ന്യൂഡല്‍ഹി: തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ‘ഹോണര്‍ 8 പ്രോ’ വാവെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം ചൈനയില്‍ പുറത്തിറക്കിയ ഫോണിന് 29,999 രൂപയാണ് വില. ഫോണ്‍ ആമസോണിലും ലഭ്യമാകും. ജൂലെ 13ന് 12 മണി മുതല്‍ ഫോണിന്റെ തുറന്ന വില്‍പന ആരംഭിക്കും. ജൂലൈ 10 മുതലാണ് ആമസോണില്‍ ഫോണ്‍ ലഭ്യമാകുക.
വില്‍പനയ്ക്ക് വെക്കുന്ന ദിവസം ഇഎംഐ ഇളവും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാക്കുന്നുണ്ട്. വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് മാസത്തേക്ക് 45ജിബി 4ജി ഡാറ്റയും ലഭ്യമാക്കുന്നുണ്ട്. 5.7 ക്യൂഎച്ച്ഡി ഡിസ്‍പ്ലെയാണ് ഫോണിനുളളത്. ഡ്യുവല്‍ ക്യാമറയും കപ്പാസിറ്റി കൂടിയ ബാറ്ററിയുമാണ് ഹോണര്‍ 8 പ്രോയുടെ ഏറ്റവും പ്രധാന പ്രത്യേകതകളായി നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
6 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയടക്കം കിടിലന്‍ ഫീച്ചറുകളുമായാണ് ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. 12 മെഗാ പിക്‌സലിന്റെ രണ്ട് പിന്‍ ക്യാമറകളാണ് ഹോണര്‍ 8 പ്രോയ്ക്കുള്ളത്.
സെല്‍ഫി ക്യാമറ 8 മെഗാപിക്‌സലിന്റേതാണ്. 4000 mAh ന്റെ ബാറ്ററിയാണ് ഹോണര്‍ 8 പ്രോയ്ക്ക് ഊര്‍ജം പകരുക. ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ടില്‍ തയ്യാറാക്കിയ ഹുവായുടെ ഇഎംയുഐ 5.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.