യുണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് (യുപിഐ) ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അത് വാട്ട്സ്ആപ്പിലൂടെയും കഴിയും. വേണ്ടത് മൂന്നോ നാലോ ക്ലിക്കുകള്‍ മാത്രം. സന്ദേശമയക്കുന്ന പോലെ നിസാരമാണ് കാര്യം.
ചാറ്റിലുള്ള രൂപയുടെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങള്‍ക്ക് നേരിട്ടൊ അല്ലെങ്കില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ പണമിടപാടുകള്‍ നടത്താവുന്നതാണ്. നാല് സ്റ്റെപ്പില്‍ വാട്ട്സ്ആപ്പിലൂടെ യുപിഐ വഴി എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് നോക്കാം.
സ്റ്റെപ്പ് 1
യുപിഐയുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിന് ആക്ടീവായ ഒരു ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. നിങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പറായിരിക്കണം വാട്ട്സ്ആപ്പില്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വ്യക്തിയുടെ ചാറ്റ് തുറക്കുക. തുടര്‍ന്ന് പെയ്മെന്റില്‍ (Payment) ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട തുക നല്‍കുക. നെക്സ്റ്റ് ൾNext) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, പിന്നാലെ (Get Started) തിരഞ്ഞെടുക്കുക. പെയ്മെന്റ് ടേംസ് ആന്‍ഡ് പ്രൈവസി പോളിസി (Payments Terms and Privacy Policy) അക്സപ്റ്റ് ചെയ്താല്‍ മാത്രമെ തുടരാന്‍ സാധിക്കു. അത് അക്സെപ്റ്റ് ചെയ്യുക.
പിന്നീട് ലഭിക്കുന്ന ബാങ്കുകളുടെ പട്ടികയില്‍ നിന്ന് നിങ്ങളുടെ ബാങ്ക് ഏതാണോ അത് തിരഞ്ഞെടുക്കുക. എസ്എംഎസ് വഴി സ്ഥിരീകരണം നല്‍കാന്‍ അനുവദിക്കുക. നിങ്ങള്‍ പണമിടപാടുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കു. നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും ചേര്‍ക്കാവുന്നതാണ്.
സ്റ്റെപ്പ് 2
ബാങ്ക് അക്കൗണ്ട് ചേര്‍ത്തു കഴിഞ്ഞാല്‍ കോണ്‍ടാക്ടില്‍ ഉള്ള ആര്‍ക്ക് വേണമെങ്കിലും പണമയക്കാന്‍ കഴിയും. ചാറ്റ് തുറക്കുക, രൂപയുടെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട പണം എത്രയാണോ അത് നല്‍കുക, പിന്നാലെ സെന്‍ഡ് പെയ്മെന്റില്‍ (Send Payment) ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3
നിങ്ങളുടെ യുപിഐ പിന്‍ നല്‍കി പണമിടപാട് സ്ഥിരീകരിക്കുക. നിങ്ങള്‍ യുപിഐ പിന്‍ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന്റെ അവസാനത്തെ ആറ് അക്കങ്ങള്‍ നല്‍കി സ്ഥിരീകരണം നടത്തിയതിന് ശേഷം ചെയ്യാവുന്നതാണ്.
സ്റ്റെപ്പ് 4
പെയ്മെന്റ് സെറ്റിങ്സില്‍ നിന്ന് പണമിടപാട് പൂര്‍ത്തികരിച്ചോ ഇല്ലയോ എന്ന് അറിയാന്‍ കഴിയും.