്ട് ലോകം ഇന്ന്, മെയ് രണ്ടിന്, ലോക പാസ് വേഡ് ദിനമായി ആഘോഷിക്കുന്നത്.

പാസ്‌വേഡിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സ്വകാര്യതയെ കുറിച്ചുമെല്ലാം എത്രമാത്രം ബോധ്യപ്പെടുത്തിയിട്ടും ഇപ്പോഴും 123456789 പോലുളള എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന പാസ്‌വേഡുകള്‍ ഇടുന്നവര്‍ അനവധിയാണ്. നിങ്ങളുടെ പാസ്‌വേഡ് ഇതുപോലെ ഒന്നാണെങ്കില്‍ ഉടനെ അത് മാറ്റുക. അല്ല, എളുപ്പത്തില്‍ പിടികൊടുക്കാത്ത പാസ് വേഡാണെങ്കില്‍ നല്ലത്. എന്നിരുന്നാലും ഫിഷിങ് അറ്റാക്കുകളെ നേരിടേണ്ടി വരുമെന്നത് വാസ്തവമാണ്.

എന്താണ് ഫിഷിങ് അറ്റാക്ക്?

ഒരു വ്യക്തിയുടെ യുസര്‍ നെയിം പാസ്‌വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, തുടങ്ങിയ വിവരങ്ങള്‍ ചോര്‍്ത്താന്‍ ശ്രമിക്കുന്നതിനെയാണ് ഫിഷിങ് അറ്റാക്ക് എന്ന് പറയുന്നത്. മിക്കപ്പോഴും ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനിലൂടെയായിരിക്കും ഈ ചോര്‍ത്തല്‍ നടക്കുക. ഉദാഹരണത്തിന്, ആപ്പിള്‍ ഉപഭോക്താവിന് ആപ്പിളില്‍ നിന്നെന്ന വ്യാജേന നിങ്ങളുടെ പാസ്‌വേഡ് ഉടനെ നല്‍കണമെന്നും ഇല്ലാത്ത പക്ഷം നിങ്ങളുടെ അക്കൗണ്ട് നഷ്ടമാകുമെന്നും മെസേജ് വരുന്നു. പരിഭ്രാന്തരായ വ്യക്തി തന്റെ പാസ്‌വേഡ് അടക്കമുള്ള വിവരങ്ങള്‍ നല്‍കുന്നു. പിന്നീടായിരിക്കും തിരിച്ചറിയുക അത് ഹാക്കിങ് ആയിരുന്നുവെന്നും തന്റെ വിവരങ്ങള്‍ ചോര്‍ന്നപ്പെട്ടെന്നും.

ഇന്റര്‍നെറ്റ് ക്രൈമുകളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ഫിഷിങ്. തനിക്ക് ലഭിക്കുന്ന മെയില്‍ ഒറിജിനലാണോ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാതെ തന്റെ വിവരങ്ങള്‍ നല്‍കുന്നത് പതിവാണ്.

ഫിഷിങില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം ?

ഓര്‍ത്തിരിക്കാനുള്ള എളുപ്പത്തിന് എല്ലാത്തിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവര്‍ അനവധിയാണ്. എന്നാല്‍ ഇത് വളരെ അപകടരമായ ഒരു രീതിയാണ്. ഏതെങ്കിലും ഒരു അക്കൗണ്ടിന്റെ പാസ്‌വേഡ് കണ്ടെത്താന്‍ സാധിച്ചാല്‍ ഹാക്കറിന് അനായാസം മറ്റ് അക്കൗണ്ടുകളിലും ലോഗിന്‍ ചെയ്യാനാകും.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്റെ സഹായം തേടുക. ഹാക്കര്‍മാരില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണിത്. ലോഗിന്‍ ചെയ്യാന്‍ രണ്ടാമതൊരു ഓതന്റിക്ഷേന്‍ വേണ്ടി വരുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ ഹാക്കറിന് പാസ്‌വേഡ് ലഭിക്കുകയാണെങ്കിലും ഒടിപി ലഭിക്കാതെ ലോഗിന്‍ ചെയ്യാനാകില്ല.

ഗൂഗിളിന്റെ ഓണ്‍ ലൈന്‍ സെക്യൂരിറ്റി ചെക്കപ്പിലൂടെയും ഹാക്കിങ് തടയാന്‍ ശ്രമിക്കാം. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സുരക്ഷിതമാക്കി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഗൂഗിള്‍ തന്നെ നല്‍കുന്നതായിരിക്കും.

എല്ലാവരും ഉപയോഗിക്കാന്‍ സാധ്യതയുള്ളതും, വ്യക്തിപരമായ വിവരങ്ങളും പാസ്‌വേഡില്‍ ഉള്‍പ്പെടുത്താതിരിക്കുക. ജന്മദിനം, കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങിയവയൊന്നും പാസ്‌വേഡില്‍ ചേര്‍ക്കരുത്. അല്ലാത്ത പക്ഷം നിങ്ങളെ അറിയുന്നവര്‍ക്ക് പാസ്വേഡ് കണ്ടെത്താന്‍ എളുപ്പമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook