ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ആർക്കെങ്കിലും പണം കൊടുക്കുമ്പോഴോ സാധനം വാങ്ങുമ്പോഴേ പണം നൽകാനുള്ള എളുപ്പത്തിലുള്ള മാർഗമാണ് ഓൺലൈൻ പേമെന്റ്. ഇന്ന് കൈവശം നെറ്റ് കണക്ഷനുള്ള സ്മാർട് ഫോണുണ്ടെങ്കിൽ ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും പണം കൈമാറ്റം ചെയ്യാം. അതുകൊണ്ട് തന്നെ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുകയാണ്.
ബില്ലുകളും ആളുകൾ ഓൺലൈനായി അടയ്ക്കാൻ തുടങ്ങിയതോടെ ഇടപാടുകൾ ഇങ്ങനെ നടത്തുന്നത് ഭൂരിഭാഗം ആളുകളുടെയും ശീലമായി. പണം കൈവശം കൊണ്ടു നടക്കേണ്ടതില്ലാത്തതിനാൽ പണം പോക്കറ്റടിച്ച് നഷ്ടമാകുക, മോഷണം പോകുക എന്നുള്ള പേടി വേണ്ട. പിന്നെ സമയവും ലാഭമാണ്.
പണം ലഭിച്ചോ എന്നതും അപ്പോൾ തന്നെ അറിയാനും കഴിയും. വളരെ ചെറിയ കടകളിൽവരെ യുപിഐ ഇടപാട് വഴി പണം കൈമാറാൻ സാധിക്കും. കൈയിൽ പണം കൊണ്ടുനടക്കുന്ന ശീലത്തിനും ഇതോടെ മാറ്റമായി. ചിലപ്പോൾ സെർവർ പ്രശ്നങ്ങൾ കാരണം യുപിഐ ഇടപാടുകൾ വഴി പണം അയയ്ക്കാൻ സാധിക്കില്ല എന്നതാണ് പോരായ്മായി പറയാവുന്നത്.
കോവിഡ് കാലത്താണ് ഡിജിറ്റൽ പണമിടപ്പാടുകൾ ഇന്ന് കാണുന്ന വിധത്തിൽ വ്യാപകമായത്. എന്നാൽ ഇതിനൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകളും വ്യാപകമായി. പണം നഷ്ടപ്പെടാൻ പല വഴികൾ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഷോപ്പിങ് പേജുകൾ ഉൾപ്പെടയുള്ള ഓൺലൈൻ ഇടപാടുകൾ വഴി പണം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് പല ആളുകൾക്കും ധാരണയില്ല. ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഓൺലൈനിലൂടെ സാധാരണ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ എന്തൊക്കെയെന്ന് ആദ്യം നോക്കാം. അതിനുശേഷം ആർക്ക്? എങ്ങനെ? പരാതി നൽകണം എന്നറിയാം.
തട്ടിപ്പുകൾ പലവിധം
വ്യത്യസ്തമായ രീതികളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. ഓൺലൈനിലൂടെ പരിചയപ്പെട്ട് പണം തട്ടിക്കുന്ന രീതി മുതൽ അറിയപ്പെടുന്നവരുടെയോ പരിചയക്കാരുടെയോ ഫേക്ക് ഐഡിയുണ്ടാക്കിയും ഒക്കെ വ്യാജന്മാർ തട്ടിപ്പ് നടത്തുന്നു. ബാങ്ക്, ഇൻഷുറൻസ്, ടെലികോം കമ്പനി എന്നിവയുടെ പേരിൽ അവരറിയാതെ കെവൈസി അപ്ഡേഷൻ എന്നിങ്ങനെ പലകാരണങ്ങൾ പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും വ്യക്തി വിവരങ്ങൾ ശേഖരിച്ച് നടത്തുന്ന തട്ടിപ്പ്.
ഔദ്യോഗികമെന്ന് തെറ്റിധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും ഇമെയിലുകളും വഴി ലോഗിൻ വിവരങ്ങൾ തട്ടിയെടുക്കാം, ആപ്പുകൾ വഴിയും തട്ടിപ്പുകൾ നടക്കാറുണ്ട്. ഗൂഗിൾ പേ, ഭീം യുപിഐ, പേയ്ടിഎം പോലെയുള്ള യുപിഐ സേവനങ്ങളിൽ പണം ആവശ്യപ്പെടുന്ന കലക്‌ഷൻ റിക്വസ്റ്റ് അയക്കും.
ഈ റിക്വസ്റ്റ് ലഭിക്കുന്നയാൾക്ക് പണം സ്വീകരിക്കാനുള്ള വഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്യും. ബാങ്കുകളുടെ ഇവാലറ്റുകൾ എന്നിവയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾ എന്ന മട്ടിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്തുള്ള തട്ടിപ്പ്. വലിയ തുക യുപിഐ വഴി നൽകാതെ ഇരിക്കുക.
വമ്പിച്ച ഡിസ്കൗണ്ടുകൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റിലുകളിൽ സാമ്പത്തിക ഉടപാടുകൾ നടത്താതിരിക്കുക. വിൽപനയ്ക്ക് വച്ചിരിക്കുന്നവയുടെ ഏറ്റവും നല്ല ക്വോളിറ്റി പടങ്ങളായിരിക്കും വെബ്സൈറ്റിൽ നൽകുക. എന്നാൽ ഇത് വ്യാജമാകാനുള്ള സാധ്യത ഏറെയാണ്.
ബാങ്കുകൾ, ഇൻഷുറൻസ്, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റിനു സമാനമായ രീതിയിൽ വ്യാജവെബ്സൈറ്റുകൾ തട്ടിപ്പുകാർ നിർമിക്കും. അവയിൽ കസ്റ്റമർ കെയർ നമ്പറായി ഇവരുടെ നമ്പറുകൾ നൽകുകയും യഥാർഥ സൈറ്റെന്ന് കരുതി വിളിക്കുന്നവരെ തട്ടിപ്പിനിരയാകുകയും ചെയ്യും.
ബൈ ആൻഡ് സെൽ വെബ്സൈറ്റുകളിലെ തട്ടിപ്പ്
യൂസ്ഡ് ഫർണിച്ചറുകളുടെയും മറ്റു സാധനങ്ങളുടെയും വെബ്സൈറ്റാണ് തട്ടിപ്പ് നടക്കുന്ന മറ്റൊരു പ്ലാറ്റ്ഫോം. പരസ്യം ചെയ്തിരിക്കുന്നവ വാങ്ങാൻ എന്ന രീതിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വരെ വിളിച്ച് കച്ചവടം ഉറപ്പിക്കും. തുടർന്ന് യുപിഐ ഇടപാട് വഴി പണം നൽകാമെന്നു പറയും. അതിനുശേഷം യുപിഐ ഐഡിയിൽ പണം അയച്ചു നോക്കി എന്നാൽ ഇടപാട് പൂർണമായില്ലെന്ന് പറഞ്ഞ് മറ്റൊരു പെയ്മെന്റ് റിക്വസ്റ്റ് അയച്ചു തരും. അതിൽ തുക എന്റർ ചെയ്യാനാകും പറയുക. അതിൽ തുക എന്റർ ചെയ്താൽ പണം സ്വന്തം അക്കൗണ്ടിൽനിന്നു നഷ്ടമാകും. കലക്‌ഷൻ റിക്വസ്റ്റ് തട്ടിപ്പിന്റെ മറ്റൊരു പതിപ്പാണിത്.
വീട് വാടകയ്ക്ക്
തട്ടിപ്പിന്റെ പുതിയ മുഖമാണ് വാടകയ്ക്ക് വീട് ആവശ്യപ്പെടുന്നത്. വീടിനായി സമീപിക്കുന്നയാൾ ഉന്നതഉദ്യാഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുന്നു. വാടക ഉറപ്പിച്ച് തുക അഡ്വാൻസായി നൽകാമെന്ന് പറയും. അതിനുശേഷം അവർ ലിങ്ക് അയച്ച് അതിൽ തുക എന്റർ ചെയ്യാൻ ആവശ്യപ്പെടും. അതോടെ അത്രയും തുക അക്കൗണ്ടിൽനിന്നു നഷ്ടമാകുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയാറുണ്ട്.
ഓൺലൈനിലെ ഒടിപി തട്ടിപ്പ്
ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും അത് എത്തിക്കാനായി എന്ന ഭാവത്തിൽ ഡെലിവറി ഏജന്റിന്റെ വേഷത്തിൽ നിങ്ങളുടെ വീട്ടിൽ തട്ടിപ്പുകാർ എത്തിയേക്കാം. ഓർഡറിനായി ഫോണിൽ വന്ന ഒടിപി നൽകാൻ ആവശ്യപ്പെടും. ഒടിപി വന്നിട്ടിലെന്നും ഓർഡർ ചെയ്തിട്ടിലെന്നും പറഞ്ഞാൽ എങ്കിൽ ഓർഡർ കാൻസൽ ചെയ്യാം, അതിനായി ഇപ്പോൾ ഫോണിൽ മറ്റൊരു ഒടിപി വരും അത് നൽകാൻ ആവശ്യപ്പെടും. മൊബൈലിൽ വരുന്ന ഒടിപി കൈമാറുന്നതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽവരെ പ്രവേശിക്കാനും അത് കാലിയാക്കാനും കഴിയും. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ധാരണയില്ലാത്തവരെയും പ്രായമായവരെയുമാണ് സാധാരണ ഇക്കൂട്ടർ ലക്ഷ്യമിടുന്നത്.
ഫെയ്സ്ബുക്ക്, ഇൻസ്റ്റ എന്നിവ ഉപയോഗിച്ചുള്ള പണം തട്ടൽ
ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ മറ്റൊരാളുടെ കവർ ഫൊട്ടോയും പ്രൊഫൈൽ ഫൊട്ടോയും ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കും. അതിനുശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർക്ക് പണം ആവശ്യപ്പെട്ടുള്ള മെസേജ് അയക്കും. ആദ്യകാലങ്ങളിൽ പലരും തട്ടിപ്പിൽ വീഴാറുണ്ടായിരുന്നു. എന്നാൽ പ്രധാന തട്ടിപ്പു രീതിയായി ഇത് മാറിയതോടെ സംശയം തോന്നിയാലുടൻ വ്യാജ പ്രൊഫൈൽ റിപ്പോർട്ട് ചെയ്യാറുണ്ട് ഇപ്പോൾ.
പണം ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്?
ഓൺലൈൻ ഇടപാടുകൾ നടത്താൻ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അക്കൗണ്ട് ഹോൾഡറുടെ മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപിയിലൂടെയാണ് ഇടപാട് പുരോഗമിക്കുന്നത്. ചില വ്യാജവെബ്സൈറ്റുകൾ ഇടപാടുകൾ നടത്തുമ്പോൾ ഒടിപി വരാതെ തന്നെ പണം നഷ്ടപ്പെടുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ എല്ലാ ഇന്റനെറ്റ് ബാങ്കിങ് ഇടപാടുകൾക്കും അഡിഷണൽ ഓതന്റിഫിക്കേഷൻ ഫാക്ടറായി (എഎഫ്എ) ഒടിപി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പേയ്മെന്റ് ഗേറ്റ് വേ സംവിധാനങ്ങളും ഇവ ഉപയോഗിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ മറ്റു പല രാജ്യങ്ങളിലും ഈ ഒടിപി സംവിധാനം നിർബന്ധമല്ല.
കാർഡ് നഷ്ടപ്പെട്ട് പോകുന്ന സമയത്താണ് അതിന്റെ അപകടം മനസ്സിലാക്കുന്നത്. വിദേശ വെബ്സൈറ്റിലോ വിദേശ രാജ്യങ്ങളിലോ ഇടപാടുകൾ നടത്താനായി കാർഡ് നമ്പർ, കാർഡിന്റെ കാലാവധി തീയതി, സിവിവി നമ്പർ തുടങ്ങിയവ മതി. എടിഎം മെഷീനിലെ സ്കിമ്മർ വഴിയോ മറ്റേതെങ്കിലും മാർഗത്തിലോ കൈവശപ്പെടുത്തിയ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇടയുണ്ട്.
