പുതിയ ഇമോജികളുമായി ആപ്പിള്‍ രംഗത്ത്. യൂണികോഡ് 10 ല്‍ അധിഷ്ടിതമായി നിര്‍മ്മിച്ച പുതിയ ഇമോജികള്‍ ഐഓഎസ് 11.1 ല്‍ ആണ് ഉള്‍പ്പെടുത്തുന്നത്. സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍, വിവിധ വസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, എന്നിവ ഉള്‍പ്പെടെ വിവിധ ഇമോജികളാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കോപാകുലമായ മുഖം, ശപിക്കുന്ന മുഖഭാവം, ബ്രൊക്കോളി (ഒരുതരം കോളി ഫ്ളവര്‍), മല കയറുന്ന ആള്‍, ഇരുണ്ട മത്സ്യ കന്യക, മുളളന്‍പന്നി, ആണ്‍ മാലാഖ, ദിനോസര്‍ തുടങ്ങിയവ അടങ്ങിയതാണ് പുതിയ ഇമോജികള്‍.

ഐഓഎസിന്റെ ഡവലപ്പര്‍ ബീറ്റാ പതിപ്പിലും പബ്ലിക്ക് ബീറ്റാ പതിപ്പിലും അടുത്തയാഴ്ച തന്നെ പുതിയ ഇമോജികള്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഐഓഎസ് 11.1, മാക് ഓഎസ് 11.1 , വാച്ച് ഓഎസ് 11.1 പതിപ്പുകള്‍ എന്ന് പുറത്തിറക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

വേള്‍ഡ് ഇമോജി ഡേയില്‍ അവതരിപ്പിച്ച ഹിജാബ് ധരിച്ച സ്ത്രീ, താടിക്കാരന്‍, മുലയൂട്ടുന്ന സ്ത്രീ, സൂംബി, ധ്യാനിക്കുന്നയാള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പടെയുള്ള ഇമോജികളും 11.1 പതിപ്പിനൊപ്പം അവതരിപ്പിക്കുന്നതാണ്.പുതിയ ഇമോജികള്‍ ലഭ്യമാകാന്‍ ആപ്പിള്‍ ബീറ്റ സോഫ്റ്റ്‍വെയര്‍ പ്രോഗ്രാമില്‍ ആദ്യം സൈന്‍ അപ് ചെയ്യണം. ഐഒഎസ് 11.1 പബ്ലിക് ബീറ്റ ലഭ്യമായാല്‍ ആപ്പിള്‍ ബീറ്റ വെബ്സൈറ്റില്‍ ഐഒസ് ടാബില്‍ ക്ലിക്ക് ചെയ്യണം.

ഡൗണ്‍ലോഡ് പ്രൊഫൈലില്‍ കടന്ന് ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് പാസ്കോഡ് അടിച്ച് ആപ്പിളിന്റെ ബീറ്റ എഗ്രിമെന്റ് ക്ലിക്ക് ചെയ്ത് എഗ്രി ചെയ്യുക. തുടര്‍ന്ന് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ പുതിയ ബീറ്റ ഡൗണ്‍ലോഡ് ആകും. തുടര്‍ന്ന് സെറ്റിംഗ്സില്‍ ജനറല്‍ ഓപ്ഷനില്‍ പോയി സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക. പിന്നാലെ പുതിയ ബീറ്റ സെലക്ട് ചെയ്താല്‍ ഐഒഎസ് 11.1 ബീറ്റയിലേക്ക് ഫോണ്‍ മാറപ്പെടും. പുതിയ ഇമോജികളും ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