ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചിരുന്നു. പ്രൊഫൈല്‍ ചിത്രം മറ്റുള്ളവരില്‍ നിന്ന് മറച്ചു വയ്ക്കാന്‍ സാധിക്കും എന്നതുള്‍പ്പടെയുള്ള പുതിയ ഓപ്ഷനുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന സമയത്ത് വരുന്ന ‘ഓണ്‍ലൈന്‍’ (Online) സ്റ്റാറ്റസിന്റെ കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ വാട്ട്സ്ആപ്പ് പുതിയ സവിശേഷത അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഓഫാക്കിയിടാന്‍ സാധിക്കും. സവിശേഷത ലഭ്യമായി കഴിഞ്ഞാല്‍ നിങ്ങള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന കാര്യം സുഹൃത്തുക്കളോ ബന്ധുക്കളോ അറിയാത്ത വിധമാക്കാന്‍ കഴിയും.

വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുകളില്‍ കാണുന്ന സ്ക്രീന്‍ ഷോട്ടിലേതു പോലെ രണ്ട് ഓപ്ഷനുകളാണുള്ളത്. നിങ്ങളുടെ ലാസ്റ്റ് സീന്‍ (Last Seen) ആര്‍ക്കൊക്കെ കാണാം എന്നതാണ് ആദ്യത്തേത്. മൈ കോണ്‍ടാക്റ്റ്സ് (My Contacts) എന്നത് സെലക്ട് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്ടിലുള്ള എല്ലാവര്‍ക്കും ലാസ്റ്റ് സീന്‍ കാണാന്‍ കഴിയും.
നൊബഡി (Nobody) കൊടുക്കുകയാണെങ്കില്‍ ആര്‍ക്കും ലാസ്റ്റ് സീന്‍ കാണാന്‍ സാധിക്കില്ല. അടുത്തതായുള്ളത് നിങ്ങള്‍ ഓണ്‍ലൈന്‍ ഉള്ളത് ആര്‍ക്കൊക്കെ കാണാം എന്നതാണ്. ഇതില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. ഒന്ന് എവരിവണ്‍ (Everyone). മറ്റൊന്ന് സെയിം ആസ് ലാസ്റ്റ് സീന്‍ (Same as last seen).
എവരിവണ്‍ കൊടുത്താല്‍ എല്ലാവര്‍ക്കും നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ ലാസ്റ്റ് സീന്‍ കാണുന്നവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ സ്റ്റാറ്റസും ലഭ്യമാകും. ലാസ്റ്റ് ആര്‍ക്കൊക്കെ കാണാം എന്ന് നിങ്ങള്‍ തിരഞ്ഞെടുക്കന്നതിന് അടിസ്ഥാനമാക്കിയായിരിക്കും ഇത്.