രാജ്യത്ത് എവിടെ നിന്നും വിദേശത്തുനിന്നുമുള്ള സേവനങ്ങളോ സാധനങ്ങളോ ഓൺലൈനായി വാങ്ങാൻ സാധിക്കും. വിദേശ സൈറ്റുകളിൽ ഒടിപി നിർബന്ധമല്ലാത്തതിനാൽ വളരെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ്/ ബാങ്ക് അക്കൗണ്ടിൽനിന്നോ പണം നഷ്ടമാകുന്നു. രാജ്യത്തിനു അകത്തുള്ള ഇടപാടുകൾക്ക് കാർഡ് ടോക്കണൈസേഷൻ ആർബിഐ കൊണ്ടുവന്നിരുന്നു.
എന്താണ് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ?
ടോക്കണൈസേഷൻ എന്നാൽ കാർഡിന്റെ വിവരങ്ങൾ എല്ലാം കൈമാറുന്നതിനു പകരം ടോക്കണുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളിലൂടെ ഇടപാടുകൾ സാധ്യമാക്കുന്ന മാർഗമാണ്. ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകൾ ജനറേറ്റ് ചെയ്യും. ഒരിക്കൽ ജനറേറ്റ് ചെയ്ത കോഡ് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
ടോക്കണൈസേഷൻ നിർബന്ധമായും ചെയ്യേണ്ടതാണോ? ആവശ്യകത എന്താണ്?
ടോക്കണൈസേഷൻ ചെയ്യണമെന്ന് നിർബന്ധമല്ല. എന്നാൽ സ്ഥിരമായി ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർക്ക് ഇത് ഗുണകരമാണ്. അല്ലാത്തപ്പോൾ ഒരോ തവണയും ഉപയോക്താക്കൾ കാർഡ് വിവരങ്ങൾ നൽകണം. സുരക്ഷയാണ് ടോക്കണൈസേഷൻ മുന്നോട്ടുവെയ്ക്കുന്ന ആശയം.
ഓൺലൈൻ ഇടപാടുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആർബിഐ ടോക്കണൈസേഷൻ നടപ്പാക്കിയത്. ടോക്കണൈസേഷൻ വഴി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ സംരക്ഷിക്കപ്പെടും. ഇതിനു പുറമേ സിവിവി, ഒടിപി സുരക്ഷ തുടരും.
ഓൺലൈൻ പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങൾ
ഒന്നിലധികം അക്കൗണ്ട് ഉള്ളവർ ഓൺലൈൻ ഇടപാടുകൾക്കായി ഒരു അക്കൗണ്ട് മാറ്റിവെയ്ക്കുന്നത് വഴി തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ സാധിക്കും. ഓൺലൈൻ ഇടപാടുകൾക്കായി ഒരു നിശ്ചിത തുക മാത്രം ഇതിൽ സൂക്ഷിക്കുക. തട്ടിപ്പിനിരയായലും നിങ്ങളുടെ നഷ്ടം പരിമിതമായിരിക്കുമല്ലോ?
ഇടപാട് നടത്തുന്ന സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കണം. ഇടപാട് നടത്തുന്നതിനു മുൻപ് സൈറ്റ് ഗ്രീൻ ലോക്ക് ഉണ്ടോയെന്ന് ഉറപ്പിക്കണം. ഗ്രീൻ ലോക്ക് എന്നത് സൈറ്റ് സുരക്ഷിതമാണെന്നതിന്റെ അറിയിപ്പാണ്. സൈറ്റിനെപ്പറ്റി ഓൺലൈനിൽ മറ്റു ഉപഭോക്താക്കൾ നൽകിയ റിവ്യൂ, റേറ്റിങ്ങ് എന്നിവ പരിശോധിച്ചതിനുശേഷം മാത്രം ഇടപാടുകൾ നടത്തുക.
