WhatsApp Account Ban Prevention, Check Terms of Service: വാട്ട്സ്ആപ്പിന്റെ പ്രതിമാസ സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം, ഓഗസ്റ്റില്‍ മാത്രം 23 ലക്ഷം ഉപയോക്താക്കളെയാണ് കമ്പനി ബാന്‍ ചെയ്തത്. സ്ഥിരീകരണമില്ലാത്ത വ്യാജമായ സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ നിങ്ങളുടെ അക്കൗണ്ടും ഇത്തരത്തില്‍ ബാന്‍ ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ട്. കമ്പനിയുടെ സേവന നിബന്ധനകള്‍ പാലിക്കാതിരുന്നാലാണ് ഇത്തരം നടപടിയുണ്ടാകുക. അക്കൗണ്ട് ബാന്‍ ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് പരിശോധിക്കാം.
സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുന്‍പ് ചിന്തിക്കുക
ഫോർവേഡ് ചെയ്ത സന്ദേശങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. സന്ദേശങ്ങൾ പലതവണ ഫോർവേഡ് ചെയ്യുപ്പെട്ടാല്‍ അത് ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയും. അതിനാല്‍ തന്നെ നിശ്ചിത തവണയില്‍ കൂടുതല്‍ ഒരു സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യാനും കഴിയില്ല. നിങ്ങൾക്ക് ലഭിച്ച സന്ദേശം ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് ഫോർവേഡ് ചെയ്യുന്നത് ഒഴിവാക്കുക. സന്ദേശത്തിന് മുകളിൽ ‘പലതവണ ഫോർവേഡ് ചെയ്‌തു’ എന്ന ടാഗ് ഉണ്ടെങ്കിൽ, ഇത് നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ബ്രോഡ്കാസ്റ്റിങ് രീതി അമിതമായി ഉപയോഗിക്കരുത്
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സേവ് ചെയ്തവര്‍ക്ക് മാത്രമായിരിക്കും ബ്രോഡ്കാസ്റ്റ് വഴി അയക്കുന്ന സന്ദേശങ്ങള്‍ ലഭ്യമാകുക. നിങ്ങള്‍ തുടര്‍ച്ചയായി ബ്രോഡ്കാസ്റ്റ് സംവിധാനം വഴി സന്ദേശങ്ങള്‍ അയച്ചാല്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു.
പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയും പെരുമാറുക
നിങ്ങള്‍ ഒരാളെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കുകയാണെങ്കില്‍ അയാളുടെ അനുവാദം ആദ്യം വാങ്ങുക. ഗ്രൂപ്പിലേക്ക് ചേര്‍ത്തതിന് പിന്നാലെ തന്നെ ഒരാള്‍ ലീവ് ചെയ്യുകയാണെങ്കില്‍ വീണ്ടും ചേര്‍ക്കാതിരിക്കുക. സന്ദേശമയക്കുന്നത് നിർത്താൻ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ, അവരെ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്‌ത് അവർക്ക് സന്ദേശമയയ്‌ക്കുന്നത് നിർത്തുക.
വാട്ട്സ്ആപ്പിന്റെ നിബന്ധനകള്‍ പാലിക്കുക
വാട്ട്‌സ്ആപ്പിന്റെ സേവന നിബന്ധനകൾ നിയമവിരുദ്ധമായ, അപകീർത്തികരമായ, ഭീഷണിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന, അല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളെ പൂര്‍ണമായും നിരോധിക്കുന്നു.
നിങ്ങളുടെ അക്കൗണ്ട് അബദ്ധത്തിൽ നിരോധിച്ചാലെന്ത് ചെയ്യണം
ഒന്നുകിൽ നിങ്ങൾ വാട്ട്സ്ആപ്പിലേക്ക് ഇമെയിൽ ചെയ്യണം അല്ലെങ്കിൽ വാട്ട്സ് ആപ്പിൽ ഒരു റിവ്യൂനായി അഭ്യർത്ഥിക്കേണ്ടതുണ്ട്. റിവ്യൂ അഭ്യർത്ഥന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു ആറക്ക ഒടിപി ലഭിക്കും. ഒടിപി നല്‍കി കഴിഞ്ഞാല്‍ റിവ്യു സബ്മിറ്റ് ചെയ്യാന്‍ സാധിക്കും. വാട്ട്സ്ആപ്പ് പരിശോധിച്ചതിന് ശേഷം പിന്നീട് അറിയിക്കും.