/indian-express-malayalam/media/media_files/uploads/2019/02/smartphone.jpg)
സ്‌മാർട്ഫോണുകൾ ജീവിതത്തിൽ അത്രത്തോളം വലിയ പ്രാധാന്യം വഹിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ആളുകളുമായി ബന്ധപ്പെടാൻ മാത്രമല്ല എന്റർടെയ്മെന്റ് പ്ലാറ്റ്ഫോം എന്ന നിലയിലും അറിവ് നേടാനുള്ള വഴിയായിട്ടും എന്തിന് ഫോണിലൂടെ ജോലികൾ ചെയ്യുന്നവർ വരെ ഇപ്പോൾ നമ്മുടെ ഇടയിലുണ്ട്. അത്തരത്തിൽ രാപകലില്ലാതെ ഉപകാരപ്പെടുന്ന സ്മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ ചില വഴികൾ നോക്കാം.
ലൊക്കേഷൻ സർവീസസും ബ്ലൂടൂത്തും ഓഫ് ചെയ്യുക
ഏറ്റവും കൂടുതൽ ബാറ്ററി നഷ്ടപ്പെടാനുള്ള ഒരു കാരണം ജിപിഎസ് സംവിധാനമാണ്. ഇത് ഓൺ ചെയ്തിടുന്നത് അതിവേഗം ചാർജ് നഷ്ടപ്പെടാൻ കാരണമാകുന്നു. ഇതോടൊപ്പം ബ്ലൂടൂത്തും ഒരുപാട് ചാർജ് വലിക്കുന്ന സംവിധാനമാണ്. അനാവശ്യമായി ഇത്തരം സംവിധാനങ്ങൾ ഓൺ ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ ഒരുപാട് ബാറ്ററി ചാർജ് വർധിപ്പിക്കാൻ സാധിക്കും.
ഡിസ്‌പ്ലേ ബ്രൈറ്റ്നസ് കുറച്ചിടുക
ഒരു സ്മാർട്ട്‌ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഡിസ്‌പ്ലേ. ഡിസ്‌പ്ലേ ബ്രൈറ്റ്നെസ് ഉപയോഗിക്കാവുന്ന തരത്തിൽ പരമാവധി കുറച്ചിടുന്നതും ബാറ്ററി ലൈഫ് കൂടാൻ സഹായകമാകും.
ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകൾ
മിനിമൈസ് ചെയ്തെങ്കിലും ക്ലോസ് ചെയ്യാത്ത അപ്ലിക്കേഷനുകൾ എല്ലാവരുടെയും ഫോണിൽ കാണും. ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകൾ പ്രൊസസർ സജീവമാക്കി നിർത്തുകയും ബാറ്ററി ലൈഫ് അധികമായി നഷ്ടമാകാൻ ഇടവരുത്തുകയും ചെയ്യും. പ്രൊസസർ ഉപയോഗം കുറയ്ക്കുന്നതിനും ബാറ്ററി ലൈഫ് കൂട്ടുന്നതിനും ഇത്തരം ബാക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകൾ ക്ലോസ് ചെയ്യാൻ ശ്രദ്ധിക്കുക.
ബാറ്ററി സേവർ മോഡ് ഓണാക്കുക
എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കും പവർ സേവിംഗ്സ് മോഡ് ഇല്ല, എന്നാൽ നിങ്ങളുടെ ഫോണിൽ ബാറ്ററി സേവർ ഉണ്ടെങ്കിൽ ഇത് ചാർജ്ജ് നിലനിർത്താൻ സഹായിക്കും. സാംസങ്, സോണി, മോട്ടറോള, എച്ച്ടിസി ഫോണുകളിൽ ഇത് ഉണ്ട്. നിങ്ങളുടെ ബാറ്ററി ചാർജ്ജ് കുറവായിരിക്കുമ്പോൾ ഈ ഓപ്ഷൻ ഓൺ ചെയ്യാം. ചില ഫോണുകളിൽ ബാറ്ററി ഒരു നിശ്ചിത ശതമാനത്തിൽ താഴെയാകുമ്പോൾ ഓട്ടോമാറ്റിക്കായി പവർ സേവിംഗ്സ് മോഡ് ആക്ടീവ് ആകാനുള്ള സെറ്റിങ്സും ലഭ്യമാണ്.
ലൈവ് വാൾപേപ്പറുകൾ ഒഴിവാക്കുക; ഇരുണ്ടത് ഉപയോഗിക്കുക
സ്മാർട്ട്‌ഫോൺ ഡിസ്‌പ്ലേകൾ എൽസിഡി, അമോലെഡ് എന്നിങ്ങനെ പ്രധാനമായും രണ്ട് തരമാണ് ഉള്ളത്. ഡിസ്പ്ലേയിലെ ഓരോ പിക്സലിനെയും പ്രകാശിപ്പിക്കുന്ന ഒരു ബാക്ക്ലൈറ്റിംഗ് സിസ്റ്റമാണ് എൽസിഡി ഉപയോഗിക്കുന്നത്. അമോലെഡ് ഡിസ്പ്ലേകൾക്ക് വേവ്വേറെ കത്തുന്ന പിക്സലുകൾ ഉണ്ട്. നിറങ്ങൾ കാണിക്കാൻ പിക്സലുകൾ പ്രവർത്തിക്കുന്നു. ഡാർക്ക് നിറം കാണിക്കാൻ പിക്സൽ പ്രവർത്തിക്കുന്നില്ല എന്നത് കൊണ്ട് തന്നെ പവർ ലാഭിക്കാം. ഡാർക്ക് വാൾപേപ്പറുകൾ ചാർജ് സംരക്ഷിക്കാൻ സഹായിക്കുന്നത് ഇങ്ങനെയാണ്. ഇതോടൊപ്പം ലൈവ് വാൾപേപ്പറുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.