കടകളിൽ കാർഡ് ഉപയോഗത്തിന് നൽകുമ്പോൾ, നമ്മുടെ മുൻപിൽവച്ച് തന്നെ ഇടപാട് നടത്താൻ ശ്രദ്ധിക്കുക. ഷോപ്പിങ് സൈറ്റുകളിലോ മറ്റോ കാർഡ് വിവരങ്ങൾ സേവ് ചെയ്യാതിരിക്കുക.
കാർഡിലെ വൈഫൈയുടെ ലിമിറ്റ് സെറ്റ് ചെയ്ത് സൂക്ഷിക്കുക. ആവശ്യമെങ്കിൽ മാത്രം വൈഫൈ എനേബിൾ ചെയ്യുക. വൈഫൈ എനെബിൾഡ് കാർഡുകൾ കൈമാറതെ തന്നെ ഉപയോഗിക്കാൻ സാധിക്കും.
കാർഡുകളിലെ വൈഫൈ സംവിധാനം എന്താണ്?
കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായ പണമിടപാട് ഉറപ്പുവരുത്താനാണ് ബാങ്കുകൾ കോണ്ടാക്ട്‌ലെസ് പേയ്മെന്റ് കാർഡുകളുടെ വിതരണം സജീവമാക്കിയത്. വൈഫൈ സംവിധാനമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും പേയ്മെന്റ് നടത്താം.
കാർഡ് സ്വൈപ്പിങ് മെഷീനിൽനിന്നു സിഗ്നൽ തിരിച്ചറിയുന്നതിന് ഇത്തരം കാർഡുകളിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. വൈഫൈ സംവിധാനമുള്ള കാർഡ് റീഡർ മെഷീന്റെ 4 സെന്റീമീറ്റർ അടുത്തുനിന്ന് കാർഡ് കാണിക്കുന്നതോടെ പിൻ അടക്കമുളള വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടും. വിവരങ്ങൾ അടിസ്ഥാനമാക്കി പ്രോസസിങ് നടത്തുകയും ചെയ്യാം.
കാർഡ് ഉടമ അല്ലെങ്കിലും ഇത്തരം കാർഡുകൾ ആർക്ക് വേണമെങ്കിലും ഉപയോഗിക്കാനാകും. ഇത്തരം കാർഡുകൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇനി കാർഡ് കൈമാറേണ്ട സ്ഥിതി വന്നാൽ കൺമുന്നിൽനിന്ന് തന്നെ കാർഡ് ഉപയോഗിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ഉപയോഗമനുസരിച്ചുള്ള തുക കാർഡിൽ ലിമിറ്റ് ചെയ്ത് സൂക്ഷിക്കുന്നത് വൻ നഷ്ടങ്ങളിൽനിന്നു രക്ഷിച്ചേക്കാം.
തട്ടിപ്പ് നടന്നാൽ പരാതി നൽകേണ്ടത് എങ്ങനെ?
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ പെട്ട് പണം നഷ്ടപ്പെട്ടവർ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ് ലൈൻ നമ്പറായ 1930ലേക്ക് വിളിച്ച് കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം. അതിലൂടെ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യപ്പെടും. പരാതികൾ പോർട്ടലിൽ അപ്ലോഡ് ചെയ്യും. രാജ്യത്തെ എവിടെ താമസിക്കുന്ന ആളുകൾക്കും സൈബർ കുറ്റകൃത്യത്തിന് ഇരയായൽ 1930ൽ വിളിച്ച് പരാതി നൽകാം. പരാതിയിലെ വിവരങ്ങൾ അനുസരിച്ച് നടപടിയുണ്ടാകും.
റിസർവ് ബാങ്കിന്റെ ഹെൽപ് ലൈൻ നമ്പർ
ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പു നടന്നു പണം നഷ്ടമാകുമ്പോൾ തന്നെ നിങ്ങളുടെ അക്കൗണ്ട് ഏത് ബ്രാഞ്ചിലാണോ ഉടൻ അവിടെ വിവരം അറിയിക്കുക. അതിനുശേഷം ഓൺലൈൻ തട്ടിപ്പുകളുടെ പരാതി നൽകാനായി ആർബിഐ നൽകിയിരിക്കുന്ന 14440ൽ വിളിച്ചു പരാതി നൽകാം.
