പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂണ്‍ 30 വരെ നീട്ടിയതായി കഴിഞ്ഞ ദിവസം ധനകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. ഇതുവരെ ചെയ്യാത്തവർക്ക്, 1,000 രൂപ അടച്ചശേഷം ആധാറും പാനും ബന്ധിപ്പിക്കാവുന്നതാണ്. ലിങ്ക് ചെയ്യാത്തപക്ഷം പാൻ കാർഡ് അസാധുവാക്കുന്നതാണ്. അതിനായി അക്ഷയ സെന്ററുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലൂടെ തന്നെ ആധാറുമായി പാന്‍ കാര്‍ഡ് വേഗത്തില്‍ ലിങ്ക് ചെയ്യാൻ സാധിക്കും.
ലാപ്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍ തുടങ്ങിയവയിലൂടെ ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
ആധാറും പാനും ലിങ്ക് ചെയ്യുന്നതെങ്ങനെ?
ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലിലൂടെ നിങ്ങളുടെ പാന്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യാൻ സാധിക്കും. incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലിങ്കിങ്ങ് നടത്തുന്നത്. വെബ്സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യാൻ സാധിക്കുന്നിലെങ്കിൽ, പുതിയ അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐഡി നിങ്ങളുടെ പാന്‍ നമ്പറാണ്. utiitsl.com അല്ലെങ്കില്‍ egov-nsdl.co.in തുടങ്ങിയ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴിയും ആധാറും പാനും ലിങ്ക് ചെയ്യാവുന്നതാണ്.
വെബ്സൈറ്റിൽ തുറന്നാൽ, link your PAN with Aadhaar (നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യുക) എന്നുള്ള ഒരു പോപ്പ് അപ്പ് മെസേജ് കാണാൻ സാധിക്കും. ഇല്ലെങ്കിൽ പ്രൊഫൈല്‍ സെറ്റിംഗ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 20 ശതമാനം പാന്‍ ഉപയോക്താക്കളും ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.
നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക. അതിനുശേഷം എല്ലാ വിശദാംശങ്ങളും പരിശോധിച്ച്, ‘ആധാര്‍ ടു ലിങ്ക്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലിങ്കിങ്ങിനിടെ സെർവർ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. കാരണം ധാരാളം ആളുകൾ ആധാറും പാനും ലിങ്ക് ചെയ്യാനായി വെബ്സൈറ്റ് ഉപയോഗിക്കുന്നതിനാലാണിത്. സെർവർ പ്രശ്നങ്ങൾ നേരിട്ടാൽ അൽപ്പസമയത്തിനുശേഷം വീണ്ടും ശ്രമിച്ചു നോക്കാവുന്നതാണ്.
അതേസമയം, എല്ലാവരും പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടാത്ത വിഭാഗങ്ങൾ ഇവയാണ്
- ആദായനികുതി നിയമം അനുസരിച്ച് പ്രവാസികൾ
- 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ
- ഇന്ത്യൻ പൗരനല്ലാത്തവർ
ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?
ഒരു വ്യക്തി തന്റെ ആധാറും പാൻകാർഡും ബന്ധിപ്പിക്കാതിരുന്നാൽ, പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ്(സിബിഡിടി) പറയുന്നു. പിന്നീട് പാൻ നമ്പർ ഉപയോഗിക്കാനോ എവിടെയെങ്കിലും രേഖപ്പെടുത്താനോ സാധിക്കില്ല. ഇത്തരത്തിൽ ലിങ്ക് ചെയ്യാത്തവർ, നിയമപരമായി എല്ലാ പരിണിത ഫലങ്ങളും നേരിടേണ്ടി വരികയും ചെയ്യും. അവയിൽ പ്രധാനമാണിത്
- ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല
- പെൻഡിങ്ങായിരിക്കുന്ന റിട്ടേണുകൾ പ്രൊസസ് ചെയ്യില്ല
- പെൻഡിങ് റീഫണ്ടുകൾ, പ്രവർത്തനരഹിതമായ പാൻ നമ്പറുകളിൽ പ്രോസസ് ചെയ്യാൻ കഴിയില്ല
- പാൻ നമ്പർ പ്രവർത്തനരഹിതമാണെങ്കിൽ, ഉയർന്ന നിരക്കിലുള്ള നികുതിയാണ് ഈടാക്കപ്പെടുക
ബാങ്കുകളിലേത് പോലുള്ള മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനു പാൻ ഒരു പ്രധാന കെവൈസി മാനദണ്ഡമായതിനാൽ അവിടെയും ബുദ്ധിമുട്ടുകൾ നേരിടാം.