കേരള കോവിഡ് ബ്രിഗേഡിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നൽകി പ്രതിഫലത്തോടെ നിയമിക്കുന്ന ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരുമാണ് കോവിഡ് ബ്രിഗേഡ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. “ആരോഗ്യമേഖലയിലെപ്രവർത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്‌നമായി മുൻപിലുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ എല്ലാം ഉൾപ്പെടെ 13625 പേരെ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്. കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ സന്നദ്ധമാകണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്ന് കോവിഡ് ബ്രിഗേഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈ നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് അഭ്യർഥിക്കുകയാണ്” ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

എന്താണ് കോവിഡ് ബ്രിഗേഡ്?

കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതു ആരോഗ്യ രംഗത്തിന് കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ തുടങ്ങുന്ന സിഎഫ്എൽടിസികൾ, കൊറോണ കെയർ സെന്ററുകൾ എന്നിവയുടെ നടത്തിപ്പിനും അവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വളന്റിയർമാർ ഉൾപ്പടെയുള്ളവരെയും ആവശ്യമാണ്. അതിനാൽ ഇതിലേക്ക് പ്രത്യേക പരിശീലനം നൽകി പ്രതിഫലത്തോടെ നിയമിക്കുന്ന ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരുമാണ് കോവിഡ് ബ്രിഗേഡ്.

ആർക്കൊക്കെ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യാം?

മൂന്ന് വിഭാഗം ആളുകൾക്ക് കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ആദ്യത്തേത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരാണ്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നിഷ്യനുകൾ, ഫർമസിസ്റ്റുകൾ എന്നിവരാണ് ആദ്യത്തേത്.

രണ്ടാമത് ആരോഗ്യ ഇതര മേഖലകളിൽ ഉള്ളവരാണ്. അതായത് എംബിഎ, എംഎസ്ഡബ്ള്യു, എംഎച്എ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർ. ഇവരെ നിയമിക്കുന്നത് കോവിഡ് സെന്ററുകളുടെ നടത്തിപ്പിനും, ഡാറ്റ എൻട്രിക്കും വേണ്ടിയാണ്.

മൂന്നാമത്തെ വിഭാഗത്തിന് വിദ്യാഭ്യാസ യോഗ്യത ഒരു ഘടകമല്ല. പലവിധത്തിലുള്ള സേവനങ്ങളിൽ സഹായിക്കാൻ ഉള്ളവരാണ് ഇവർ.

എങ്ങനെയാണ് കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യേണ്ടത്?

കേരള സർക്കാരിന്റെ കോവിഡ് 19 ജാഗ്രത പോർട്ടൽ വഴിയാണ് കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യേണ്ടത്.

സ്റ്റെപ് 1: നിങ്ങളുടെ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ലഭ്യമായ ബ്രൗസറിൽ കയറി. covid19jagratha.kerala.nic.in എന്ന് സെർച്ച് ചെയ്ത് സർക്കാരിന്റെ കോവിഡ് ജാഗ്രത പോർട്ടലിൽ പ്രവേശിക്കുക.

സ്റ്റെപ് 2: അപ്പോൾ ലഭിക്കുന്ന പേജിൽ താഴെ ലഭിക്കുന്ന ‘കോവിഡ് ബ്രിഗേഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ഫോൺ നമ്പർ നൽകി അപ്പോൾ ലഭിക്കുന്ന ക്യാപ്ച്ച കോഡും നൽകിയ ശേഷം നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്ന ഒറ്റ തവണ പാസ്സ്‌വേർഡ് (OTP) നൽകുക.

സ്റ്റെപ്പ് 3: അടുത്ത പേജിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യതയും, ജോലി സംബന്ധിച്ച വിവരങ്ങളും നൽകി ‘സബ്മിറ്റ്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇത്രയും ചെയ്താൽ നിങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയാകും. അതിനു ശേഷം നിങ്ങളെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആരോഗ്യ വകുപ്പിൽ നിന്ന് നിങ്ങളെ വിളിക്കുന്നതാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: How to register in kerala covid brigade

Next Story
മെസ്സേജുകൾ ഇനി മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാകും; പുതിയ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com