scorecardresearch

ആൻഡ്രോയ്ഡ് ഫോണിൽ ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം

നിങ്ങളുടെ ഫോൺ നോട്ടിഫിക്കേഷനുകൾകൊണ്ട് നിറയുകയാണെങ്കിൽ അത് പരിഹരിക്കാനുള്ള വഴികൾ

ആൻഡ്രോയ്ഡ് ഫോണിൽ ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം

നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലെ നോട്ടിഫിക്കേഷൻ പാനൽ ധാരാളം നോട്ടിഫിക്കേഷനുകളാൽ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ അവ എങ്ങനെ ആവശ്യമുള്ള നോട്ടിഫിക്കേഷനുകൾക്ക് മാത്രമായി എങ്ങനെ ക്രമീകരിക്കാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവാം. അപ്രസക്തമായ അറിയിപ്പുകൾ പ്രധാനപ്പെട്ട അറിയിപ്പുകൾ നഷ്‌ടപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആൻഡ്രോയ്ഡിൽ ഇത്തരം അനാവശ്യ മെസേജുകൾ ബ്ലോക്ക് ചെയ്യാൻ സൗകര്യമുണ്ട്. എന്നാൽ അതിനെക്കുറിച്ച് വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് അറിവില്ല. ആപ്പ് മൊത്തത്തിൽ അൺഇൻസ്റ്റാൾ ചെയ്യാതെ തന്നെ നിങ്ങൾക്ക് ഒരു ആപ്പിൽ നിന്നുള്ള അനാവശ്യ അറിയിപ്പുകൾ തടയാൻ ആൻഡ്രോയ്ഡ് ഫോണുകളിൽ രഴിയും.

ആപ്പുകളിൽ നിന്നുള്ള അനാവശ്യ അറിയിപ്പുകൾ പൂർണ്ണമായോ അവയിൽ തിരഞ്ഞെടുത്തവയോ എങ്ങനെ തടയാം എന്ന് പരിശോധിക്കാം.

How to block notifications from an app completely– ഒരു ആപ്പിൽ നിന്നുള്ള അറിയിപ്പുകൾ എങ്ങനെ പൂർണ്ണമായും തടയാം

ഘട്ടം 1: ഒരു ആപ്പിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും (അറിയിപ്പുകൾ) പൂർണ്ണമായി തടയുന്നതിന്, ആ ആപ്പിൽ നിന്നുള്ള ഏതെങ്കിലും നോട്ടിഫിക്കേഷനിൽ കുറച്ചു നേരം ടാപ്പ് ചെയ്ത് പിടിക്കുക. അപ്പോൾ ദൃശ്യമാകുന്ന സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സെറ്റിങ്സ് എന്ന് എഴുതിയ നിലയിലോ ഒരു ഗിയർ ഐക്കണിന്റെ രൂപത്തിലോ ആയിരിക്കും ഈ ഓപ്ഷൻ ദൃശ്യമാവുക.

ഘട്ടം 2: സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷൻ സെറ്റിങ്സ് ഓപ്ഷൻ ലഭിക്കും. ഇതിൽ ആപ്പിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനും തടയുന്നതിനായി ഷോ ഓൾ നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ അൺചെക്ക് ചെയ്യുക.

മെസേജ് അയക്കുന്നതിനുള്ള ആപ്പുകൾ പോലെ നിങ്ങൾ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ആപ്പുകൾക്കോ മറ്റ് പ്രധാന ആപ്പുകൾക്കോ ഇത്തരത്തിൽ മുഴുവൻ നോട്ടിഫിക്കേഷനും ഓഫാക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല. അത്തരം സാഹചര്യങ്ങളിൽ ആപ്പുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത നോട്ടിഫിക്കേഷനുകൾ മാത്രം തിരഞ്ഞെടുത്ത് ബ്ലോക്ക് ചെയ്യാം.

How to block notifications from an app selectively– ഒരു ആപ്പിൽ നിന്നുള്ള അറിയിപ്പുകൾ തിരഞ്ഞെടുത്ത് എങ്ങനെ ബ്ലോക്ക് ചെയ്യാം

ചിലപ്പോൾ, ഒരു ആപ്പിൽ നിന്നുള്ള ചില നോട്ടിഫിക്കേഷനുകൾ മാത്രം നിങ്ങൾക്ക് തടയേണ്ടതുണ്ടാവും. പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകൾക്ക് ഇത് ഉപയോഗപ്രദമാകും, അവിടെ പണമിടപാടുകളെക്കുറിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കണം, എന്നാൽ ലോൺ ഓഫറുകളെ കുറിച്ചോ മറ്റോ ഉള്ള നോട്ടിഫിക്കേഷനുകൾ ലഭിക്കേണ്ടതുണ്ടാവുകയുമില്ല. അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം.

ഘട്ടം 1: നിങ്ങൾ ചില നോട്ടിഫിക്കേഷനുകൾ മാത്രം ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പിന്റെ നോട്ടിഫിക്കേഷനിൽ ദീർഘനേരം ക്ലിക്ക് ചെയ്യുക. സെറ്റിങ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷൻ സെറ്റിങ്സ് ഓപ്ഷൻ ലഭിക്കും. ഇതിൽ ആപ്പിൽ നിന്നുള്ള വിവിധ നോട്ടിഫിക്കേഷനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ടാവും. അതിൽ നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നോട്ടിഫിക്കേഷനുകൾ അൺചെക്ക് ചെയ്യുക.

ഉദാഹരണത്തിന്, ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള ‘റിമൈൻഡ് മീ’, ‘ഫ്ലിപ്പ്കാർട്ട് കമ്മ്യൂണിറ്റി’ നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് വേണ്ട എന്നാൽ ഓഫറുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻ വേണം എന്നാണെങ്കിൽ നിങ്ങൾക്ക് അത്തരത്തിൽ ക്രമീകരിക്കാം. ‘റിമൈൻഡ് മീ’, ‘ഫ്ലിപ്പ്കാർട്ട് കമ്മ്യൂണിറ്റി’ എന്നിവ അൺചെക്ക് ചെയ്ത് ഓഫറുകളുടെ നോട്ടിഫിക്കേഷൻ മാത്രം സെലക്ട് ചെയ്ത് വയ്ക്കാം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: How to block unwanted notifications on android expressbasics