ഇന്റർനെറ്റ് സംവിധാനമുള്ള ഫോണുകളും ഗ്രൂപ്പ് വീഡിയോ/ഓഡിയോ കോളുകൾ ചെയ്യുന്നതിനുള്ള ആപ്പുകളും സൗകര്യങ്ങളും സുലഭമായ ഈ കാലഘട്ടത്തിൽ കോൺഫറൻസ് കോളുകൾ എന്തിനാണ് എന്ന ചോദ്യമാകും നിങ്ങളുടെ മുന്നിലേക്ക് വന്നിട്ടുണ്ടാവുക. എന്നാൽ എല്ലായിടത്തും ഇന്റർനെറ്റ് സേവനങ്ങൾ നല്ല രീതിയിൽ ലഭിച്ചേക്കണമെന്നില്ല. കണക്ടിവിറ്റി പ്രശ്‍നങ്ങൾ ഇന്റർനെറ്റിലൂടെയുള്ള കോളുകളെ ബാധിച്ചേക്കാം. അത് മാത്രമല്ല ചില തേർഡ് പാർട്ടി ആപ്പുകളുടെ സഹായവും ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഒന്നാണ് കോൺഫറൻസ് കോളുകൾ.
നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ അല്ലെങ്കിൽ ഐഫോണിൽ കോൺഫറൻസ് കോളുകൾ എങ്ങനെ വിളിക്കാമെന്നറിയാം.
ആൻഡ്രോയിഡ് ഫോൺ
നിങ്ങളുടെ ഫോണിൽ കോൾ ഐക്കൺ അമർത്തി സേവ് ചെയ്തിട്ടുള്ള കോൺടാക്ട് നമ്പർ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം നമ്പർ ടൈപ്പ് ചെയ്താണെങ്കിലും കോൾ ചെയ്യാം. കോൾ കണക്റ്റായ ശേഷം സ്‌ക്രീനിൽ നോക്കി അതിലെ ‘+’ ഐക്കൺ എടുത്ത് മറ്റൊരാളെ കൂടി കോളിൽ ചേർക്കാം.
ഇതിനായി വീണ്ടും കോൺടാക്ട് ലിസ്റ്റ് തുറന്നു വരും. അതിൽ നിന്ന് കോളിൽ ചേർക്കാൻ ഉദ്ദേശിക്കുന്ന രണ്ടാമത്തെ ആളെ തിരഞ്ഞെടുക്കാം.
അവർ കോൾ എടുത്ത് കഴിഞ്ഞാൽ, രണ്ട് കോളുകളും നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിൽ കാണിക്കും. രണ്ട് കോളുകളും ഒരുമിച്ച് ഒരു കോൺഫറൻസ് കോളിൽ ചേർക്കാൻ ‘മെർജ്’ (Merge) എന്നതിൽ ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങൾക്ക് രണ്ടുപേരുമായി സംസാരിക്കാനാവും. കൂടുതൽ പേരെ ചേർക്കാൻ ഇതേ രീതി തുടർന്നാൽ മതി. സാധാരണ കോൾ കട്ട് ചെയ്യുന്നത് പോലെ ഈ കോൾ കട്ട് ചെയ്യാനും സാധിക്കും.
ആപ്പിൾ ഐഫോൺ
ആപ്പിളും സമാന രീതിയാണ് പിന്തുടരുന്നത്, അതിൽ നിങ്ങൾക്ക് ആദ്യത്തെ വ്യക്തിയെ വിളിച്ച്, തുടർന്ന് ‘+’ അമർത്തി രണ്ടാമത്തെ ആളെ ചേർക്കാം. കോൾ എടുത്ത് കഴിഞ്ഞാൽ ആൻഡ്രോയിഡിലെ പോലെ മെർജ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും. കൂടുതൽ ആളുകളെ ചേർക്കാനും ഇത് തന്നെ ഉപയോഗിക്കാം.
നോട്ടിഫിക്കേഷൻ പ്രോംപ്റ്റ് അമർത്തിപ്പിടിച്ച് മെർജ് കോൾ ബട്ടൺ ടാപ്പുചെയ്തുകൊണ്ട് ഏത് ഇൻകമിംഗ് കോളുകളും നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. ഓപ്‌ഷനുകളിൽ നിന്ന് ആളുകളുടെ പേരിന് സമീപമുള്ള ‘എൻഡ്’ ടാപ്പുചെയ്‌ത് നിങ്ങൾക്ക് കോളിൽ നിന്ന് ഓരോരുത്തരെ നീക്കം ചെയ്യാനുമാകും.
കോളിൽ പങ്കെടുക്കുന്നയാളുടെ പേരുകൾ കോൾ വിളിച്ചയാൾക്ക് മാത്രമേ കാണാനാവൂ. പക്ഷേ, ഒരു അംഗം കോളിലേക്ക് ആളെ ചേർക്കുകയാണെങ്കിൽ, അവർ ഇപ്പോൾ ചേർത്ത വ്യക്തിയുടെ കോൺഫറൻസ് കോൾ ആയി മാറിയതും കാണാൻ കഴിയും.
ഇനി നിങ്ങളുടെ ഫോണിൽ മെർജ് ഓപ്‌ഷൻ കാണുന്നില്ലെങ്കിൽ അത് നിങ്ങളുടെ സിം കോൺഫറൻസ് കോൾ അനുവദിക്കുന്നില്ലെന്ന് മനസിലാക്കാം. വീഡിയോ കോളിംഗിനായി പുതിയ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുന്നതും ചിലപ്പോൾ ഒരു ബുദ്ധിമുട്ടാണ്, ഇതിനായി ഐഫോണിൽ ഫേസ് ഫോണും, ആൻഡ്രോയിഡിൽ ‘വീഡിയോ കോൾ’ എന്ന ഫീച്ചറും എല്ലാ ഫോണുകളിലും കാണാം. ഇതും കോൺഫറൻസ് കോൾ രീതിയിൽ ഉപയോഗിക്കാം.
Also Read: വാട്ട്സ്ആപ്പില്‍ ഡിലീറ്റാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കണോ? ദാ എളുപ്പ വഴി