സ്മാർട്ട്ഫോൺ ഇല്ലാത്തൊരു ജീവിതം ആളുകൾക്ക് സങ്കൽപിക്കാൻ കഴിയില്ല. ചാർജിനു ഇടുമ്പോൾ പോലും ഫോൺ കയ്യിൽ നിന്നും താഴെ വയ്ക്കാൻ ക്ഷമയില്ലാതെ ചാർജർ കുത്തിയിട്ട് ഫോൺ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അത്രയേറെ ഫോണുമായി കണക്റ്റഡായ മനുഷ്യരെ സംബന്ധിച്ച് സ്മാർട്ട്‌ഫോൺ നഷ്ടമാകുന്നത് ആലോചിക്കാൻ കൂടി സാധിക്കില്ല. കോൾ ചെയ്യാനും എസ്എംഎസ് അയക്കാനും മാത്രം ഉപയോഗിക്കുന്ന വെറുമൊരു ഉപകരണമല്ല ഇന്ന് ഫോണുകൾ, ബാങ്കിംഗ് സേവനങ്ങൾ മുതൽ വ്യക്തിഗതവിവരങ്ങൾ വരെ ഫോണിൽ സേവ് ചെയ്ത് വെയ്ക്കുന്നവരാണ് ഏറെയും.
സ്മാർട്ട്‌ഫോണുകൾക്ക് സംരക്ഷണമേകാനായി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഇന്ത്യൻ ഗവൺമെന്റ് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റർ (സിഇഐആർ) എന്ന പേരിൽ ഒരു പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതു പോലെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പറുള്ള ഒരു ഇലക്‌ട്രോണിക് ഉപകരണം നഷ്ടമായാൽ ഈ വെബ്സൈറ്റിലൂടെ വേഗത്തിൽ പരാതി നൽകാനാകും.
ഉപയോക്താക്കൾക്ക് മോഷ്ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ മൊബൈൽ ബ്ലോക്ക് ചെയ്യാനും നഷ്ടപ്പെട്ടുപ്പോയ സ്മാർട്ട്ഫോൺ കണ്ടെത്തിയാൽ അത് അൺബ്ലോക്ക് ചെയ്യാനും ഒരു സെക്കൻഡ് ഹാൻഡ് സ്‌മാർട്ട്‌ഫോണിനെകുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താനും സിഇഐആർ വെബ്‌സൈറ്റ് ഉപയോഗിക്കാം.
കെവൈഎം എന്ന സൗജന്യ ആൻഡ്രോയിഡ് – ഐഎഎസ് ആപ്പ് വഴിയും സ്മാർട്ട്ഫോണിന്റെ നിലവിലെ സ്റ്റാറ്റസും വിശദാംശങ്ങൾ അറിയാൻ സാധിക്കും. IMEI നമ്പറിന്റെ സ്റ്റാറ്റസ്, മൊബൈൽ നിർമ്മാതാവിന്റെ പേര്, മോഡൽ നമ്പർ, ഏത് തരത്തിലുള്ള ഉപകരണമാണ് പോലുള്ള വിശദാംശങ്ങൾ ആപ്പ് നൽകുന്നു. ഐഎംഇഐ നമ്പറും (അത് ബില്ലിലും ബോക്സിലും ലഭ്യമാകും, കൂടാതെ *#06# ഡയൽ ചെയ്‌ത് ഫോണിൽനിന്ന് ആക്‌സസ് ചെയ്യാനും കഴിയും) ഒടിപി സ്വീകരിക്കാൻ കഴിയുന്ന ഒരു ഫോൺ നമ്പറുമാണ് ഇതിനായി നിങ്ങളുടെ കൈയിൽ ഉണ്ടാവേണ്ടത്.
ഫോൺ നഷ്ടപ്പെട്ടത് എങ്ങനെ റിപ്പോർട്ട് ചെയ്യാം?
സിഇഐആർ സേവനം ഇപ്പോൾ കേന്ദ്ര ഭരണ പ്രദേശങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്. നഷ്‌ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സ്‌മാർട്ട്‌ഫോൺ റിപ്പോർട്ടുചെയ്യുന്നതിനു, ഫോണിലെ സിം കാർഡുകളുടെ മൊബൈൽ നമ്പർ, ഐഇഎംഐ നമ്പർ, മൊബൈൽ ഇൻവോയ്‌സ് തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമാണ്.
അടുത്തുള്ള പൊലീസ് സ്റ്റേഷനിലും നിങ്ങൾ പരാതി നൽകേണ്ടതുണ്ട്. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് സ്മാർട്ട്‌ഫോൺ ഉടമയുടെ വിശദാംശങ്ങൾക്കൊപ്പം പൊലീസ് പരാതിയുടെ ഡിജിറ്റൽ പകർപ്പും ആവശ്യമാണ്. സിഇഐആറിന്റെ വെബ്‌സൈറ്റിൽ ഒരു സ്‌മാർട്ട്‌ഫോൺ ബ്ലോക്ക് ചെയ്യുമ്പോൾ, അത് സെൻട്രൽ ഡാറ്റാബേസിൽ ബ്ലോക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. അത് പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല.
നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയാൽ എങ്ങനെ അൺബ്ലോക്ക് ചെയ്യാം?
മോഷ്ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ മൊബൈൽ നിങ്ങൾക്ക് തിരികെ ലഭിച്ചാൽ അത് സിഇഐആറിലൂടെ തന്നെ അൺബ്ലോക്ക് ചെയ്യാം. റിക്വെസ്റ്റ് ഐഡി, മൊബൈൽ നമ്പർ എന്നിവയും അൺബ്ലോക്ക് ചെയ്യാനുള്ള കാരണവും വ്യക്തമാക്കുന്നതിലൂടെ സിഇഐആറിന്റെ വെബ്‌സൈറ്റ് വഴി ഫോൺ അൺബ്ലോക്ക് ചെയ്യാം. ഫോൺ അൺബ്ലോക്ക് ചെയ്യാതെ, ഉപകരണം ഉപയോഗിക്കാൻ സാധിക്കില്ല.