പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഹോണറും 5ജി കണക്ടിവിറ്റിയിലേക്ക് ചുവടുമാറുന്നു. 5 ജി കണക്ടിവിറ്റിയോടെയെത്തുന്ന ഹോണറിന്റെ V30, V30 പ്രോ ഫോണുകൾ കമ്പനി അവതരിപ്പിച്ചു. ചൈനയിലെ ബീജിങ്ങിൽ നടന്ന ചടങ്ങിലാണ് കമ്പനി പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
പിന്നിൽ ട്രിപ്പിൾ ക്യാമറ പാക്കേജിൽ എത്തുന്ന ഫോണിന് രണ്ട് സെൽഫി ക്യാമറകളാണുള്ളത്. കിരിൻ 990 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവർത്തനം. 6.57 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ സ്ക്രീൻ ഫുൾഎച്ച്ഡി+ റെസലൂഷനാണ്.
പുതിയ ഫോണുകളിലെ പ്രധാന മാറ്റമായ ഫിംഗർ പ്രിന്റ് സെൻസറിൽ ഹോണറും മാറ്റം വരുത്തിയിരിക്കുന്നു. വശങ്ങളിലാണ് ഫിംഗർ പ്രിന്റ് സെൻസർ കമ്പനി അവതരിപ്പിച്ചരിക്കുന്നത്. പിന്നിൽ 40 MP യുടെ മെയിൻ ക്യാമറയ്ക്ക് പുറമെ 8 MPയുടെയും 2MPയുടെയും ലെൻസുകൾ മികച്ച ഫൊട്ടോ അനുഭവം വാഗ്ദാനം ചെയ്യുന്നു. മുന്നിൽ പഞ്ച് ഹോൾ ക്യാമറ ഡിസൈനിൽ 32MPയുടെയും 8MPയുടെയും രണ്ട് ലെൻസുകളാണുള്ളത്. ഇത് മികച്ച സെൽഫികളെടുക്കാനും ഉപഭോക്താക്കളെ സഹായിക്കും.
ബാറ്ററി പാക്കേജിൽ ചെറിയ വ്യത്യസം ഇരു ഫോണുകളും തമ്മിലുണ്ട്. ഹോണർ V30യുടെ ബാറ്ററി 4200mAh ഉം V30 പ്രോയുടെ ബാറ്ററി 4100mAhമാണ്. 40Wന്രെ ഹോണർ സൂപ്പർ ചാർജാണ് പ്രധാന സവിശേഷത. ഇതിനു പുറമെ V30 പ്രോയിൽ 27W സൂപ്പർ വൈർലെസ് ചാർജിങ്ങും സാധിക്കും.
രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. 6GB റാം, 128GB ഇന്റേണൽ മെമ്മറിയോടെയും 8GB റാം, 128GB ഇന്രേണൽ മെമ്മറിയോടെയുമാണ് V30 എത്തുന്നത്. ഇതിൽനിന്ന് അൽപ്പം കൂടി മികച്ച മെമ്മറിയാണ് V30 പ്രോയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 8GB റാം, 128GB ഇന്റേണൽ മെമ്മറിയ്ക്ക് പുറമെ 8GB റാം, 256GB ഇന്രേണൽ മെമ്മറിയിലുമാണ് V 30 പ്രോ എത്തുന്നത്.