നിങ്ങളുടെ അശ്രദ്ധ കൊണ്ടു നടന്ന തട്ടിപ്പാണെങ്കിൽ (ഒടിപി, പിൻ നമ്പർ എന്നിവ മറ്റൊരാൾക്ക് നൽകിയത് മൂലം) ബാങ്കിൽ അറിയിക്കുന്നതു വരെയുള്ള നഷ്ടം അക്കൗണ്ട് ഉടമ സഹിക്കേണ്ടി വരും. ഇതിനായി തട്ടിപ്പ് ബാങ്കിനെ അറിയച്ചതിന്റെ അക്നൊളജ്മെന്റ് നമ്പർ വാങ്ങി സൂക്ഷിക്കണം. ബാങ്കിൽ അറിയിച്ച ശേഷവും തട്ടിപ്പ് തുടർന്നാൽ പണം ബാങ്ക് നൽകേണ്ടി വരും.
നൽകേണ്ട വിവരങ്ങൾ എന്തൊക്കെ?
തട്ടിപ്പിനിരയായ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, അവർ ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്, ജില്ല, അവരുടെ അക്കൗണ്ട് ഏത് ബാങ്കിലാണെന്നും എത്ര തുകയാണ് നഷ്ടപ്പെട്ടതെന്നും പറയണം. ഏത് മാർഗത്തിലൂടെയാണ് പണം നഷ്ടമായത്, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ യുപിഎ ഐഡി തുടങ്ങിയവ പരാതിക്കൊപ്പം നൽകണം.
ഇടപാടിന്റെ ട്രാൻസാക്ഷൻ ഐഡി, തട്ടിപ്പ് നടന്ന സാഹചര്യത്തിന്റെ വിവരണവും നൽകണം. തട്ടിപ്പിനിരയായി എന്ന മനസ്സിലാക്കുന്ന സാഹചര്യത്തിൽതന്നെ പരാതി നൽകണം. പരാതി നൽകുന്നതിലെ കാലതാമസം തട്ടിപ്പ് നടത്തിയവരുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് വൈകിപ്പിക്കുന്നു. പണം നഷ്ടപ്പെടുവെന്ന് ബോധ്യമായാൽ എത്രയും പെട്ടെന്ന് പരാതി നൽകണം. കാലതാമസം പണം നഷ്ടപ്പെടുത്തുന്നതിനു ഇടയാക്കുന്നു.
അക്കൗണ്ട് മരവിപ്പിച്ചാലും പണം തിരിച്ചു കിട്ടാൻ ബുദ്ധിമുട്ട്
പല കേസുകളിലും തട്ടിപ്പ് നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വ്യാജമായിരിക്കും. പരാതി ലഭിക്കുമ്പോൾ അതിലെ വിവരങ്ങളിലൂടെ അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ സാധിക്കുമെന്ന് സൈബർ പോലീസ് വിഭാഗം പറയുന്നു. പക്ഷേ അപ്പോഴേക്കും തട്ടിച്ച പണം പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടാകും. ഇത്തരത്തിൽ 21അക്കൗണ്ടുകൾ വരെ പണം അവർ മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ പറയുന്നത്.
ചില കേസുകളിൽ അന്വേഷിച്ച് മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ അവിടെയുള്ള മറ്റാരുടെയെങ്കിലും പേരിൽ അവർ അറിയാതെ എടുത്ത മൊബൈൽ നമ്പറിലൂടെയോ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയായിരിക്കാം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകുക. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിൽ നടക്കുന്ന തട്ടിപ്പിന് അവിടെ നിന്നുള്ള റെക്കോർഡുകൾ ആവശ്യമായി വരും. അതിൽ കാലതാമസം വരാൻ സാധ്യത കൂടുതലാണ്. അത് അന്വേഷണത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.